'എന്റെ മകളുടെ മകള്‍' ; മുത്തശ്ശിയായതിന്റെ സന്തോഷം പങ്കുവെച്ച് നീന ഗുപ്ത

കഴിഞ്ഞ ദിവസ്സമാണ് നടിയും ഫാഷന്‍ ഡിസൈനറുമായ മസാബ ഗുപ്തക്കും നടന്‍ സത്യദീപ് മിശ്രയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ മുത്തശ്ശിയായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മുതിർന്ന നടിയും മസാബയുടെ അമ്മയുമായ നീന ഗുപ്ത.
'എന്റെ മകളുടെ മകള്‍' എന്ന അടിക്കുറിപ്പോടെയാണ് നീന ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത പുറത്തു വന്നപ്പോഴും ആശംസകളുമായി 'കൂൾ നാനി' പോസ്റ്റ് പങ്കുവെച്ചിരുന്നു. ശനിയാഴ്ച തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് മസാബ കുഞ്ഞ് പിറന്ന വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. വെള്ളിയാഴ്ചയാണ് മസാബയ്ക്കും സത്യദീപിനും മകള്‍ ജനിച്ചത്.
'എന്റെ കുഞ്ഞുങ്ങള്‍ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഇതിനേക്കാള്‍ സന്തോഷം തരുന്ന വേറെന്ത് കാര്യമാണുള്ളത്.' നീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനൊപ്പം സത്യദീപിന്റേയും മസാബയുടേയും മനോഹരമായൊരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രവും നീന പങ്കുവെച്ചിരുന്നു. നേരത്തെ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയ്‌ക്കൊപ്പം തനിക്ക് ആശംസകള്‍ നേരാനും കായ വറുത്തത് അയച്ചുതരാനും മസാബ ആവശ്യപ്പെട്ടിരുന്നു.
സമൂഹത്തിൽ നിന്നുള്ള കുത്തുവാക്കുൾക്കിടയിലും സിംഗിൾ പാരൻ്റായി അമ്മ തന്നെ ദൈര്യപൂർവ്വം വളർത്തിയതിനെ പറ്റി പലപ്പഴും മസാബ അഭിമുഖങ്ങളിൽ വാചാലയായിട്ടുണ്ട്.
2023 ജനുവരിയിലാണ് മസാബയും സത്യദീപും വിവാഹിതരായത്. ഈ വര്‍ഷം ഏപ്രിലിലാണ് ഇരുവരും അമ്മയും അച്ഛനുമാകാന്‍ പോകുന്ന വാര്‍ത്ത പുറത്തുവിട്ടത്. 'എന്റെ കുട്ടികള്‍ക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു' എന്നാണ് നീന ഗുപ്ത അന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
Content Highlights: neena gupta shares happiness as new granny