'കാര്‍ വാങ്ങാനുള്ള പണമില്ല, അങ്ങനെ ഓട്ടോ ഓടിക്കാന്‍ തീരുമാനിച്ചു'; ഹൃദയം കീഴടക്കി പെൺകുട്ടി| VIDEO

വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram video screen grabs
വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram video screen grabs

ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവതിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഏതെങ്കിലും കോളേജിലെ വിദ്യാര്‍ഥിനിയോ ഐടി മേഖലയിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറോ ഒന്നുമല്ല. മറിച്ച് ഓട്ടോറിക്ഷാ ഡ്രൈവറാണ് ഇപ്പോള്‍ വൈറലായിരിക്കുന്ന സഫൂറാ ഖാന്‍ എന്ന മിടുക്കി. 

സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറായ തമന്നാ തന്‍വീര്‍ ഓട്ടോയില്‍ കയറിയതാണ് സഫൂറയെ ലോകമറിയാന്‍ കാരണമായത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ തമന്ന പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോയില്‍ സഫൂറ തന്റെ കഥ തമന്നയോട് പങ്കുവെച്ചു. 

Also Read: രണ്ടര കിലോമീറ്റർ ദൂരം, മീറ്ററിൽ 39 രൂപ, ബുക്കിങ് ആപ്പിൽ 172; ഓട്ടോയാത്രയുടെ അനുഭവം പങ്കുവെച്ച് യുവതി

ഡ്രൈവിങ് തനിക്ക് ഏറെ ഇഷ്ടമാണെന്ന് വീഡിയോയില്‍ സഫൂറ തമന്നയോട് പറഞ്ഞു. പണമില്ലാത്തതിനാല്‍ കാര്‍ വാങ്ങുകയെന്നത് സ്വപ്‌നം മാത്രമായി ശേഷിച്ചു. എന്നാല്‍ ഡ്രൈവിങ് വിടാന്‍ സഫൂറ ഒരുക്കമായിരുന്നില്ല. നാലുചക്രത്തിന് പകരം മൂന്ന് ചക്രമുള്ള ഓട്ടോറിക്ഷ സഫൂറ സ്വന്തമാക്കി. 

'വാഹനം ഓടിക്കുന്നത് ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നൊരു കാര്യമാണ്. കാര്‍, ഓട്ടോ, ബൈക്ക് തുടങ്ങിയ എല്ലാ വാഹനങ്ങളും ഓടിക്കും. എന്നാല്‍ എന്റെ ബജറ്റില്‍ ഒതുങ്ങുന്നത് ഓട്ടോറിക്ഷയായിരുന്നു. സ്വിഫ്റ്റ് കാര്‍ വാങ്ങാന്‍ എന്റെ കൈയില്‍ പണമില്ലായിരുന്നു. അങ്ങനെ ഞാന്‍ ഓട്ടോ ഓടിക്കാന്‍ തീരുമാനിച്ചു. ഭാവിയില്‍ എനിക്കൊരു കാര്‍ വാങ്ങാന്‍ സാധിക്കുമോ എന്ന് നമുക്ക് നോക്കാം.' -സഫൂറാ ഖാന്‍ തമന്നയോട് പറഞ്ഞു. 

തന്റെ ജോലിയെ കുറിച്ച് രസകരമായ ചിലകാര്യങ്ങള്‍ കൂടി സഫൂറ പറയുന്നുണ്ട്. 'ഇന്ന് തിങ്കളാഴ്ചയാണല്ലോ, ജോലിക്ക് പോകണമല്ലോ എന്നൊന്നും എന്റെ ജോലിയില്‍ എനിക്ക് തോന്നാറില്ല. ഞാന്‍ ഓരോ ദിവസവും വളരെ ആസ്വദിക്കുന്നു. അതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. ഫുള്‍ എനര്‍ജിയോടെയാണ് ഞാന്‍ ജോലി ചെയ്യുന്നത്.'

Don't Miss: മുംബൈയിലെ ഓട്ടോ ഡ്രൈവർ മാസം സമ്പാദിക്കുന്നത് 8 ലക്ഷം രൂപയോളം, അതും ഓട്ടം പോവാതെ

തമന്ന പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകാന്‍ അധികം സമയം വേണ്ടിവന്നില്ല. ഒട്ടേറെ പേരാണ് ഇഷ്ടജോലി തിരഞ്ഞെടുത്ത് അത് ആസ്വദിച്ച് ചെയ്യുന്ന സഫൂറയെ അഭിനന്ദിച്ച് കമന്റുകളിട്ടത്. 'ബെംഗളൂരുവിന് കൂടുതല്‍ സഫൂറമാരെ ആവശ്യമുണ്ട്' എന്നാണ് ഒരാള്‍ കുറിച്ചത്. 'അവളുടെ പുഞ്ചിരി കാണുമ്പോള്‍ തന്നെ ഉന്മേഷം തോന്നുന്നു. അവളുടെ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ഥ്യമാകട്ടെ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. 'വളരെ അഭിമാനം തോന്നുന്നു. എനിക്ക് രോമാഞ്ചം വന്നു. ദൈവം അവളെ അനുഗ്രഹിക്കട്ടെ' എന്ന് മറ്റൊരാള്‍. 

ചെന്നൈയില്‍ വെച്ച് വനിതാ ഡ്രൈവറുടെ ഓട്ടോറിക്ഷയില്‍ കയറിയ അനുഭവമാണ് ഒരാള്‍ കമന്റില്‍ പങ്കുവെച്ചത്. 'അവളുടെ ഊര്‍ജസ്വലത എനിക്ക് വളരെ ഇഷ്ടമായി. സ്റ്റീരിയോടൈപ്പുകള്‍ പൊളിച്ചെഴുതുന്നതിന് അവള്‍ക്കൊരു സല്യൂട്ട്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഞാന്‍ കയറിയത് ഒരു സ്ത്രീയുടെ ഓട്ടോറിക്ഷയിലായിരുന്നു. കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗമായിരുന്നു അവരുടെ ഓട്ടോറിക്ഷ. ഓട്ടോറിക്ഷാ ഓടിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ട് തന്റെ പെണ്‍മക്കളുടെ വിവാഹം നടത്തിയ കഥ യാത്രയ്ക്കിടയില്‍ അവര്‍ എന്നോട് പറഞ്ഞു.' -ഇതായിരുന്നു ആ കമന്റ്. 

Content Highlights: Bengaluru Girl Says She Enjoys Being An Auto Driver, Wins Hearts