കിട്ടുന്നതുകൊണ്ടെല്ലാം അടിച്ച അമ്മ, എന്തൊക്കെ ചെയ്യരുതെന്ന് പഠിപ്പിച്ച കുട്ടിക്കാലം- ജയ ഭട്ടാചാര്യ

ബാല്യകാലത്ത് നേരിട്ട അരക്ഷിതാവസ്ഥയെക്കുറിച്ചും അമ്മയുമായുള്ള സംഘർഷഭരിതമായ ബന്ധത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഹിന്ദി ടി.വി താരം ജയ ഭട്ടാചാര്യ. പെൺകുട്ടിയായി ജനിച്ചത് ദൗർഭാഗ്യകരമായി തോന്നിയെന്നും തന്റെ കുട്ടിക്കാലം ഒട്ടും മനോഹരമായിരുന്നില്ലെന്നും ജയ പറയുന്നു.
അവതാരകൻ സിദ്ധാർഥ് കണ്ണനുമൊത്തുള്ള ഷോയിലാണ് ജയ ഇതേക്കുറിച്ച് പറഞ്ഞത്
മാതാപിതാക്കളുടേത് അസുഖകരമായ ദാമ്പത്യമായിരുന്നുവെന്നും ജയ പറയുന്നു. അവർ പരസ്പരം വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നവരല്ല, അവർക്ക് ഒരിക്കലും ഒത്തുപോവാൻ കഴിഞ്ഞിരുന്നില്ല. അവർക്കിടയിലെ സംഘർഷം കുട്ടിയായ തന്നേയും ബാധിച്ചുവെന്നും ജയ പറഞ്ഞു.
അമ്മ ഒരിക്കലും സന്തുഷ്ടയായിരുന്നില്ല, അവരുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ചപ്പാത്തിക്കോൽ, കൊടിൽ, ഷൂസ് എന്നുവേണ്ട കിട്ടുന്നതുകൊണ്ടെല്ലാം എന്നെ അടിച്ചിട്ടുണ്ട്. അതെന്നെ കഠിനഹൃദയയാക്കി- ജയ പറയുന്നു.
അതേസമയം അച്ഛനോട് തനിക്ക് ആഴത്തിലുള്ള സ്നേഹമുണ്ടായിരുന്നുവെന്നും ജയ പറഞ്ഞു. എന്നാൽ മുതിർന്നപ്പോഴും അമ്മയോടുള്ള നീരസം അതുപോലെ തുടർന്നു. ആളുകളെ വിലമതിക്കാതിരിക്കുക, മുൻവിധിയോടെ സമീപിക്കുക, മറ്റുള്ളവരുടെ മുമ്പിൽവച്ച് കുട്ടിയെ പിന്തുണയ്ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ഒരിക്കലും ചെയ്യരുതെന്ന് കുട്ടിക്കാലത്തെ അനുഭവങ്ങളിൽ നിന്ന് പഠിച്ചുവെന്നും ജയ പറയുന്നുണ്ട്.
അഭിനയരംഗത്തേക്ക് കടക്കുക എന്നത് ഒരിക്കലും തന്റെ സ്വപ്നമായിരുന്നില്ലെന്നും ജയ വ്യക്തമാക്കുന്നു. അഭിനയത്തിലേക്ക് തള്ളിവിടപ്പെടുകയാണുണ്ടായത്. നൃത്തവും സംഗീതവും പരിശീലിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ ഒരു ടെലിഫിലിമിനുവേണ്ടി അഭിനയിച്ചതാണ് തുടക്കമെന്നും ജയ കൂട്ടിച്ചേർക്കുന്നു.
Content Highlights: Hindi TV star Jay Bhattacharya opens up about a difficult childhood, parental conflict, and physical abuse by her mother.