കുടുംബാംഗങ്ങളറിയാതെ 5 ലക്ഷം രൂപ മണ്ണിൽ കുഴിച്ചിട്ടു, ചിതലരിച്ചു, കണ്ണീരണിഞ്ഞ് കർഷകൻ

കുടുംബാംഗങ്ങൾ അറിയാതെ കർഷകൻ ഒളിപ്പിച്ചുവെച്ച അഞ്ച് ലക്ഷം രൂപ ചിതലരിച്ചു. രാജസ്ഥാനിലെ പച്ച്പദ്രയ്ക്കടുത്തുള്ള നെവായി ഗ്രാമവാസിയായ മംഗിലാൽ മേഘ്വാളിന്റെ പണമാണ് ചിതലരിച്ച് പോയത്. കർഷകന്റെ ആയുഷ്‌ക്കാല സമ്പാദ്യമാണ് ചിതലരിച്ച് നശിച്ചത്.
ഏകദേശം ഒരു വർഷം മുമ്പ് ഇദ്ദേഹത്തിന് സ്ഥലം വിറ്റ വകയിൽ അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നു. മോഷണം ഭയന്നും തന്റെ ആൺമക്കൾ പണം ചെലവഴിച്ചു കളയുമെന്നും കരുതി, വീട്ടിൽ സൂക്ഷിക്കുന്നതിന് പകരം ഈ പണം തന്റെ കൃഷിയിടത്തിൽ ഒളിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പ്ലാസ്റ്റിക് ബാഗിലാക്കി കൃഷിയിടത്തിൽ ഇയാൾ പണം കുഴിച്ചിടുകയായിരുന്നു. പണം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഭാര്യയോടോ മക്കളോടോ പറഞ്ഞിരുന്നില്ല.
ഒരു മുറി പണിയുന്നതിനായി ഈ പണം എടുക്കാൻ ശ്രമിച്ചെങ്കിലും സ്ഥലം മറന്നുപോയതിനാൽ എടുക്കാനായില്ല. കൃഷിയിടം മുഴുവൻ തിരഞ്ഞെങ്കിലും പണം കിട്ടിയില്ല. തുടർന്നാണ് പണം ഒളിപ്പിച്ച വിവരം ഇദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞത്. തുടക്കത്തിൽ കർഷകനെ വിശ്വസിക്കാൻ കുടുംബം തയ്യാറായില്ല. എന്നാൽ പിന്നീട് പണം തിരയാൻ ഇവരും ചേർന്നു. പക്ഷെ അവർക്കും പണംകിട്ടിയില്ല. പിന്നീട് ഒരുവർഷത്തിന് ശേഷമാണ് മഴക്കാലത്ത് പണമടങ്ങിയ ബാഗ് വയലിൽ കണ്ടെത്തിയത്. അത് തുറന്നുപരിശോധിച്ചപ്പോഴാണ് നോട്ടുകൾ ചിതലരിച്ചതായി കണ്ടെത്തിയത്.
ഉപയോഗശൂന്യമായ നിലയിലായ നോട്ടുകളുമായി കർഷകൻ തൊട്ടടുത്തുള്ള പച്ച്പാദ്രയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയെ സമീപിച്ചു, നഷ്ടപ്പെട്ട പണത്തിന്റെ കുറഞ്ഞഭാഗമെങ്കിലും തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ നോട്ടുകളുടെ അവസ്ഥ കണ്ട് ബാങ്ക് അധികൃതർ അവ മാറ്റിയെടുക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. തുടർന്ന് കുടുംബം ബാലോത്രയിലെ എസ്.ബി.ഐ പ്രധാന ശാഖ സന്ദർശിച്ചെങ്കിലും അവിടെയും സമാനമായ ഫതഫലമാണുണ്ടായത്. റിസർവ് ബാങ്കിന്റെ കേടുപാടുകൾ സംഭവിച്ച നോട്ടുകൾ മാറിയെടുക്കുന്നതിനുള്ള നിബന്ധനകൾ അനുസരിച്ച് മാത്രമേ ഭാഗികമായി നശിച്ച നോട്ടുകൾ മാറ്റി നൽകാനാവൂ എന്ന് ബാങ്ക് അധികൃതർ അറിയിച്ചതായാണ് വിവരം.
Content Highlights: A farmer in Rajasthan buried 5 lakh rupees underground to hide it from his family., The plastic bag of money was eaten by termites over a year., SBI branches refused to exchange the heavily damaged notes immediately., RBI guidelines will determine if the damaged notes can be partially replaced.