'അന്ന് അവനെ ആദ്യമായി തന്നത് എന്റെ കൈകളില്‍,ഒരു പാക്കറ്റ് പാല്‍ വാങ്ങാന്‍പോലും ഞങ്ങള്‍ കഷ്ടപ്പെട്ടു'

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട കുട്ടിയാണ് ജസ്പ്രീത് ബുംറ. ബിസിനസുകാരനായ ജസ്ബീറിന്റെ മരണം അപ്രതീക്ഷിതമായിരുന്നു. ഇതോടെ ബുംറയും അമ്മ ദല്‍ജിത്തും ചേച്ചി ജൂഹികയും ഉള്‍പ്പെടുന്ന കുടുംബം പ്രതിസന്ധിയില്‍ അകപ്പെട്ടു. അവിടെ നിന്ന് അമ്മ ദല്‍ജിത്താണ് മക്കളുടെ ജീവിതം കെട്ടിപ്പടുത്തത്. അഹമ്മദാബാദിലെ നിര്‍മണ്‍ ഹൈസ്‌കൂളില്‍ അധ്യാപികയായി ജോലി ആരംഭിച്ച ദല്‍ജിത്തിന്റെ ശമ്പളമായിരുന്നു കുടുംബത്തിന്റെ സാമ്പത്തികസ്രോതസ്. ആറാം വയസ് മുതല്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ ബുംറയ്ക്ക് എല്ലാ പിന്തുണയും നല്‍കി അമ്മ കൂടെനിന്നു. കടന്നുപോയ പ്രതിസന്ധികളെല്ലാം അവര്‍ പൊരുതിത്തോല്‍പ്പിച്ചു. മകന്‍ ജസ്പ്രീതിപ്പോള്‍ ട്വന്റി-20 ലോകകപ്പ് നേടി വിജയച്ചിരിയുമായി നില്‍ക്കുമ്പോള്‍ ദല്‍ജിത്തിന്റെ മനസ്സ് സന്തോഷത്താൽ നിറയുകയാണ്.
ബുംറയുടെ കുടുംബം കടന്നുപോയ എല്ലാ പ്രതിസന്ധികളും നേരില്‍കാണുകയും പലപ്പോഴും സഹായവുമായി ഓടിയെത്തുകയും ചെയ്ത ഒരു 'സപ്പോര്‍ട്ട് സിസ്റ്റം' അവരുടെ ജീവിതത്തിലുണ്ടായിരുന്നു. ദല്‍ജിത്തിന്റെ കൂട്ടുകാരിയും അയല്‍ക്കാരിയും മാധ്യമപ്രവര്‍ത്തകയുമായ ദീപല്‍ ത്രിവേദി. ഇന്ത്യ ലോകകപ്പ് വിജയിച്ചതിന് പിന്നാലെ ബുംറയ്ക്ക് ആശംസ നേര്‍ന്ന് ദീപല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു മനോഹരമായ കുറിപ്പും പങ്കുവെച്ചു. ആശുപത്രിയില്‍ നിന്ന് ആദ്യമായി കുഞ്ഞ് ബുംറയെ കൈയിലെടുത്ത നിമിഷവും കുട്ടിക്കാലത്ത് ബുംറ അനുഭവിച്ച കഷ്ടപ്പാടുകളും അവര്‍ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.
തനിക്ക് ക്രിക്കറ്റിനെ കുറിച്ച് ഒരു അറിവുമില്ലെന്നും അനുഷ്‌ക ശര്‍മയുടെ ഭര്‍ത്താവ് എന്ന രീതിയിലാണ് വിരാട് കോലിയെ അറിയുക എന്നും വ്യക്തമാക്കിയാണ് ദീപല്‍ കുറിപ്പ് തുടങ്ങുന്നത്. 1993 ഡിസംബറില്‍ ബുംറ ജനിക്കുന്ന ദിവസം താന്‍ ആശുപത്രിയിലേക്ക് ഓടിയെന്നും അന്ന് ജോലിയില്‍ നിന്ന് അവധിയെടുക്കാന്‍ ബുംറയുടെ അമ്മ ദല്‍ജിത്ത് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അവര്‍ പറയുന്നു.
'എന്റെ ക്രിക്കറ്റ് അറിവ് പൂജ്യമാണ്. അനുഷ്‌കയുടെ ഭര്‍ത്താവ് എന്ന രീതിയിലാണ് എനിക്ക് വിരാട് കോലിയെ അറിയുക. കോലി വളരെ പ്രസന്നനാണ്. അദ്ദേഹം നൃത്തം ചെയ്യുന്നത് കാണുന്നത് എനിക്കിഷ്ടമാണ്. എന്നാല്‍ ഈ നീണ്ട കുറിപ്പ് കോലിയെ കുറിച്ചല്ല. എന്റെ ഹീറോയെ കുറിച്ചാണ്. 1993-ലെ ഡിസംബര്‍ മാസത്തിലെ ഒരു ദിവസം. അന്ന് എന്റെ ഒരു മാസത്തെ ശമ്പളം 800 രൂപയില്‍ കുറവായിരുന്നു. എന്റെ അടുത്ത കൂട്ടുകാരിയും അയല്‍ക്കാരിയുമായ ദല്‍ജിത്ത് എന്നോട് അവധിയെടുക്കാന്‍ നിര്‍ബന്ധിച്ചു. അവള്‍ ഗര്‍ഭിണിയായിരുന്നു. അന്ന് ആ ദിവസം ഞാന്‍ അഹമ്മദാബാദിലെ പാല്‍ഡിയിലുള്ള ആശുപത്രിയിലാണ് എന്റെ ദിവസം മുഴുവന്‍ ചിലവഴിച്ചത്. അന്നെന്റെ പ്രായം 23 വയസായിരുന്നു. ദല്‍ജിത്തിന്റെ പേര് നഴ്സ് ഉറക്കെ വിളിച്ചപ്പോള്‍ അവളുടെ ഭര്‍ത്താവ് ജസ്ബീര്‍ എന്തോ കാര്യത്തിനായി പുറത്തിറങ്ങിയതായിരുന്നു. ഇതോടെ നഴ്‌സ് ആ കുഞ്ഞിനെ എന്റെ വിറയ്ക്കുന്ന കൈകളില്‍ ഏല്‍പ്പിച്ചു. ആദ്യമായി ഒരു കുഞ്ഞിനെ ഞാന്‍ തൊടുന്നത് ആ സമയത്തായിരുന്നു. ആണ്‍കുഞ്ഞാണെന്ന് നഴ്‌സ് പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ തീരെ മെലിഞ്ഞുണങ്ങിയ ഒരു കുഞ്ഞ്. അവന്‍ എന്റെ കൈയില്‍ കിടന്ന് ചിരിക്കാന്‍ ശ്രമിച്ചു.
തൊട്ടടുത്ത് താമസിക്കുന്നതിനാല്‍ അവനെ ഞാന്‍ എന്നും കണ്ടു. എനിക്ക് ഫോണോ ഫ്രിഡ്‌ജോ കിടക്കയോ ഇല്ലായിരുന്നു. എല്ലാത്തിനും ദല്‍ജിത്തിന്റെ വീടായിരുന്നു ആശ്രയം. എന്നാല്‍ പ്രതിസന്ധി കാത്തിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. പെട്ടെന്നൊരു ദിവസം ദല്‍ജിത്തിന്റെ ഭര്‍ത്താവ് മരിച്ചു. ജീവിതമാകെ മാറിമറിഞ്ഞു. ഞങ്ങളുടെ പ്രതീക്ഷകള്‍ അവസാനിച്ചു. അന്ന് ആ സങ്കടം നിറഞ്ഞ ദിവസങ്ങളിലെല്ലാം ദല്‍ജിത്തിന്റെ മക്കള്‍ എന്റെ കൂടെയായിരുന്നു. ഒരു മാസത്തോളം ഞങ്ങള്‍ ഒരുമിച്ച് താമസിച്ചു. ഞാന്‍ അവര്‍ക്ക് പുസ്തകങ്ങള്‍ വായിച്ചുകൊടുക്കും. എന്നാല്‍ ആ ആണ്‍കുട്ടിക്ക് അതിലൊന്നും താത്പര്യമുണ്ടായിരുന്നില്ല. അവന്‍ ഒരു പ്ലാസ്റ്റിക് പന്തുമായി എപ്പോഴും ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കും. ഞാന്‍ ചിലപ്പോള്‍ വിശപ്പ് കാരണം അവരുടെ ബിസ്‌ക്കറ്റ് എടുത്തുകഴിക്കും. ഞങ്ങള്‍ കരയുകയും വിശന്നിരിക്കുകയും ജീവിതത്തോട് പോരാടുകയും ചെയ്തു. എനിക്ക് പെണ്‍കുട്ടിയില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ജൂഹിക എന്നു പേരുള്ള അവള്‍ എല്ലാത്തിലും മിടുക്കിയായിരുന്നു. അവളുടെ ചിരിയും ആശ്ലേഷവും ഇന്നും എനിക്ക് മറക്കാനാകില്ല.
പക്ഷേ ജസ്പ്രീത് എന്ന് പേരുള്ള ആണ്‍കുട്ടിയില്‍ എനിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. അവനുവേണ്ടി ഒരു പാക്കറ്റ് പാല് വാങ്ങാന്‍ പോലും ഞങ്ങള്‍ കഷ്ടപ്പെട്ടു. അവന്റെ അമ്മ ഒരു ദിവസം 18 മണിക്കൂര്‍ വരെ ജോലിയെടുത്തു. ഒരു ദിവസം എനിക്ക് ഇന്‍ക്രിമെന്റ് കിട്ടിയപ്പോള്‍ വിലകൂടിയ സാധനങ്ങള്‍ വില്‍ക്കുന്ന കടകളുള്ള വെസ്റ്റ്‌സൈഡില്‍ ഞാന്‍ പോയി. അന്ന് ജസ്പ്രീതും ദല്‍ജിത്തും അവിടെയുണ്ടായിരുന്നു. അന്ന് അമ്മയുടെ ദുപ്പട്ടയുടെ പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു അവന്‍. എട്ട് വയസായിരുന്നു പ്രായം. അവനൊരു ജാക്കറ്റായിരുന്നു വേണ്ടിയിരുന്നത്. ഞാന്‍ അത് വാങ്ങിക്കൊടുത്തു. അവന് ഞാന്‍ ജീവിതത്തില്‍ നല്‍കിയ ഏക സമ്മാനവും അതായിരുന്നു. പിന്നീട് കുര്‍ത്ത വാങ്ങാന്‍ എന്റെ കൈയില്‍ പണമുണ്ടായിരുന്നില്ല. പക്ഷേ എനിക്ക് സങ്കടം തോന്നിയില്ല. പുതിയ കുര്‍ത്തയില്ലാതെ ഞാന്‍ ക്രിസ്മസും ദീപാവലിയും പിറന്നാളും ആഘോഷിച്ചു. രജ്ദീപ് രണാവതിന്റേയും മനീഷ് മല്‍ഹോത്രയുടേയും വസ്ത്രങ്ങള്‍ക്കുപോലും ലഭിക്കാത്ത ഒരു സംതൃപ്തി അവന് ഞാന്‍ വാങ്ങിക്കൊടുത്ത ആ ജാക്കറ്റ് എനിക്കുനല്‍കി.
അവന്‍ അവന്റെ സഹോദരിയെപ്പോലെയായിരുന്നില്ല. നാണംകുണുങ്ങിയായ മെലിഞ്ഞ പയ്യനായിരുന്നു. എന്നാല്‍ ഇന്ന് അവന്‍ ഇതിഹാസമാണ്. അവന്റെ നേട്ടങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ രാത്രി ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമില്‍ അവന്റെ റോള്‍ നിര്‍ണായകമായിരുന്നു. അവനെയോര്‍ത്ത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുണ്ട്. അവന്റെ വിനയം ഇപ്പോഴും അതുപോലെ നിലനില്‍ക്കുന്നു. അവന്റെ പേരാണ് ജസ്പ്രീത് ബുംറ. അവന്റെ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു മത്സരം കാണാന്‍ ശ്രമിച്ചു. എനിക്ക് ക്രിക്കറ്റ് അറിയാത്തതിനാല്‍ അത് പൂര്‍ത്തിയാക്കാനായില്ല. ഞാന്‍ എഴുന്നേറ്റുപോയി. ഇനി ജസ്പ്രീതിന്റെ മകന്‍ അംഗദ് ഫുട്‌ബോള്‍ കളിക്കുകയാണെങ്കില്‍ അത് ഞാന്‍ കാണുമായിരിക്കും. നമ്മള്‍ ജീവിതത്തില്‍ ഒരിക്കലും വിട്ടുകൊടുക്കരുത് എന്ന് ഓര്‍മിപ്പിക്കാനാണ് ഞാന്‍ ഈ നീണ്ട കുറിപ്പെഴുതിയത്. ജസ്പ്രീത് ബുംറയെ ആദ്യമായി കൈയിലെടുക്കാനായതില്‍ ഞാന്‍ ഭാഗ്യവതിയാണ്. പ്രതിസന്ധി നിമിഷങ്ങളില്‍ ജീവിതത്തെ നേരിടാന്‍ ആ നിമിഷം എനിക്ക് കരുത്ത് നല്‍കുന്നു. ആ രണ്ട് കുട്ടികളേയും മികച്ച ഭാവിയിലേക്ക് വളര്‍ത്തിയെടുത്തതിന്റെ എല്ലാ ക്രെഡിറ്റും ദല്‍ജിത്തിനുള്ളതാണ്. കുറച്ച് മാസങ്ങള്‍ക്കുമുമ്പ് ജസ്പ്രീതിന്റെ സുന്ദരിയായ ഭാര്യ സഞ്ജന ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പിത്തന്നു. ഇപ്പോള്‍ ജസ്പ്രീതിന് അംഗദ് എന്ന് പേരുള്ള ഒരു കുഞ്ഞുണ്ട്. പക്ഷേ അവന്‍ ജസ്പ്രീതിനേക്കാള്‍ കൂടുതല്‍ സുന്ദരനാണ്. ജസ്പ്രീതിനെ ഒരു ലോകചാമ്പ്യനാക്കി മാറ്റിയെടുത്തതില്‍ അവന്റെ അമ്മ ദല്‍ജിത്തിനും സഹോദരി ജൂഹികയ്ക്കും ഞാന്‍ നന്ദി പറയുന്നു. സോറി ജസ്പ്രീത്. ഞാന്‍ മത്സരം കണ്ടില്ല. എന്നിരുന്നാലും ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു.'- ദീപല്‍ അനുഭവങ്ങള്‍ വിവരിക്കുന്നു.