'നിരവധി തവണ അബോര്‍ഷന്‍ സംഭവിച്ചു,ഒടുവില്‍ വാടക ഗര്‍ഭധാരണം സ്വീകരിച്ചു'; കിരണ്‍ റാവു

ആമിര്‍ ഖാനും കിരണ്‍ റാവുവും | Photo: ANI
ആമിര്‍ ഖാനും കിരണ്‍ റാവുവും | Photo: ANI

നിര്‍മാതാവ്, തിരക്കഥാകൃത്ത്, സംവിധായിക എന്നീ നിലകളിലെല്ലാം ബോളിവുഡില്‍ മേല്‍വിലാസമുണ്ടാക്കിയ വ്യക്തിയാണ് കിരണ്‍ റാവു. നടന്‍  ആമിര്‍ ഖാനെ പ്രണയിച്ച് വിവാഹം ചെയ്തതോടെ കിരണ്‍ റാവു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 2005-ലായിരുന്നു ഇരുവരുടേയും വിവാഹം. 16 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഇരുവരും 2021-ല്‍ വഴിപിരിഞ്ഞു. 

ഇപ്പോഴും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ആമിര്‍ ഖാന്റെ ആദ്യ ഭാര്യ റീന ദത്തയുടെ മകള്‍ ഇറാ ഖാന്റെ വിവാഹ ആഘോഷങ്ങളിലെല്ലാം കിരണ്‍ റാവു പങ്കെടുത്തിരുന്നു. ഇരുവര്‍ക്കും ആസാദ് എന്ന് പേരുള്ള ഒരു മകനുമുണ്ട്. വാടക ഗര്‍ഭധാരണം വഴിയാണ് കിരണ്‍ റാവുവും ആമിറും ആസാദിനെ സ്വന്തമാക്കിയത്. ഇപ്പോഴിതാ കുഞ്ഞുണ്ടാകാന്‍ ഈ വഴി സ്വീകരിച്ചതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കിരണ്‍.

ഒരു കുഞ്ഞിന് വേണ്ടി കഠിനമായി പരിശ്രമിച്ചിരുന്നുവെന്നും എന്നാല്‍ എല്ലാ തവണയും അബോര്‍ഷന്‍ സംഭവിക്കുകയായിരുന്നെന്നും കിരണ്‍ പറയുന്നു. 'അഞ്ച് വര്‍ഷത്തിനുള്ളില്‍ എനിക്ക് നിരവധി തവണ അബോര്‍ഷനുണ്ടായി. വ്യക്തിപരവും ആരോഗ്യപരവുമായ പ്രശ്‌നങ്ങളായിരുന്നു കാരണം. ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് വളരേയധികം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷേ ആഗ്രഹം വലുതായിക്കൊണ്ടേയിരുന്നു. അങ്ങനെയാണ് വാടക ഗര്‍ഭധാരണം തെരഞ്ഞെടുത്തത്.' കിരണ്‍ പറയുന്നു.

മകന്‍ ജനിച്ചശേഷം കരിയറില്‍ വന്ന ഇടവേളയെക്കുറിച്ചും കിരണ്‍ മനസുതുറന്നു. 'മകനുവേണ്ടി കരിയര്‍ മാറ്റിവെച്ചതില്‍ പശ്ചാത്താപമില്ല. അവനൊപ്പമുള്ള സമയം ഞാന്‍ നന്നായി ആസ്വദിച്ചിട്ടുണ്ട്. അതെന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ്.' കിരണ്‍ കൂട്ടിച്ചേര്‍ത്തു.
 

Content Highlights: kiran rao reveals she had multiple miscarriages