അനിയത്തി ഡെലൂലൂവായപ്പോൾ ഹൃദയം നിറഞ്ഞ് ഹൃദു ഹാറൂൺ; സോഷ്യൽ മീഡിയ ഏറ്റെടുത്ത് സ്നേഹക്കുറിപ്പ്

#Lifestyle desk
ഹൃദു ഹാറൂൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം| ഫോട്ടോ: Instagram/@hridhuharoon
ഹൃദു ഹാറൂൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം| ഫോട്ടോ: Instagram/@hridhuharoon

സോഷ്യൽ മീഡിയയുടെയും സിനിമാ പ്രേമികളുടെയും മനം കവരുകയാണ് നടി റിയ ഷിബു. അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ തരംഗമായ ഡെലൂലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിയയെ പ്രശംസിച്ചുകൊണ്ട് ജ്യേഷ്ഠൻ ഹൃദു പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ചിത്രത്തിലെ 'ഡെലൂലു' എന്ന റിയയുടെ പേരിനൊപ്പം സിനിമയുടെ പേരായ 'മായ' കൂടി ചേർത്താണ് ഹൃദു തന്റെ അനിയത്തിയെ അഭിനന്ദിച്ചത്.

"എന്റെ ഡെലൂലൂ, നിന്റെ സഹോദരനായതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. നിന്നെയോർത്ത് അഭിമാനമുണ്ട്. ഇതിന് ദൈവത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു"- ഹൃദു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

റിയയുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പോസ്റ്റ് നിമിഷങ്ങൾക്കകം ‘ഡെലൂലു’ ആരാധകർ ഏറ്റെടുത്തു. ‘എന്റെ ഡെലൂലുവിന് നന്ദി’ എന്നായിരുന്നു സഹോദരന്റെ സ്നേഹത്തിന് റിയ നൽകിയ മറുപടി.

ജെൻ-സി തലമുറക്കിടയിൽ വലിയ പ്രചാരമുള്ള 'ഡെല്യൂഷണൽ' (Delusional) എന്ന വാക്കിന്റെ ചുരുക്കരൂപമാണ് 'ഡെലൂലു'. ചിത്രത്തിൽ റിയ അവതരിപ്പിച്ച 'ക്യൂട്ട് പ്രേതത്തിന്റെ' സ്വഭാവവുമായി ഏറെ ചേർന്നുനിൽക്കുന്ന ഈ പേര് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്. പ്രശസ്ത നിർമ്മാതാവ് ഷിബു തമീൻസിന്റെ മകളായ റിയ, തന്റെ പത്തൊൻപതാം വയസ്സിൽ തന്നെ സിനിമാ നിർമ്മാണത്തിലും അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ മലയാളത്തിന്റെ അഭിമാനമായി മാറിയ നടനാണ് ഹൃദു ഹാറൂൺ. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ ഹൃദുവിന്റെ പ്രകടനം ലോക ശ്രദ്ധ നേടിയിരുന്നു. 

Content Highlights: Hridhu Haroon celebrates his sister Riya Shibu's captivating performance as `Delulu` in `Sarvam Maya`.