'നിങ്ങൾ ഞങ്ങളുടെ സ്‌ട്രെസ് റിലീഫ്'; മെസ്സേജ് കണ്ട് അത്ഭുതപ്പെട്ടു, മാനസികാരോഗ്യം പ്രധാനമാണ്-ധ്യാന്‍

ധ്യാന്‍ ശ്രീനിവാസന്‍
ധ്യാന്‍ ശ്രീനിവാസന്‍

ഇന്ന് ആളുകളെല്ലാം അമിതസമ്മര്‍ദം അനുഭവിക്കുന്നവരാണെന്നും തന്റെ ഇന്റര്‍വ്യൂകള്‍ കണ്ടവര്‍, അവര്‍ക്കത് സ്‌ട്രെസ് റിലീഫാണ് നല്‍കുന്നതെന്ന് പറഞ്ഞപ്പോള്‍ അത്ഭുതമാണ് തോന്നിയതെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. തന്റെ പുതിയ സിനിമയായ ഡിക്റ്ററ്റിവ് ഉജ്ജ്വലനന്റെ പ്രമോഷന്റെ ഭാഗമായി പേളിമാണി ഷോയില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍. 

ടോക്‌സിക്കായ വര്‍ക്ക് കള്‍ച്ചറാണ് ഇപ്പോഴുള്ളത്. എത്രയോ പേര്‍ കൗണ്‍സിലിങിനും തെറാപ്പിക്കും പോകുന്നു. സൈക്കോളജിയും സൈക്യാട്രിയും തമ്മിലുള്ള വ്യത്യാസമറിയാത്തവര്‍ എത്രയോ പേരുണ്ട്. എത്രത്തോളം സമ്മര്‍ദം അനുഭവിക്കുന്നുണ്ട് എന്ന് സ്വയം തിരിച്ചറിയാത്തവര്‍ പോലുമുണ്ട്, അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു. 

ലോകത്ത് നമുക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം സത്പ്രവര്‍ത്തിയാണെന്ന ധ്യാനിന്റെ പരാമര്‍ശത്തോട്, ലക്ഷക്കണക്കിന് ആളുകളാണ് ധ്യാനിന്റെ ഇന്റര്‍വ്യൂ കാണുമ്പോള്‍ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതെന്നും അപ്പോള്‍ അതൊരു ചാരിറ്റിയാണ് അല്ലേ എന്ന മറുചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉത്കണ്ഠ, വിഷാദം, ഡിമന്‍ഷ്യ, സ്‌കിസോഫ്രീനിയ, ഒസിഡി, ബൈപോളാര്‍, പോസ്റ്റ് ട്രൊമാറ്റിക് ഡിസോഡര്‍, സ്ലീപ്പിങ് ഡിസോഡര്‍ എന്നിവയെല്ലാം ഉള്ളവര്‍ ഒരുപാടുണ്ട്. ജോലിയൊക്കെ കഴിഞ്ഞ് വരുമ്പോള്‍ ആളുകള്‍ക്ക് വേണ്ടത് സ്‌ട്രെസ്സില്‍ നിന്നെല്ലാമുള്ള മോചനമാണ്. ചിരിയ്ക്കാനാണ് അവര്‍ക്കെല്ലാം ആഗ്രഹമെന്നും അതാണ് ഏറ്റവും വലിയ തെറാപ്പിയെന്നും ധ്യാന്‍ പറയുന്നു. 

എനിക്ക് കിട്ടിയ മെസ്സേജുകളിലെല്ലാം നിങ്ങള്‍ ഞങ്ങളുടെ തെറാപ്പിയാണ്, സ്‌ട്രെസ് റിലീഫാണ്, സ്‌ട്രെസ് ബസ്റ്ററാണ് എന്നെല്ലാമാണുള്ളത്. അതുകണ്ട് അത്ഭുതമാണ്. നിത്യജീവിതത്തില്‍ ആളുകള്‍ അത്രമാത്രം സ്‌ട്രെസ്ഡ് ആണ്. ആളുകള്‍ക്ക് അപ്പോയിന്റ്‌മെന്റ് എടുത്ത് സൈക്കോളജിസ്റ്റിനോട് സംസാരിക്കാവുന്ന ഒരു സംരംഭം തുടങ്ങുന്നതിനെപ്പറ്റിയാണ് കഴിഞ്ഞ കാലങ്ങളായി ഞാന്‍ ആലോചിക്കുന്നത്, ധ്യാന്‍ പറഞ്ഞു. 

ഇന്ന് ആളുകള്‍ അസഹിഷ്ണുക്കളാണെന്നും ഒരാളുടെ സ്‌ട്രെസ്സും മറ്റും മറ്റൊളുടെ മേല്‍ തീര്‍ക്കുന്ന സ്ഥിതിയാണുള്ളതെന്നും ജോലിസ്ഥലത്തെ സമ്മര്‍ദം നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ഇതൊരു പ്രധാനപ്പെട്ട കാര്യമാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. 

ആരും സംസാരിക്കാനില്ലാത്ത, സുഹൃത്തുക്കളില്ലാത്ത ഒരുപാടുപേരുണ്ട്. കാരണം എല്ലാവരും അവരവരുടെ ജീവിതത്തില്‍ തിരക്കിലാണ്. അതുകൊണ്ടുതന്നെ സൈക്കോളജിസ്റ്റുകളുമായി സഹകരിച്ച് മാനസികാരോഗ്യത്തിനായി ഒരു ആപ്പോ, കണ്‍സള്‍ട്ടന്‍സിയോ തുടങ്ങാന്‍, അങ്ങനെയൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ഞാന്‍ ആളുകളുമായി സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. എനിക്കത് ചെയ്യണമെന്ന് ഞാന്‍ കാര്യമായി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യുന്നുണ്ട്, ധ്യാന്‍ പറഞ്ഞു. 

Content Highlights: Dhyan Sreenivasan on Stress, Mental Health