'മുലയൂട്ടൽ ഒരു പരീക്ഷയല്ല, ആരും വേദനയെക്കുറിച്ചും കുറ്റബോധത്തെക്കുറിച്ചും സംസാരിക്കാറില്ല'

അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ്. എന്നാൽ, ആ യാത്രയിൽ അമ്മമാർ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ പലപ്പോഴും വേണ്ടരീതിയിൽ ചർച്ചചെയ്യപ്പെടാതെ പോകാറുണ്ട്. മിനിസ്‌ക്രീൻ താരം ദിവ്യാങ്ക തൃപാഠി, മുലയൂട്ടലുമായി ബന്ധപ്പെട്ട് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. യൂട്യൂബ് വ്‌ളോഗിലൂടെയാണ് താരം പുതിയ അമ്മമാർ അനുഭവിക്കുന്ന മാനസിക-ശാരീരിക പ്രയാസങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചത്. കുഞ്ഞുങ്ങൾ ജനിച്ചിട്ട് രണ്ടു മാസം പിന്നിടുമ്പോഴും മുലയൂട്ടലുമായി പൂർണ്ണമായി പൊരുത്തപ്പെടാൻ താൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ദിവ്യാങ്ക പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ദിവ്യാങ്ക അമ്മയായത്. ഇരട്ട ആൺകുഞ്ഞുങ്ങളാണ് ഇവർക്ക്.
'മുലപ്പാൽ കുഞ്ഞിന് എത്രത്തോളം പോഷകഗുണമുള്ളതാണെന്ന് എല്ലാവരും പറയും. എന്നാൽ, അമ്മ കടന്നുപോകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് ആരും എന്തുകൊണ്ട് പരസ്യമായി സംസാരിക്കുന്നില്ല?' എന്ന് ദിവ്യാങ്ക ചോദിക്കുന്നു. അമ്മയോ സഹോദരിയോ അടുത്ത സുഹൃത്തുക്കളോ പോലും മുലയൂട്ടൽ യാഥാർത്ഥ്യത്തിൽ എങ്ങനെയുള്ള അനുഭവമായിരിക്കുമെന്ന് മുൻകൂട്ടി പറഞ്ഞുതന്നിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
പ്രസവാനന്തരം ശരീരത്തിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളെക്കുറിച്ച് താരം വിശദീകരിച്ചു. കുഞ്ഞുങ്ങൾ കരയുമ്പോഴോ അല്ലെങ്കിൽ സമയമാകുമ്പോഴോ ശരീരം സ്വയം പാലുല്പാദിപ്പിക്കാൻ തുടങ്ങും. ഇത് പലപ്പോഴും വസ്ത്രങ്ങളിൽ പാടുകൾ വീഴ്ത്തുന്നതിനും വലിയ അസ്വസ്ഥതകൾക്കും കാരണമാകാറുണ്ടെന്ന് അവർ പറയുന്നു.കൂടാതെ, കുഞ്ഞുങ്ങളെ കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും വരുന്ന സമയങ്ങളിൽ മുലയൂട്ടൽ വൈകുന്നത് കടുത്ത ശാരീരിക വേദനയ്ക്ക് വഴിവെക്കാറുണ്ട്. 'ആളുകളെ സ്വീകരിക്കുന്നതിനിടയിൽ ചിലപ്പോൾ മുലയൂട്ടുന്നത് വൈകും. അപ്പോൾ അനുഭവപ്പെടുന്ന വേദന സഹിക്കാവുന്നതിലും അപ്പുറമാണ്. ഇതിനൊപ്പം വരുന്ന കുറ്റബോധത്തെക്കുറിച്ചും ആരും സംസാരിക്കാറില്ല,' ദിവ്യാങ്ക പറഞ്ഞു.
മുലയൂട്ടലിന്റെ പേരിൽ വിഷമിക്കുന്ന പുതിയ അമ്മമാർക്ക് ആശ്വാസവാക്കുകളോടെയാണ് ദിവ്യങ്ക സന്ദേശം അവസാനിപ്പിക്കുന്നത്. 'മുലയൂട്ടൽ ഒരു പരീക്ഷയല്ല. ശരിയായ രീതിയിൽ കുഞ്ഞിനെ പാൽ കുടിപ്പിക്കാൻ കഴിയുക എന്നത് ഒരു കഴിവുമല്ല. സമയമെടുത്ത് അമ്മയും കുഞ്ഞും പരസ്പരം പഠിച്ചെടുക്കുന്ന ഒരു അനുഭവമാണത്. അതുകൊണ്ട് തുടക്കത്തിൽ ഉണ്ടാകുന്ന പാളച്ചകളിൽ സ്വയം കുറ്റപ്പെടുത്തേണ്ടതില്ല,' എന്ന് താരം ഓർമ്മിപ്പിക്കുന്നു.
Content Highlights: Divyanka Tripathi opens up about the physical and mental challenges of breastfeeding her twin boys., Highlights the lack of open conversations around postpartum body changes and breastfeeding pain., Assures new mothers that breastfeeding is a learning process, not an exam or test of skill.