കൂള്‍ ലുക്കും കളര്‍ഫുള്‍ ഔട്ട്ഫിറ്റും; ബ്രിട്ടനില്‍ ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നത് അക്ഷത

ബ്രിട്ടനിലെ ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമതെത്തി പ്രധാനമന്ത്രി ഋഷി സുനാകിന്റെ ഭാര്യ അക്ഷതാ മൂര്‍ത്തി. ടാറ്റ്‌ലര്‍ മാഗസിന്‍ പുറത്തുവിട്ട 2023-ലെ പട്ടികയിലാണ് ഫാഷന്‍ ഡിസൈറും ബിസിനസുകാരിയുമായ അക്ഷത ഇടം പിടിച്ചത്. നടന്‍ ബില്‍ നൈഗി, ബിയാട്രിസ് രാജകുമാരിയുടെ ഭര്‍ത്താവ് എഡ്വാര്‍ഡോ മാപ്പെല്ലി മോസി എന്നിവരും 43-കാരിയായ അക്ഷതയ്‌ക്കൊപ്പം പട്ടികയില്‍ സ്ഥാനം കണ്ടെത്തി.
'ഫസ്റ്റ് ലേഡി ഫാബുലസ്' എന്ന വിശേഷണത്തോടെയാണ് മാഗസിന്‍ അക്ഷതയെ തിരഞ്ഞെടുത്തത്. ഫാഷന്‍ സ്റ്റൈലും കൂള്‍ ലുക്കുമാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. എപ്പോഴും കളര്‍ഫുള്‍ ഔട്ട്ഫിറ്റുകള്‍ ധരിക്കാനാണ് അക്ഷതയ്ക്ക് താത്പര്യം. വ്യത്യസ്ത ഡിസൈനുകളുള്ള ഗൗണും കടുംനിറത്തിലുള്ള പാന്റും ഷര്‍ട്ടുമെല്ലാം ധരിച്ച് അക്ഷത പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ആഡംബര വസ്ത്രങ്ങളും ബാഗുകളും ചെരുപ്പുകളാണ് എപ്പോഴും ധരിക്കാറുള്ളത്. ഗൂച്ചി ബ്രാന്‍ഡിന്റെ 445 പൗണ്ട് (47,023 രൂപ) വിലയുള്ള സ്‌നീക്കറുകള്‍ ധരിച്ചതും ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്‌കര്‍ട്ട് അണിഞ്ഞതുമെല്ലാം നേരത്തെ വാര്‍ത്തയായിരുന്നു. സ്‌കൂളില്‍ നിന്ന് മക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വന്നപ്പോള്‍ ധരിച്ച സ്ലിപ്പറുകളും വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിച്ചു. ജെ ഡബ്ല്യു ആന്‍ഡേഴ്‌സണ്‍ ബ്രാന്‍ഡിന്റെ 570 പൗണ്ട് (60,232 രൂപ) വിലയുള്ള സ്ലിപ്പറുകളാണ് അന്ന് ധരിച്ചത്.
ഇന്ത്യന്‍ ബഹുരാഷ്ട്രകമ്പനിയായ ഇന്‍ഫോസിസ് സഹസ്ഥാപകരായ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളാണ് അക്ഷത. കാലിഫോര്‍ണിയയിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം. അതിനുശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എം.ബി.എ. ചെയ്തു. സ്റ്റാന്‍ഫോര്‍ഡിലെ പഠനത്തിനിടയിലാണ് ഋഷി സുനാക്കിനെ അക്ഷത പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വളരുകയായിരുന്നു
Content Highlights: akshata murty named uks best dressed for fashion that steals the show