'പെൺകുട്ടിയുടെ വിവാഹം പ്രായപൂർത്തിയാകും മുമ്പ്'; സോഷ്യൽ മീഡിയ പ്രചാരണത്തിലെ യാഥാർഥ്യം എന്ത്?

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടിയും കാമുകനായ മുഹമ്മദ് ഫർമാനും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. പ്രണയം വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഇരുവരും തമ്പാനൂർ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായണഗുരുവിന്റെ പ്രതിഷ്ഠയ്ക്ക് മുന്നിൽവെച്ച് ഇരുവരും വിവാഹിതരായി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവർ ഉൾപ്പെടെ വിവാഹത്തിന് എത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും അതിനാൽ വിവാഹം നിയമപരമല്ലെന്നുമുള്ള പ്രചാരണമുണ്ടായത്. സോഷ്യൽ മീഡിയയിലാണ് ഈ വാദം ഉയർന്നത്. മഹാകുംഭമേളയിൽ മാല വിൽക്കാനായി എത്തിയ പെൺകുട്ടി പിന്നീട് വൈറലായപ്പോൾ വാർത്തകളിൽ കാണിച്ച പ്രായമാണ് ഇതിന് തെളിവായി സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയത്. ഇതോടെ ഇരുവരുടേയും വിവാഹത്തെ പിന്തുണച്ചവരിൽ പലരും ആശയക്കുഴപ്പത്തിലായി.
Don’t Miss: സിനിമാ ഓഡിഷനിടെ ആദ്യകൂടിക്കാഴ്ച, ആറ് മാസം നീണ്ട പ്രണയം; മൊണാലിസയുടേയും മുഹമ്മദ് ഫർമാന്റേയും പ്രണയകഥ
എന്നാൽ, സോഷ്യൽ മീഡിയ പ്രചാരണം വസ്തുതാവിരുദ്ധമാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. പൂവാർ പഞ്ചായത്തിൽനിന്ന് പെൺകുട്ടിയ്ക്കും മുഹമ്മദ് ഫർമാനും കെ-സ്മാർട്ട് വഴി ലഭിച്ച വിവാഹ സർട്ടിഫിക്കറ്റിൽ ഇരുവരുടേയും പ്രായവും ജനന തിയ്യതിയും വ്യക്തമായി കാണാം. ഇതുപ്രകാരം 2008 ജനുവരി ഒന്നിനാണ് പെൺകുട്ടി ജനിച്ചത്. അതായത് ഇപ്പോൾ മൊണാലിസയുടെ പ്രായം 18 വയസും രണ്ട് മാസവും. ഇന്ത്യൻ നിയമപ്രകാരം പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസാണെന്നതിനാൽ പെൺകുട്ടിയുടേയും ഫർമാന്റേയും വിവാഹം പൂർണമായും നിയമപരമാണ്.
2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ 11(1) പ്രകാരമാണ് ഇരുവരുടേയും വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാനായി ആരാധനാലയങ്ങളിൽ വിവാഹം നടന്നതിന്റെ സർട്ടിഫിക്കറ്റിന് പുറമെ വധൂവരന്മാരുടെ തിരിച്ചറിയൽ രേഖകളും പ്രായം തെളിയിക്കുന്ന രേഖകളും ഒപ്പം വേണം. ഇവയെല്ലാം പരിശോധിച്ച് സാധുവാണെങ്കിൽ മാത്രമേ കെ-സ്മാർട്ടിൽനിന്ന് വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കൂ.
സോഷ്യൽ മീഡിയ പ്രചാരണം ആരംഭിച്ചതിന് പിന്നാലെ പലരും ഇക്കാര്യം കമന്റുകളിലും മറ്റും ചൂണ്ടിക്കാണിച്ചിരുന്നു. ചിലർ വിവാഹ സർട്ടിഫിക്കറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ ആധികാരികത എങ്ങനെ ഉറപ്പിക്കും എന്ന സംശയം അപ്പോഴും പലർക്കും ഉണ്ടായിരുന്നു. പെൺകുട്ടിയുമായും ഫർമാനുമായും ബന്ധപ്പെട്ടും കെ-സ്മാർട്ട് വെബ്‌സൈറ്റ് വഴിയും വിവാഹസർട്ടിഫിക്കറ്റിന്റെ ആധികാരികത മാതൃഭൂമി ഡോട് കോം ഉറപ്പിച്ചശേഷമാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്.
Content Highlights: Social media rumors claimed that viral star Monalisa Bhosale was underage at the time of her wedding to Muhammad Farman. Fact check contradicts the claim. Official records from K-Smart now confirm she is over eighteen years old. Consequently, the marriage is legally valid under Indian law.