കൂട്ടുകാരിക്കൊപ്പം താമസിക്കാന്‍ മകള്‍ വീട് വിട്ടു; ആഞ്ജലീന ജോളി അസ്വസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍

ആഞ്ജലീന ജോളി മകള്‍ ഷിലോഹ് ജോളിക്കൊപ്പം | Photo: Getty Images
ആഞ്ജലീന ജോളി മകള്‍ ഷിലോഹ് ജോളിക്കൊപ്പം | Photo: Getty Images

ഹോളിവുഡ് താരം ആഞ്ജലീന ജോളി മകള്‍ ഷിലോഹ് ജോളിയുടെ തിരഞ്ഞെടുപ്പില്‍ അസ്വസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍. കാമുകിയും നര്‍ത്തകിയുമായ കിയോണി റോസിനൊപ്പം താമസിക്കാനായി ഷിലോഹ് വീട് വിട്ടുപോയതാണ് ആഞ്ജലീനയെ മാനസിക സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മകളുടെ തീരുമാനം അംഗീകരിക്കാന്‍ ആഞ്ജലീന ജോളിക്ക് ബുദ്ധിമുട്ടുണ്ടെന്നും ഷിലോഹ് താത്ക്കാലികമായി കിയോണിക്കൊപ്പം താമസം മാറിയെന്നും അമേരിക്കന്‍ മാധ്യമമായ റഡാര്‍ ഓണ്‍ലൈന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും ആഴ്ച്ചകളായി ഇരുവരും ഒരുമിച്ച് താമസിക്കുകയാണെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

'ഈ വിഷയത്തില്‍ ആഞ്ജലീന ജോളിയുടെ സമാധാനം നഷ്ടപ്പെട്ടു. മക്കളെല്ലാവരും ഒരു വീട്ടില്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍.' നടിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മക്കള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകടമ്പടിയുള്ളതാണ് ആശ്വാസം നല്‍കുന്ന കാര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഷയത്തില്‍ ബ്രാഡ് പിറ്റും ആശങ്കാകുലനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഷിലോഹിന്റെ പുതിയ ജീവിതത്തിന് ആഞ്ജലീനയും ഉത്തരവാദിയാണെന്ന് ബ്രാഡ് പിറ്റ് കരുതുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഷിലോഹും കിയോണിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് കഴിഞ്ഞ നവംബറിലാണ്. അടുത്തിടെ ലോസ് ഏയ്ഞ്ചല്‍സിലെ ഒരു അപാര്‍ട്‌മെന്റിന് പുറത്ത് ഇരുവരും ആലിംഗനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ തന്റെ പേരില്‍ നിന്ന് 'പിറ്റ്' ഔദ്യോഗികമായി ഷിലോഹ് നീക്കം ചെയ്തിരുന്നു. ഷിലോഹ് ജോളി പിറ്റ് എന്ന പേര് ഷിലോഹ് ജോളി എന്നാക്കി മാറ്റിയിരുന്നു.

2003-ലാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും തമ്മിലുള്ള പ്രണയം തുടങ്ങിയത്. ബ്രാഞ്ജലീന എന്ന പേരില്‍ ആരാധകര്‍ ഇത് ആഘോഷമാക്കുകയും ചെയ്തു. പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചശേഷം 2014-ല്‍ ഔദ്യോഗികമായി വിവാഹിതരായി. അന്ന് മൂന്ന് കുട്ടികളുടെ മാതാപിതാക്കളായിരുന്നു. പിന്നീട് മൂന്ന് കുട്ടികളെ കൂടി ഇരുവരും ദത്തെടുത്തിരുന്നു. എന്നാല്‍ ഈ സന്തോഷകരമായ കുടുംബജീവിതം 2016-ല്‍ അവസാനിച്ചു. ഇരുവരും വേര്‍പിരിയുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചു. 

Content Highlights: angelina jolie not calm as daughter shiloh moves in with rumoured partner