അച്ഛനെ വൃദ്ധസദനത്തിലാക്കിയിട്ടില്ല, വ്യാജവാർത്തകൾ വിഷമിപ്പിച്ചു; പ്രതികരിച്ച് അമൃതയും അഭിരാമിയും

#Lifestyle desk
അമൃതയും അഭിരാമിയും വീഡിയോയിൽ കാര്യങ്ങൾ വിശദീകരിക്കുന്നു.
അമൃതയും അഭിരാമിയും വീഡിയോയിൽ കാര്യങ്ങൾ വിശദീകരിക്കുന്നു.

ങ്ങളുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിക്കൊണ്ട് യൂട്യൂബിലൂടെ പുറത്തുവന്ന വീഡിയോയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച് ഗായിക അമൃതാ സുരേഷും സഹോദരി അഭിരാമിയും. ഇരുവരുടെയും പിതാവ് അദ്ദേഹത്തിന്റെ മരണത്തിനു മുമ്പ് വൃദ്ധസദനത്തിലായിരുന്നു താമസിച്ചിരുന്നത് എന്ന് പറഞ്ഞുകൊണ്ട് വിവിധ യുട്യൂബ് ചാനലുകളിലൂടെ പ്രചരിച്ച തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോകൾക്കെതിരെയാണ് ഇരുവരും രംഗത്തെത്തിയത്. വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ തികച്ചും തെറ്റാണെന്നും വളരെ സെൻസിറ്റീവ് ആയതുകൊണ്ടാണ് ഇതിനോട് പ്രതികരിക്കാം എന്ന് കരുതി ഈ വീഡിയോ ചെയ്യുന്നതെന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അമൃതയും അഭിരാമിയും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുതൽ തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട് ഒരു തെറ്റായ കാര്യം സോഷ്യൽമീഡിയയിൽ പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും അതിന് വിശദീകരണവുമായാണ് വീഡിയോ ചെയ്യുന്നതെന്നും അമൃത പറഞ്ഞു.

ഈ വിഷയത്തെക്കുറിച്ച് ഇനി അനാവശ്യമായ ചർച്ചകളൊന്നും ഉണ്ടാവാതിരിക്കാനാണ് ഞങ്ങൾ ഈ വീഡിയോയിലൂടെ വ്യക്തത വരുത്താം എന്ന് വിചാരിച്ചത്. ഞങ്ങളുടെ അച്ഛൻ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ അനാഥാശ്രമത്തിൽ ആയിരുന്നുവെന്നും ഞങ്ങളും അമ്മയും അച്ഛനെ അനാഥാശ്രമത്തിൽ കൊണ്ടുപോയി തള്ളി എന്നെല്ലാമാണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം ആദ്യം പുറത്തുവന്നത്. ഒരു ടിവി ചാനൽ ചർച്ചയിലെ ഒരു ഭാഗമെടുത്ത് അവർ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. അത് അവർ മനപ്പൂർവം ചെയ്ത പ്രവൃത്തിയാണ്. ആ ടിവി ചർച്ചയിൽ മിത്രകുലം എന്ന് പറയുന്ന ഒരു കമ്മ്യൂണിന്റെ ഉടമസ്ഥൻ, അമൃതയുടെ അച്ഛൻ സുരേഷ് കമ്മ്യൂണിന്റെ ഭാഗമായിരുന്നെന്നും അദ്ദേഹം അവിടെ വന്നു താമസിച്ചിട്ടുണ്ടെന്നും പറയുന്ന ചെറിയൊരു ഭാഗം മാത്രമെടുത്താണ് വീഡിയോ ചെയ്തിരിക്കുന്നത്.

ചർച്ചയിലെ മറ്റ് ഭാഗങ്ങളൊന്നും യൂട്യൂബ് ചാനലിൽ വന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനുശേഷം ഒരുപാട് പേർ റിയാക്ഷൻ വീഡിയോയുമായെത്തുകയായിരുന്നു. അത് ഞങ്ങൾക്കൊരുപാട് വേദനയുണ്ടാക്കി. സത്യാവസ്ഥ അറിയാതെ ഒരു കുടുംബത്തെ വേദനിപ്പിക്കാനായി വീഡിയോ ചെയ്യുന്നത് ശരിയായ കാര്യമല്ല, വീഡിയോയിൽ അമൃത പറഞ്ഞു. ദയവായി നിർത്തൂ എന്ന് കുറിച്ചുകൊണ്ടാണ് ഇരുവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇത്തരത്തിൽ കുടുംബത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യങ്ങൾ ഒന്നോ രണ്ടോ വാക്കുകൾ കേട്ടുകൊണ്ടല്ല പ്രചരിപ്പിക്കേണ്ടത് എന്ന് അഭിരാമി പറഞ്ഞു. പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് ഉറപ്പുവരുത്തിയാണ് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

ഞങ്ങളുടെ അച്ഛൻ സാമൂഹികമായി ഇടപെടുന്ന, പല കമ്മ്യൂണുകളുടെയും ഭാഗമായിരുന്ന ഒരാളാണ്. ഈ ചർച്ചയിൽ പറയുന്ന മിത്രകുലം എന്ന കമ്മ്യൂണിന്റെ ഒരു ട്രസ്റ്റി കൂടിയായിരുന്നു തങ്ങളുടെ അച്ഛനെന്നും അമൃത പറഞ്ഞു. മിത്രകുലത്തിൽ ഞങ്ങൾ കുടുംബത്തോടെ പലപ്പോഴും പോയിട്ടുള്ളതാണ്. ഇതുപോലെ വയസ്സായവരെ സംരക്ഷിക്കുന്ന ആശ്രമങ്ങളിൽ പോവുക, പ്രവൃത്തിക്കുക എന്നുള്ളത് അച്ഛന് താത്പര്യമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾക്കൊന്നും ഞങ്ങൾ എതിരുനിന്നിട്ടില്ല, അവർ വ്യക്തമാക്കി.

അന്നും ഇന്നും പൊന്നുപോലെയാണ് മാതാപിതാക്കളെ നോക്കിയത്. യൂട്യൂബിൽ വീഡിയോ പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നിയമപരമായി നടപടിയെടുക്കുമെന്ന് അമൃത പറഞ്ഞു. മുൻ ബന്ധങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും മറ്റും കൂട്ടിക്കലർത്തിക്കൊണ്ട് പറയുന്നതിന്റെ സമയം കഴിഞ്ഞു. എന്തിനാണ് ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം മിക്‌സ് ചെയ്ത് പറയുന്നത് എന്ന് അഭിരാമി ചോദിച്ചു. സാഡിസ്റ്റിക് ആയ കാര്യങ്ങളാണിതെല്ലാം. ഈ പ്രശ്‌നം ഇവിടെവെച്ച് നിർത്തണം. ഈ പ്രശ്‌നത്തിന്റെ യാഥാർഥ്യം വിശദമാക്കിക്കൊണ്ട് ചില വ്‌ളോഗർമാർ വീഡിയോ ചെയ്തിട്ടുണ്ടെന്നും അവർക്ക് നന്ദി അറിയിക്കുന്നതായും ഇരുവരും പറഞ്ഞു. മിത്രകുലം കമ്മ്യൂണിന്റെ ഉടമസ്ഥനായ അനിൽ ടിവി ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വീഡിയോ പ്രചരിപ്പിക്കപ്പെട്ടതിനാൽ താൻ പറഞ്ഞകാര്യങ്ങളെന്താണെന്നും അതിന്റെ സത്യാവസ്ഥ എന്താണെന്നും വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം വീഡിയോ ഷെയർ ചെയ്തിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.

Content Highlights: Amritha and Abhirami debunked viral rumors about their father being abandoned in an old age home., The controversy stemmed from a misinterpreted video clip from a TV discussion regarding the Mitrakulam community.