വെള്ളം കുടിക്കുന്നതുപോലും ശ്രദ്ധിച്ചുവേണം; ജീവനക്കാരോട് വിമാനക്കമ്പനി, നിര്‍ദേശത്തിന് പിന്നിലെന്ത്?

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

പൈലറ്റുമാരും ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരെയും യൂണിഫോമില്‍ ആയിരിക്കുമ്പോള്‍ പൊതുസ്ഥലങ്ങളില്‍ വെച്ച് കാപ്പി, ചായ, സോഡ എന്നിവ കുടിക്കുന്നത് വിലക്കി ബ്രിട്ടീഷ് എയര്‍വേയ്സ്. ജീവനക്കാര്‍ക്ക് പൊതുസ്ഥലങ്ങളില്‍ വെച്ച് വെള്ളമല്ലാതെ മറ്റൊന്നും കുടിക്കാന്‍ അനുവാദമില്ല. വെള്ളം പോലും ആരും കാണാതെ വിവേകപൂര്‍വ്വം കുടിക്കണം. കാപ്പിയും മറ്റ് പാനീയങ്ങളും സ്റ്റാഫ് റൂമുകള്‍ അല്ലെങ്കില്‍ കാന്റീനുകള്‍ പോലുള്ള നിശ്ചിത സ്ഥലങ്ങളില്‍ വെച്ച് മാത്രമേ കഴിക്കാന്‍ പാടുള്ളൂ എന്നും കര്‍ശന നിര്‍ദേശമുണ്ട്.

വിമാനക്കമ്പനിയുടെ പ്രതിച്ഛായ മങ്ങലേല്‍ക്കാതെ നിലനിര്‍ത്തുന്നതിനായാണ് ബ്രിട്ടീഷ് എയര്‍വേയ്സ് പുതിയ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതെന്ന് വ്യോമയാന - വിനോദസഞ്ചാര മേഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന PYOK റിപ്പോര്‍ട്ട് ചെയ്യുന്നു. പാനീയങ്ങള്‍ കഴിക്കുന്നതിന് മാത്രമല്ല ജീവനക്കാടെ വേഷവിധാനത്തിലും സൗന്ദര്യ സംരക്ഷണത്തിലും കര്‍ശന വ്യവസ്ഥകള്‍ വിമാനക്കമ്പനി നിശ്ചയിച്ചിട്ടുണ്ട്. അംഗീകൃത നിറങ്ങളിലുള്ള നെയില്‍ പോളിഷ്, ലിപ്സ്റ്റിക്, ഹെയര്‍സ്‌റ്റൈലുകള്‍, കണ്ണടകള്‍ എന്നിവ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

ഇതുകൊണ്ടൊന്നും നിയന്ത്രണങ്ങള്‍ അവസാനിക്കുന്നില്ല തങ്ങളുടെ ജീവനക്കാര്‍ യൂണിഫോമില്‍ യാത്ര ചെയ്യുന്നതും ബ്രിട്ടീഷ് എയര്‍വേയ്സ് വിലക്കിയിട്ടുണ്ട്. മറ്റ് എയര്‍ലൈനുകളിലെ ജീവനക്കാര്‍ക്ക് ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ യൂണിഫോം ധരിക്കാന്‍ അനുവാദമുണ്ട്. പക്ഷേ, ബ്രിട്ടീഷ് എയര്‍വെയ്‌സ് ജീവനക്കാര്‍ മറ്റുവിമാനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല.

ജോലിക്കിടെ താമസിക്കുന്ന ഹോട്ടലുകളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതില്‍ നിന്നും ബ്രിട്ടീഷ് എയര്‍വേയ്സ് ക്യാബിന്‍ ക്രൂവിനെയും പൈലറ്റുമാരെയും കമ്പനി വിലക്കിയിട്ടുണ്ട്. ഈ വിലക്ക് സ്വകാര്യ അക്കൗണ്ടുകള്‍ക്കും ബാധകമാണ്. ഇതുകൂടാതെ ഹോട്ടലുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷാപരമായ കാരണങ്ങളാണ് എയര്‍ലൈന്‍ ഇതില്‍ ചൂണ്ടിക്കാണിക്കുന്നത്. ചിത്രങ്ങളിലെ പശ്ചാത്തല വിവരങ്ങള്‍ വിശകലനം ചെയ്ത് ഹോട്ടല്‍ ലൊക്കേഷനുകള്‍ കണ്ടെത്താന്‍ നൂതന എഐ ടൂളുകള്‍ക്ക് കഴിയുമെന്നും ഇത് ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിയമം പാലിക്കാത്ത ജീവനക്കാര്‍ അച്ചടക്കനടപടി നേരിടേണ്ടി വന്നേക്കാം.

സമീപകാലത്തായി ബ്രിട്ടീഷ് എയര്‍വേയ്സ് ജീവനക്കാര്‍ക്കുമേല്‍ കര്‍ശന നിബന്ധനകളാണ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പൈലറ്റുമാരും ക്യാബിന്‍ ക്രൂവും ജോലിക്കിടെ യൂണിഫോമിലുള്ള ഫോട്ടോകളോ ഉള്ളടക്കങ്ങളോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് നേരത്തെതന്നെ വിലക്കിയിരുന്നു. വിമാനത്തിനുള്ളിലോ, ചെക്ക്-ഇന്‍ സമയത്തോ, എയര്‍പോര്‍ട്ട് ടെര്‍മിനലിലൂടെ നടക്കുമ്പോഴോ എടുത്ത ഫോട്ടോകള്‍ പങ്കുവെക്കുന്ന ജീവനക്കാര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് നേരത്തെതന്നെ കമ്പനി നിര്‍ദേശിച്ചിരുന്നു. ഈ മാറ്റങ്ങള്‍ തൊഴില്‍ സംസ്‌കാരം മെച്ചപ്പെടുത്തലിന്റെ ഭാഗമാണെന്ന് എയര്‍ലൈന്‍ പറയുന്നുണ്ടെങ്കിലും സ്ഥാപനത്തിനുള്ളില്‍ തന്നെ ഇതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

Content Highlights: New BA policy restricts cabin crew and pilots from consuming non-water beverages in public while in