ബൈഡനെപ്പോലെ വീഴല്ലേ..!; ട്രംപിലെ മുത്തച്ഛന്റെ കരുതലിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ

കുട്ടിയെ മാതാപിതാക്കളുടെ അടുത്തെത്തിക്കുന്ന ട്രംപ് | Photo: Daily Wire/X
കുട്ടിയെ മാതാപിതാക്കളുടെ അടുത്തെത്തിക്കുന്ന ട്രംപ് | Photo: Daily Wire/X

പ്രസംഗത്തിനിടയിൽ വേദിയിലേക്ക് കടന്നുവന്ന കുട്ടിയെ സുരക്ഷിതനായി മാതാപിതാക്കളുടെ അടുത്തെത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുട്ടി വീഴാതിരിക്കാൻ ട്രംപ് ഓടിച്ചെന്ന് തടയുകയായിരുന്നു. ഒപ്പം മുൻ പ്രസിഡന്റ്‌ ബൈഡനെ പരാമർശിച്ചുകൊണ്ടു നടത്തിയ തമാശയും കാണികൾ ഏറ്റെടുത്തു. സംഗതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ടിപ്പുകൾക്ക് ടാക്‌സില്ലെന്ന നിർദേശവുമായി ബന്ധപ്പെട്ട പരിപാടിക്കിടയിലാണ് സംഭവം.

ലാസ് വേഗാസിൽ താമസിക്കുന്ന സാന്ദ്രയും ബ്രാഡും ഈ സംരംഭങ്ങളെക്കുറിച്ച് സംസാരിക്കാനായി സ്റ്റേജിലേക്ക് ക്ഷണിക്കപ്പെട്ടു. അവർ സംസാരിക്കുന്നതിനിടയിലാണ് കുട്ടി സ്റ്റേജിലേക്ക് കയറുന്നത്. കുട്ടിയെ കണ്ട ട്രംപ് ഉടൻ വേദിയിലൂടെ വേഗത്തിൽ നടന്നെത്തി കുട്ടിയെ മാതാപിതാക്കളുടെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. അവൻ ബൈഡനെപ്പോലെ വീഴാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. പൊതുവേദികളിൽ പലപ്പോഴായി ബൈഡൻ വീണിട്ടുണ്ട്. 2023 ജൂണിൽ കൊളറാഡോയിലെ യുഎസ് എയർഫോഴ്‌സ് അക്കാദമിയിൽ നടന്ന ബിരുദദാന ചടങ്ങിൽ പ്രസംഗത്തിനിടെ ബൈഡൻ ഒരു മണൽച്ചാക്കിൽ തട്ടി വീണിരുന്നു. പ്രസിഡന്റായിരുന്ന സമയത്ത് എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിനിടെയും അദ്ദേഹം വീണിട്ടുണ്ട്.

ഏതായാലും ട്രംപിന്റെ അവസരോചിതമായ ഇടപെടലിനെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. 'ട്രംപ് കുട്ടിയുടെ പിറകെ ഓടിയ കാഴ്ച മനോഹരമായിരുന്നു. അദ്ദേഹം ഒരു മുത്തച്ഛനും അച്ഛനുമാണെന്ന് പലപ്പോഴും നാം ഓർക്കാറില്ല.' കൺസർവേറ്റീവ് പ്രവർത്തക ലൗറ ലൂമർ എക്‌സിൽ കുറിച്ചു. 'ട്രംപ് നല്ല മുത്തച്ഛനാണ്, അദ്ദേഹത്തിന്റെ സ്വാഭാവിക പ്രതികരണങ്ങൾ നോക്കൂ.' മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാണിക്കുന്നു. ട്രംപിനോടുള്ള എല്ലാ വിയോജിപ്പും മുൻനിർത്തി്‌ക്കൊണ്ടുതന്നെ ഈ നടപടിയെ പ്രശംസിക്കുന്നുവെന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്.

'ട്രംപ് കരുതലുള്ള മുത്തച്ഛനാണ്. അദ്ദേഹത്തിന്റെ എല്ലാ നയങ്ങളോടും യോജിക്കുന്നില്ല. സമ്പദ് വ്യവസ്ഥ മെച്ചപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. യുദ്ധങ്ങൾ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ, കുട്ടിയുടെ പിന്നാലെ പോയി വീഴാതിരിക്കാൻ അദ്ദേഹം കാണിച്ച കരുതൽ, അത് ഇഷ്ടപ്പെട്ടു!'

Content Highlights: Donald Trump intervened to prevent a child from falling during a Las Vegas event., The event focused on tax-free tips policy discussions., Social media users praised Trump's paternal instincts and quick reflexes., Trump made a lighthearted comparison to Joe Biden's past public stumbles., The incident highlights a rare humanizing moment for the political figure.