സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ ഐശ്വര്യാ റായ്; 'വസ്ത്രത്തേയോ ലിപ്സ്റ്റിക്കിനേയോ കുറ്റപ്പെടുത്തരുത്' | വീഡിയോ

സ്ത്രീകള്‍ തെരുവില്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായ് ബോളിവുഡ് താരം ഐശ്വര്യാ റായ്. അതിക്രമങ്ങള്‍ നേരിടുന്നതിന്റെ പാപഭാരം സ്ത്രീയുടെ ചുമലില്ല വയ്‌ക്കേണ്ടതെന്നും അവരുടെ വസ്ത്രമോ ലിപ്സ്റ്റിക്കോ തിരഞ്ഞെടുപ്പുകളോ അല്ല അതിന് കാരണമെന്നും ഐശ്വര്യ പറഞ്ഞു. ലോറിയല്‍ പാരിസിന്റെ സ്റ്റാന്‍ഡ് അപ്പ് ട്രെയിനിങ് പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.
കണ്ണുകള്‍ തമ്മിലുടക്കാതിരിക്കണമെന്നും ആരുടേയും മുന്നില്‍ പെടാതെ സ്വയം ചുരുങ്ങി ജീവിക്കണമെന്നുമെല്ലാമുള്ള പഴയകാല ഉപദേശങ്ങള്‍ സ്വീകരിക്കുന്നതിന് പകരം വ്യത്യസ്തമായൊരു സമീപനവും ഐശ്വര്യാ റായ് മുന്നോട്ടുവെച്ചു. തെരുവില്‍ നേരിടുന്ന അതിക്രമങ്ങളെ എങ്ങനെ നേരിടുമെന്ന് ചോദിച്ചുകൊണ്ടാണ് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഐശ്വര്യാ റായ് പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.
'കണ്ണുകളില്‍ നോക്കാതിരിക്കുകയല്ല വേണ്ടത്. പ്രശ്‌നങ്ങളെ ധൈര്യപൂര്‍വം നേരിടണം. തല ഉയര്‍ത്തിപ്പിടിക്കണം. സ്ത്രീത്വമെന്നതും സ്ത്രീപക്ഷത്തിനുവേണ്ടി നിലകൊള്ളുന്നതും മോശം കാര്യമല്ല. എന്റെ ശരീരത്തിന് മൂല്യമുണ്ട്. ആര്‍ക്കുവണ്ടിയും നിങ്ങളുടെ മൂല്യം കുറച്ചുകാണരുത്. സ്വയം സംശയിക്കരുത്. നിങ്ങളുടെ മൂല്യത്തിന് വേണ്ടി നിലകൊള്ളുക. നിങ്ങളുടെ വസ്ത്രങ്ങളെയോ മേക്കപ്പിനെയോ കുറ്റപ്പെടുത്തരുത്. തെരുവിലെ അതിക്രമം ഒരിക്കലും നിങ്ങളുടെ കുഴപ്പമല്ല.' -ഐശ്വര്യാ റായ് പറഞ്ഞു.
ഐശ്വര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ലോറിയല്‍ പാരിസ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴ് ഐശ്വര്യ പറഞ്ഞതിനെ അനുകൂലിച്ച് നിരവധി പേര്‍ കമന്റ് ചെയ്തു. 'തെരുവിലെ അതിക്രമം യഥാര്‍ഥമാണ്. എന്നാല്‍ അത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഇത് ഇഷ്ടപ്പെട്ടു' ഇതാണ് ഒരാള്‍ കമന്റ് ചെയ്തത്.
Content Highlights: 'Street Harassment Is Never Your Fault': Aishwarya Rai Slams Victim-Blaming, Urges Women to Stand Up and Value Themselves | Video