മുംബൈയിൽ 26/11 ഭീകരാക്രമണം നടക്കുമ്പോൾ ഞങ്ങൾ പാർട്ടിയിൽ ഡാൻസ് ചെയ്യുകയായിരുന്നു -കങ്കണാ റണൗട്ട്

ഉൾക്കിടിലത്തോടെ മാത്രം രാജ്യം ഓർക്കുന്ന ഒന്നാണ് 2008-ൽ മുംബൈയിൽ നടന്ന ഭീകരാക്രമണം. മുംബൈ ഭീകരാക്രമണത്തിലെ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് 'ഭാരത ഭാഗ്യ വിധാതാ'. നടിയും ബിജെപി എംപിയുമായ കങ്കണാ റണൗട്ടാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ഇപ്പോഴിതാ മുംബൈ ഭീകരാക്രമണ സമയത്തെ ഓർമകൾ പങ്കുവെക്കുകയാണ് കങ്കണാ റണൗട്ട്.
മുംബൈയിൽ ഭീകരാക്രമണം നടക്കുന്ന സമയം താൻ ഉൾപ്പെടെയുള്ള ബോളിവുഡ് അഭിനേതാക്കൾ ഒരു പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നുവെന്ന് കങ്കണ പറയുന്നു. നടി ഷഹാനാ ഗോസ്വാമി നടത്തിയ പാർട്ടിയായിരുന്നു അത്. സംവിധായകൻ മഹേഷ് ഭട്ടാണ് ആക്രമണം നടക്കുന്നുവെന്ന വിവരം തങ്ങളെ അറിയിച്ചതെന്നും താരം പറയുന്നു.
Also Read: ഈ സൗന്ദര്യം സിനിമാ പ്രമോഷന് വേണ്ടി ഉപയോഗിക്കൂ എന്ന് കങ്കണ; മറുപടിയുമായി ഗിരിജാ ഓക്ക്
'ഞങ്ങൾ എല്ലാവരും മഹേഷ് ഭട്ട് സാറിനൊപ്പം ജോലി ചെയ്യുകയായിരുന്നു. ഷഹാനാ ഗോസ്വാമിക്ക് യാരി റോഡിൽ ഒരു വീടുണ്ട്. അവർ ഞങ്ങളെയെല്ലാം പാർട്ടിക്ക് ക്ഷണിച്ചു. ഷഹാന, തിരക്കഥാകൃത്ത് ഷഗുഫ്ത തുടങ്ങി എല്ലാവരും ആഘോഷിക്കുകയായിരുന്നു. പെട്ടെന്നാണ് മഹേഷ് ഭട്ട് സാർ അങ്ങോട്ടുവന്നത്. ടിവി ഓൺ ചെയ്യാൻ അദ്ദേഹം പറഞ്ഞു. ആ സമയം ഡാൻസ് ചെയ്യുകയായിരുന്ന ഞങ്ങൾ പെട്ടെന്ന് അത് നിർത്തി ടിവി ഓൺ ചെയ്തു. അപ്പോഴാണ് ഭീകരാക്രമണം നടക്കുന്ന വിവരം അറിഞ്ഞത്.' -കങ്കണാ റണൗട്ട് പറഞ്ഞു.
'പാർട്ടി തുടരണോ അതോ എല്ലാവരും സ്വന്തം വീടുകളിലേക്ക് പോകണോ എന്ന് ഞങ്ങൾ ഷഹാനയോട് ചോദിച്ചു. എന്നാൽ മഹേഷ് ഭട്ട് സാർ എല്ലാവരോടും വീട്ടിനുള്ളിൽ തന്നെ തുടരാനും കാത്തിരിക്കാനും പറഞ്ഞു. ഞങ്ങൾ 25-ഓളം പേർ അവിടെ തുടർന്നു. ഭട്ട് സാർ പറഞ്ഞതുകൊണ്ടാണ് ഭീകരാക്രമണ വാർത്ത ഞങ്ങളോട് പറഞ്ഞത്. അദ്ദേഹം പറഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങൾ അത് അറിയില്ലായിരുന്നു.' -കങ്കണ തുടർന്നു.
Don’t Miss: അക്ഷയ് ഖന്നയോട് ‘ഫ്‌ളർട്ട്’ ചെയ്യാൻ ശ്രമിച്ചു, അദ്ദേഹം അവഗണിച്ചു; വൈറലായി കങ്കണയുടെ പഴയ വീഡിയോ
2008 നവംബർ 26-നാണ് പാകിസ്താനി ഭീകരർ മുംബൈയിലെ വിവിധയിടങ്ങളിൽ ഒരേസമയം ആക്രമണം നടത്തിയത്. റെയിൽവേ സ്റ്റേഷനിലും രണ്ട് ആഡംബര ഹോട്ടലുകളിലും ജ്യൂവിഷ് സെന്ററിലുമായിരുന്നു ആക്രമണം. രാജ്യത്തേക്ക് കടൽ മാർഗം നുഴഞ്ഞുകയറിയാണ് ഭീകരർ ആക്രമണം നടത്തിയത്. 60 മണിക്കൂർ നീണ്ട ആക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. 26/11 ഭീകരാക്രമണത്തിലെ അറിയപ്പെടാത്ത ഹീറോകളായ നഴ്‌സുമാരുടേയും വാർഡ് ബോയ്‌സിന്റേയും കഥയാണ് കങ്കണയുടെ ചിത്രം പറയുന്നത്.
Content Highlights: Actress and MP Kangana Ranaut revealed that she and other Bollywood industry members were dancing at a house party hosted by Shahana Goswami when director Mahesh Bhatt unexpectedly arrived and informed them about the ongoing 26/11 Mumbai terror attacks.