ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍; ബ്രിട്ടീഷ് ഗായിക ജാസ്മിനുമായി ഹാര്‍ദിക് പ്രണയത്തില്‍?

ഹാര്‍ദിക് പാണ്ഡ്യ/ ജാസ്മിന്‍ വാലിയ | Photo: instagram/ hardik pandya/ jasmin walia
ഹാര്‍ദിക് പാണ്ഡ്യ/ ജാസ്മിന്‍ വാലിയ | Photo: instagram/ hardik pandya/ jasmin walia

നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ പുതിയ പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് ഗായികയും ടെലിവിഷന്‍ താരവുമായ ജാസ്മിന്‍ വാലിയയാണ് ഹാര്‍ദികിന്റെ പുതിയ കാമുകിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും ഗ്രീസില്‍ അവധിക്കാലം ആഘോഷിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. നീല നിറത്തിലുള്ള നീന്തല്‍ കുളത്തിന് അടുത്ത് നിന്നാണ് ഇരുവരും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു പേരും ഒരേ സമയം ഒരേ ലൊക്കേഷനില്‍ നിന്നെടുത്തതാണ് ഈ ചിത്രങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നീല നിറത്തിലുള്ള ബിക്കിനിയും അതിന് മുകളില്‍ നീല ഷര്‍ട്ടും ധരിച്ചുള്ള ചിത്രമാണ് ജാസ്മിന്‍ പോസ്റ്റ് ചെയ്തത്. ഒപ്പം ഒരു വട്ടത്തൊപ്പിയും സണ്‍ഗ്ലാസും ധരിച്ചിരുന്നു. ഇതിന് പിന്നാലെ തന്റെ വീഡിയോയുമായി ഹാര്‍ദിക്കുമെത്തി. പ്രിന്റ് ഷര്‍ട്ടും ക്രീം നിറത്തിലുള്ള പാന്റ്‌സും സണ്‍ഗ്ലാസുമായിരുന്നു ഹാര്‍ദികിന്റെ വേഷം. 

അടുത്തിടെ ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച എല്ലാ പോസ്റ്റുകളും ഹാര്‍ദിക് ലൈക്ക് ചെയ്തിട്ടുണ്ട്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോ ചെയ്യുന്നുമുണ്ട്. 'ഹാര്‍ദിക് പാണ്ഡ്യ എവിടെ?', 'നിങ്ങള്‍ രണ്ടു പേരും ഡേറ്റിങ്ങിലാണോ?' തുടങ്ങിയ ചോദ്യങ്ങള്‍ ജാസ്മിന്റെ പോസ്റ്റിന് താഴെയുണ്ട്.

ഇംഗ്ലണ്ടിലെ എസെക്‌സില്‍ ജനിച്ച ജാസ്മിന്റെ മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജരാണ്. ബ്രിട്ടീഷ് റിയാലിറ്റി ഷോയായ ദ ഒണ്‍ലി വേ ഈസ് എസെക്‌സില്‍ പങ്കെടുത്തതോടെയാണ് ജാസ്മിന്‍ ശ്രദ്ധിക്കപ്പെട്ടത്. 2014-ല്‍ യുട്യൂബ് ചാനല്‍ തുടങ്ങിയ അവര്‍ അതില്‍ തന്റെ പാട്ടുകളാണ് കൂടുതലും പങ്കുവെയ്ക്കുന്നത്. 2017-ല്‍ പുറത്തിറങ്ങിയ 'ബോം ഡിഗ്ഗി' എന്ന പാട്ട് അവര്‍ക്ക് കൂടുതല്‍ പ്രശസ്തി നല്‍കി. 2022-ല്‍ പുറത്തിറങ്ങിയ 'നൈറ്റ്‌സ് ആന്റ് ഫൈറ്റ്‌സ്' എന്ന മ്യൂസിക് വീഡിയോയും ശ്രദ്ധിക്കപ്പെട്ടു. 6.4 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ജാസ്മിനെ ഫോളോ ചെയ്യുന്നത്. 5.7 ലക്ഷം യുട്യൂബ് സബ്‌സ്‌ക്രൈബ്‌ഴേസുമുണ്ട്. 

ഒരു മാസം മുമ്പാണ് സെര്‍ബിയന്‍ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതായി ഹാര്‍ദിക് പ്രഖ്യാപിച്ചത്. മകന്‍ അഗസ്ത്യയ്‌ക്കൊപ്പം നടാഷ സെര്‍ബിയയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. 2020-ലായിരുന്നു ഇരുവരുടേയും വിവാഹം.  


 

Content Highlights: hardik pandya is dating jasmin walia after his split from natasa stankovic