പാകിസ്താനില്‍ നിരോധിച്ച ഫെയര്‍നെസ് ക്രീം 'ഫായിസ' ഇടുക്കിയില്‍;കേസെടുത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍വിഭാഗം

പ്രതീകാത്മക ചിത്രം | Photo: Reuters
പ്രതീകാത്മക ചിത്രം | Photo: Reuters

കൃത്യമായ രേഖകളില്ലാതെ വില്‍പന നടത്തിയ പാകിസ്താന്‍ നിര്‍മിത ഫെയര്‍നെസ് ക്രീം 'ഫായിസ' ഇടുക്കി ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തി. ആരോഗ്യത്തിന് അപകടകരമായ അളവിലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പാകിസ്താനില്‍ നിരോധിച്ച ക്രീമാണ് ഇത്.

ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് ഈ ആഴ്ച നടത്തിയ പരിശോധനയിലാണ് പലയിടത്തുനിന്ന് ക്രീം പിടിച്ചെടുത്തത്. കേസെടുത്ത് തുടര്‍നടപടി ആരംഭിച്ചതായി ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ മാര്‍ട്ടിന്‍ ജോസഫ് അറിയിച്ചു.

കൊച്ചിയില്‍നിന്നാണ് ഇത്തരം ക്രീമുകള്‍ എത്തുന്നതെന്ന് വ്യാപാരികള്‍ മൊഴി നല്‍കി. എന്നാല്‍, ഇത് പാകിസ്താന്‍ നിര്‍മിതമാണെന്നോ അവിടെ നിരോധിച്ചിട്ടുണ്ടെന്നോ ഒന്നും വ്യാപാരികള്‍ക്ക് അറിയില്ല. ബ്രാന്‍ഡഡ് ക്രീമുകളേക്കാള്‍ ലാഭം കിട്ടുന്നതിനാല്‍ വില്‍പന നടത്തുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

ഇതുപോലെ മുന്‍നിര കമ്പനികളുടേത് എന്ന് തോന്നിപ്പിക്കുന്ന വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഇടുക്കി ജില്ലയില്‍ കൂടുതല്‍ എത്തുന്നുണ്ട്. ഷേവിങ് ലോഷന്‍, ടാല്‍ക്കംപൗഡര്‍, ബോഡി സ്‌പ്രേ, ലിപ്സ്റ്റിക്, മുഖം വെളുക്കാനുള്ള ക്രീം തുടങ്ങിവ ഇതില്‍ ഉള്‍പ്പെടും.

ഇവയിലൊക്കെ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കളുണ്ട്. ഇവ അലര്‍ജിക്കും തൊലിപ്പുറത്തെ അര്‍ബുദത്തിനും കാരണമാകും. വ്യാജ ഫെയര്‍നെസ് ക്രീം ഉപയേഗിച്ചവര്‍ക്ക് അപൂര്‍വ വൃക്കരോഗവും അടുത്തിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വ്യാജ സൗന്ദര്യ വര്‍ധക വസ്തുകള്‍ ഉപയോഗിച്ച് ജില്ലയില്‍ ആരെങ്കിലും ചികിത്സ തേടിയതായി അറിയില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍. മനോജ് അറിയിച്ചു. ഇവയുടെ ഉപയോഗംകൊണ്ട് കിഡ്‌നി-കരള്‍ രോഗങ്ങള്‍, അലര്‍ജി തുടങ്ങിയവ ഉണ്ടാകാമെന്ന് അദ്ദേഹം അറിയിച്ചു.

തമിഴ്‌നാട്ടില്‍നിന്നുള്ള ഒഴുക്ക് തടഞ്ഞു

മുന്‍പ് തമിഴ്നാട്ടില്‍നിന്നുള്ള വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളാണ് അതിര്‍ത്തി കടന്ന് ജില്ലയിലെത്തിയിരുന്നത്. എന്നാല്‍, 2017-ല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ഓപ്പറേഷന്‍ ഹെന്ന എന്ന പേരില്‍ വ്യാപകമായി പരിശോധന നടത്തിയിരുന്നു.

അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമായതോടെ തമിഴ്നാട്ടില്‍നിന്നുള്ള വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഒഴുക്ക് നിന്നു. എന്നാല്‍, ഇതോടെ കൊച്ചിയില്‍ കള്ളക്കടത്തായി എത്തുന്ന വസ്തുക്കള്‍ ജില്ലയിലേക്ക് എത്തിത്തുടങ്ങി.

Content Highlights: fairness cream banned in pakistan