പുതിയ പ്രണയം വെളിപ്പെടുത്തി ജോ ജൊനാസ്; കാമുകിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു

മോഡൽ ടാറ്റിയാന ഗബ്രിയേലുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഗായകൻ ജോ ജൊനാസ്. പ്യൂർട്ടോറിക്കോയിൽ ടാറ്റിയാനയോടൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ ജോ ജൊനാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇരുവരും സെൽഫിക്ക് പോസ് ചെയ്യുന്നതും കടൽതീരത്ത് സൂര്യാസ്തമയം ആസ്വദിക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്.
തന്റെ യുട്യൂബ് വ്‌ളോഗിലും ടാറ്റിയാനയോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന കാര്യമാണ് ജോ ജൊനാസ് പറയുന്നത്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ കഴിഞ്ഞവർഷം തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിരുന്നില്ല.
നടി സോഫി ടേണറാണ് ജോ ജൊനാസിന്റെ മുൻഭാര്യ. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹമോചിതരായത്. ഇരുവർക്കും രണ്ട് പെൺമക്കളുണ്ട്. മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019-ലാണ് ഇരുവരും വിവാഹിതരായത്. ഒരു വർഷത്തിനുശേഷം വില്ല എന്ന് പേരുള്ള മകൾ ജനിച്ചു. 2022-ൽ സോഫി രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകി. ഡെൽഫിൻ എന്നാണ് ഈ മകൾക്ക് പേര് നൽകിയത്. 2023 സെപ്റ്റംബറിൽ തങ്ങൾ വിവാഹമോചിതരാകുകയാണെന്ന് ഇരുവരും ഔദ്യോഗികമായി അറിയിച്ചു.
Content Highlights: Joe Jonas confirms relationship with model Tatiana Gabriela via Instagram., The couple shared moments from a trip to Puerto Rico.,