എന്റെ ജീവിതം നിങ്ങളുടെ കണ്ടന്റ് അല്ല, എന്റെ നിശബ്ദത നിങ്ങള്‍ക്കുള്ള അനുവാദവുമല്ല- ഐശ്വര്യ ശർമ

ഐശ്വര്യ ശർമ, നീൽ ഭട്ട് | Photos: instagram
ഐശ്വര്യ ശർമ, നീൽ ഭട്ട് | Photos: instagram

പ്രശസ്ത ഹിന്ദി ടെലിവിഷന്‍ താരവും നര്‍ത്തകിയുമായ ഐശ്വര്യ ശര്‍മ വിവാഹമോചിതയാകുന്നുവെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങളായി പ്രചരിക്കുന്നത്. നടനും നര്‍ത്തകനുമായ നീല്‍ ഭട്ടിനൊപ്പമുള്ള വിവാഹബന്ധത്തില്‍ വിള്ളല്‍ വീണുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഹിന്ദി ബിഗ് ബോസ് 17-ാം സീസണിലെ മത്സരാർഥികളായിരുന്ന ഇരുവരും നിലവില്‍ വേര്‍പെട്ടാണ് ജീവിക്കുന്നതെന്നും ഉടന്‍ വിവാഹമോചനമുണ്ടാകുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ഐശ്വര്യ ശര്‍മ. 

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് തനിക്ക് പറയാനുള്ളത് താരം കുറിച്ചത്. ഇത്രകാലം നിശബ്ദയായിരുന്നത് താന്‍ ദുര്‍ബലയായതിനാലല്ല, മറിച്ച് മനസ്സമാധാനത്തിനുവേണ്ടിയാണെന്ന് പറഞ്ഞ ഐശ്വര്യ, തെറ്റായ പ്രചാരണങ്ങള്‍ക്ക് തന്റെ പേര് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ടു. താന്‍ ആര്‍ക്കും അഭിമുഖങ്ങളോ പ്രസ്താവനകളോ നല്‍കിയിട്ടില്ലെന്നും താരം വ്യക്തമാക്കി. തന്റെ ജീവിതം വെറും കണ്ടന്റല്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Also Read: ആഞ്ജലീന ജോളിയുമായുള്ള 682 കോടിയുടെ വിവാഹമോചനം: ഇതൊന്നും വലിയ കാര്യമല്ലെന്ന് ബ്രാഡ് പിറ്റ്

ഐശ്വര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

'ഞാന്‍ ദീര്‍ഘകാലം നിശബ്ദയായിരുന്നു. അത് ഞാന്‍ ദുര്‍ബലയായതിനാലല്ല, മറിച്ച് എന്റെ മനസ്സമാധാനത്തിനുവേണ്ടിയാരിരുന്നു. എന്നാല്‍ നിങ്ങളില്‍ ചിലര്‍ ഞാന്‍ പറയാത്ത കാര്യങ്ങള്‍ എഴുതുന്നു, ഞാന്‍ അംഗീകരിക്കാത്ത ആഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നു, വസ്തുതകളും ഉത്തരവാദിത്തവുമില്ലാതെ നിങ്ങളുടെ മാത്രം പ്രശസ്തിക്കുവേണ്ടി എന്റെ പേര് ഉപയോഗിക്കുന്നു. ഇത് വളരെ വേദനാജനകമാണ്.' -ഐശ്വര്യ ശര്‍മ പറഞ്ഞു. 

'ഞാന്‍ വ്യക്തമായി പറയട്ടെ: അഭിമുഖങ്ങളോ പ്രസ്താവനകളോ റെക്കോര്‍ഡിങ്ങുകളോ ഒന്നും ഞാന്‍ നല്‍കിയിട്ടില്ല. നിങ്ങളുടെ പക്കല്‍ ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നതിന്റെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍, മെസേജുകളോ ഓഡിയായോ വീഡിയോയോ അങ്ങനെ എന്തെങ്കിലും, അത് പുറത്ത് കാണിച്ച് എന്റെ പേരില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ.' -ഐശ്വര്യ തുടര്‍ന്നു. 

Related News: വേര്‍പിരിയൽ അഭ്യൂഹങ്ങൾക്കിടെ വിവാഹ വാർഷിക ദിനത്തിൽ അഭിഷേകിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്

'എന്റെ ജീവിതം നിങ്ങളുടെ കണ്ടന്റ് അല്ല. എന്റെ നിശബ്ദത നിങ്ങള്‍ക്കുള്ള അനുവാദവുമല്ല. ആരെങ്കിലും ഒന്നും സംസാരിക്കുന്നില്ല എന്നതിന്റെ അര്‍ഥം അവര്‍ക്ക് ഒന്നും പറയാനില്ല എന്നല്ലെന്ന് ദയവായി ഓര്‍മ്മിക്കൂ. അവര്‍ ബഹളമുണ്ടാക്കുന്നതിനേക്കാള്‍ അന്തസ്സ് തിരഞ്ഞെടുക്കുന്നതിനാലാണ്.' -ഐശ്വര്യ ശര്‍മ പറഞ്ഞുനിര്‍ത്തി. 

'ഘൂം ഹേ കിസികേ പ്യാര്‍ മേം' എന്ന സീരിയല്‍ ചിത്രീകരണത്തിനിടെയാണ് ഐശ്വര്യയും നീല്‍ ഭട്ടും കണ്ടുമുട്ടിയത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും 2021-ല്‍ വിവാഹിതരായി. ഇതിനുശേഷം 2023-ലാണ് ഇരുവരും ബിഗ് ബോസില്‍ പങ്കെടുക്കുന്നത്. സ്മാര്‍ട്ട് ജോഡി എന്ന ഷോയിലും ഇരുവരും പങ്കെടുത്തിരുന്നു. മൂന്നുവര്‍ഷത്തെ ദാമ്പത്യജീവിതത്തിനുശേഷമാണ് ഐശ്വര്യയും നീലും തമ്മില്‍ പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. 

Don't Miss: 'മറ്റൊരാളുമായി പ്രണയത്തില്‍, ഭർത്താവിന് ജീവനാംശം കൊടുക്കണം'; മേരി കോമിനെതിരെ രൂക്ഷമായ സൈബർ ആക്രമണം

Content Highlights: Neil Bhatt, Aishwarya Sharma Part Ways After 3 Years Of Marriage? Actress Breaks Silence