ആണുങ്ങളാണ് കൂടുതൽ റൊമാന്റിക്; പ്രണയത്തകര്‍ച്ച കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരെയെന്നും പഠനം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പ്രണയബന്ധം തകരുന്നത് കൂടുതലായി ബാധിക്കുന്നത് പുരുഷന്മാരെയാണെന്ന് പഠനം. വൈകാരികമായ പിന്തുണയ്ക്കായി പുരുഷന്മാര്‍ പ്രണയബന്ധത്തെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ബ്രേക്കപ്പിന് ശേഷം വൈകാരികമായും മനഃശാസ്ത്രപരമായും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് സ്ത്രീകളേക്കാള്‍ പുരുഷന്മാരാണെന്നും ബിഹേവിയറല്‍ ആന്‍ഡ് ബ്രെയിന്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

പ്രണയബന്ധം തകരുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെ കുറച്ചുമാത്രമേ ബാധിക്കുന്നുള്ളൂ. കുടുംബവും സുഹൃത്തുക്കളുമെല്ലാമായി സ്ത്രീകള്‍ക്ക് ശക്തമായ വൈകാരിക പിന്തുണ ലഭിക്കുന്നതിനാലാണ് ഇത്. തങ്ങളുടെ വികാരങ്ങള്‍ കുടുംബവുമായും സുഹൃത്തുക്കളുമായും തുറന്ന് പങ്കുവെക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ മുന്നിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

അതേസമയം പുരുഷന്മാര്‍ക്ക് അത്തരം പിന്തുണ ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വളരെ കുറവാണ്. പുരുഷന്മാര്‍ ശക്തരാണെന്ന പരമ്പരാഗത സങ്കല്‍പ്പത്തിലൂടെ വളര്‍ന്നുവരുന്നതും അത്തരത്തില്‍ കണ്ടീഷന്‍ ചെയ്യപ്പെടുന്നതുമാണ് ഇതിന് കാരണം. സുഹൃത്തുക്കള്‍ക്ക് മുന്നില്‍ പോലും തങ്ങളുടെ ദുര്‍ബലമായ വശം കാണിക്കാതെ 'കൂളായി'രിക്കേണ്ട പ്രവണതയാണ് പുരുഷന്മാരിലുള്ളതെന്നും പഠനത്തില്‍ പറയുന്നു. 

സാമൂഹികമായ കീഴ്‌വഴക്കങ്ങള്‍ കാരണം പുരുഷന്മാര്‍ക്ക് തങ്ങളുടെ വികാരങ്ങളെ അടിച്ചമര്‍ത്തേണ്ടതായി വരുന്നു. ഏതെങ്കിലും തരത്തിലുള്ള വൈകാരിക പിന്തുണ തേടാന്‍ അവര്‍ മടിക്കുന്നു. ഇത് വൈകാരികമായി ദോഷം ചെയ്യുന്ന കാര്യമാണ്. ഇതിന്റെ ഫലമായി പ്രണയബന്ധം തകരുമ്പോള്‍ അത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ് പുരുഷന്മാര്‍ക്കുണ്ടാകുന്നത്. ആ സാഹചര്യം പുരുഷന്മാര്‍ക്ക് വൈകാരികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. 

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതല്‍ റൊമാന്റിക് എന്നും ഇതിനൊപ്പം തന്നെ പഠനത്തില്‍ പറയുന്നു. പ്രണയബന്ധങ്ങള്‍ തേടിപ്പോകാനുള്ള പ്രവണതയും സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്. പുരുഷന്മാര്‍ വളരെയെളുപ്പം പ്രണയത്തില്‍ വീണുപോകുന്നു. സമ്മർദ്ദത്തെ ഉൾപ്പെടെ കുറയ്ക്കാൻ സഹായിക്കുമെന്നതിനാൽ  മാനസികമായും ശാരീരികമായും പുരുഷന്മാര്‍ക്കാണ് പ്രണയബന്ധത്തിലൂടെ കൂടുതൽ ഗുണമുണ്ടാകുന്നത്. പ്രണയമില്ലാത്ത സ്ത്രീയെ അപേക്ഷിച്ച് പ്രണയമില്ലാത്ത പുരുഷന്‍ ഏകാന്തയും വിഷാദവുമെല്ലാം കൊണ്ട് കൂടുതലായി ബുദ്ധിമുട്ടുന്നുവെന്നും പഠനം പറയുന്നു. 

Content Highlights: Breaking up is harder for men than women, men are more romantic, study says