മെറ്റ്ഗാലയിൽ വെറും ജീൻസും ടോപ്പും, ഇന്ത്യൻ മോഡലിന് നൽകിയ വസ്ത്രം ശരിയായില്ല; പ്രതികരണവുമായി ഭവിത

ലോകത്തെ ഫാഷൻ മാമാങ്ക വേദിയായ മെറ്റ് ഗാലയ്ക്ക് തിരശ്ശീല വീണ് ദിനങ്ങൾ പിന്നിടുന്നതേയുള്ളൂ. കൗതുകമുണർത്തുന്നതും വിചിത്രവുമായ നിരവധി വേഷങ്ങളിൽ താരങ്ങൾ മെറ്റ്ഗാല വേദിയിൽ ചുവടുവെച്ചു. ഇക്കൂട്ടത്തിൽ കാഴ്ചയിൽ തികച്ചും ലളിതമെന്ന് തോന്നിക്കുന്ന വസ്ത്രം ധരിച്ച് വിമർശനങ്ങൾ വാങ്ങിക്കൂട്ടിയ ഒരാളുമുണ്ട്. മോഡൽ ഭവിതാ മാണ്ഡവയാണത്. ഇപ്പോഴിതാ തന്റെ മെറ്റ് ഗാല വസ്ത്രത്തിനുനേരെവന്ന വിമർശനങ്ങൾക്ക് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഭവിത.
പ്രമുഖ ഫാഷൻ ബ്രാൻഡായ ഷനെലിന്റെ ജീൻസും ടോപ്പും ധരിച്ചാണ് ഭവിത വേദിയിലെത്തിയത്. പൊതുവേ ഫാഷൻ വേദികളിൽ ആഡംബര വസ്ത്രങ്ങളിൽ മാത്രം താരങ്ങൾ നിറയുമ്പോൾ ഭവിതയുടെ വസ്ത്രം തീർത്തും സാധാരണമായിപ്പോയെന്നാണ് കമന്റുകൾ ഉയർന്നത്. ഇതോടെ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരണവുമായി ഭവിതയെത്തി. ഷനെലിന്റെ ക്രിയേറ്റീവ് ഡയറക്ടർ മാത്യു ബ്ലേസിക്ക് നന്ദിയർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ ആദ്യയാത്ര മുതൽ മെറ്റ് ഗാലയിൽ ചുവടുവെക്കാനുള്ള അവസരം വരെ നൽകിയതിന് നന്ദിയറിയിച്ചാണ് ഭവിത കുറിച്ചത്. തനിക്ക് വളരാനുള്ള അവസരം നൽകുകയും ഫാഷനിലും അതിനപ്പുറവുമുള്ള ഇടങ്ങൾ കണ്ടെത്തുകയും ചെയ്തു. എന്നെന്നും കടപ്പെട്ടിരിക്കുമെന്നാണ് ഭവിത കുറിച്ചത്. തനിക്ക് വസ്ത്രം ഡിസൈൻ ചെയ്തവർക്ക് നന്ദിയറിയിക്കുന്നുമുണ്ട് ഭവിത.
മെറ്റ് ഗാലയിൽ സ്ഥിരം കാണാറുള്ള നാടകീയ കാഴ്ചകൾക്ക് വിരുദ്ധമായിരുന്നു ഭവിതയുടെ വസ്ത്രം. ഷിയർ ഫുൾ സ്ലീവ് ബ്ലൗസും വൈറ്റ് ടാങ്ക് ടോപ്പും ഡെനിമിന് സമാനമായ സിൽക്ക് ട്രൗസറുകളുമാണ് ഭവിത ധരിച്ചത്. ഒപ്പം മിനിമലായ ആഭരണങ്ങളും മേക്കപ്പുമാണ് ചെയ്തത്.
ഭവിതയുടെ മെറ്റ് ഗാല ലുക്ക് പുറത്തുവന്നതോടെ പലരും ഭവിതയുടേത് വെറും ജീൻസും ടോപ്പുമാണെന്ന പരിഹാസ കമന്റുകളുമായി രംഗത്തെത്തിയിരുന്നു. കൂടാതെ മറ്റ് സെലിബ്രിറ്റികൾക്ക് ആഡംബര വസ്ത്രങ്ങൾ ഡിസൈൻ ചെയ്തപ്പോൾ ഇന്ത്യൻ മോഡലിന് സാധാരണ വസ്ത്രം നൽകിയത് പക്ഷപാതമാണെന്നും വിമർശനങ്ങളുയർന്നു. അതേസമയം ഫാഷൻ ഈസ് ആർട്ട് എന്ന തീമിന് ചേർന്നതാണ് ഭവിതയുടെ വസ്ത്രമെന്ന് അനുകൂലിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ചവരുമുണ്ട്.
Content Highlights: Indian model Bhavita Mandav faced backlash for her minimalist Chanel look at Met Gala., Critics labeled the outfit as 'just jeans and a top' compared to other celebrities.