'അനുഷ്‌കയെ മാഡം എന്ന് വിളിക്കുന്നത് എന്തിനാണെന്നും ഭാഭി എന്ന് വിളിച്ചാൽ മതിയെന്നും കോലി പറഞ്ഞു’

ഒരുപാട് ആരാധകരുള്ള താരദമ്പതിമാരാണ് വിരാട് കോലിയും അനുഷ്‌കാ ശർമയും. സോഷ്യൽ മീഡിയയിൽ എപ്പോഴും ഇരുവരുടേയും വീഡിയോകൾ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ കോലിക്കും അനുഷ്‌കയ്ക്കുമൊപ്പമുള്ള രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം ഹർഷിത് റാണ. അനുഷ്‌ക ശർമയെ ആദ്യമായി കണ്ടുമുട്ടിയ അനുഭവമാണ് 'മെൻസ് എക്‌സ്പി'ക്ക് നൽകിയ അഭിമുഖത്തിൽ ഹർഷിത് പങ്കുവെച്ചത്.
2025-ൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയശേഷം ഡ്രസ്സിങ് റൂമിൽവെച്ചാണ് അനുഷ്‌കയെ ഹർഷിത് ആദ്യമായി കാണുന്നത്. 'ഞാൻ ഡ്രസ്സിങ് റൂമിൽ പ്രവേശിച്ചു. അനുഷ്‌ക ശർമയും അവിടെയുണ്ടായിരുന്നു. ഞാൻ അവരെ ആദ്യമായിട്ടാണ് കാണുന്നത്. അതിനാൽ മാഡം എന്ന് വിളിച്ചു. അപ്പോൾ വിരാട് കോലി എന്നോട് പറഞ്ഞു, 'നീയെന്തിന് മാഡം എന്ന് വിളിക്കുന്നു? അവരെ ഭാഭി എന്ന് വിളിക്കൂ എന്ന്'. ഞാൻ അവരെ ആദ്യമായി കാണുകയാണെന്ന് കോലിയോട് പറഞ്ഞു. അപ്പോൾ കോലി പറഞ്ഞ മറുപടിയായിരുന്നു രസകരം. ഞാൻ കുറച്ച് സമയം മുമ്പ് കോലിയുടെ ദേഹത്തേക്ക് ഷാംപെയ്ൻ ഒഴിച്ചുവെന്നും അത്രയും അടുപ്പമുള്ള ഒരാളാണ് നിന്നെ മാഡം എന്ന് വിളിക്കുന്നത് എന്നുമായിരുന്നു കോലി അനുഷ്‌കയോട് പറഞ്ഞത്.' -ഹർഷിത് റാണ അഭിമുഖത്തിൽ പറഞ്ഞു.
വിരാട് കോലിക്ക് തമാശ ഒരുപാട് ഇഷ്ടമാണെന്നും തമാശകൾ പറയാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഹർഷിത് കൂട്ടിച്ചേർത്തു. കുറച്ച് വർഷങ്ങളായി വിരാട് കോലിയും അനുഷ്‌ക ശർമയും ലണ്ടനിലാണ് താമസിക്കുന്നത്. 2024-ൽ മകൻ അകായ് ജനിച്ചതിന് ശേഷമാണ് അവർ ലണ്ടനിലേക്ക് താമസം മാറിയത്. വിരാട് കോലിയും അനുഷ്‌ക ശർമയും 2017-ലാണ് വിവാഹിതരായത്. 2021-ൽ അവർക്ക് മൂത്ത മകൾ വാമിക ജനിച്ചു.
Content Highlights: bhabhi bol inko harshit rana recalls how virat kohli pulled his leg after meeting anushka sharma