'മോളെ, ഇതാരാണ്, ഇപ്പോൾ ആരെ കുറിച്ചാണ് അവർ സംസാരിക്കുന്നത്'-അമ്മ എന്നെ വിളിച്ചുചോദിക്കും'

ഏതാനും മാസങ്ങൾക്ക് മുമ്പ് നടി മലൈക അറോറയുടെ പ്രണയം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബിസിനസുകാരൻ ഹർഷ് മേഹ്തയോടൊപ്പം മലൈക ഒരു പരിപാടിക്കെത്തിയതാണ് അഭ്യൂഹങ്ങൾക്ക് തുടക്കം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. മലൈകയോടൊപ്പമുള്ള ആ 'അജ്ഞാത കാമുകൻ' ആരാണെന്ന തരത്തിലായിരുന്നു ചർച്ച.
ഇപ്പോഴിതാ ഇതിനെല്ലാം മറുപടി നൽകിയിരിക്കുകയാണ് മലൈക. നിങ്ങൾ ഒരാളോടൊപ്പം പുറത്തുപോയാൽ അത് വലിയ ചർച്ചയാകുമെന്നും ഇത്തരം ചർച്ചകൾക്ക് കൂടുതൽ ഇന്ധനം പകരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. 'ഇത്തരം ചർച്ചകൾകൊണ്ട് ഒരു പ്രയോജനവുമില്ല. ഞാൻ പുറത്തിറങ്ങുമ്പോഴെല്ലാം-അത് വളരെക്കാലം അറിയുന്ന സുഹൃത്തോ, സ്വവർഗ്ഗാനുരാഗിയായ സുഹൃത്തോ, വിവാഹിതനായ സുഹൃത്തോ, പഴയ സുഹൃത്തോ, മാനേജരോ മറ്റാരെങ്കിലുമോ ആണെങ്കിലും - ഞാൻ ഉടൻ തന്നെ അവരുമായി ബന്ധിപ്പിക്കപ്പെടുന്നു. ഞങ്ങൾ ഇതിനെക്കുറിച്ച് ചിരിക്കുകയും തമാശ പറയുകയും ചെയ്യാറുണ്ട്. എന്റെ അമ്മ എന്നെ വിളിച്ച് ചോദിക്കും, 'ഇപ്പോൾ ഇതാരാണ് കുഞ്ഞേ, അവർ ആരെക്കുറിച്ചാണ് പറയുന്നത്?'എന്ന്. ഇതൊരു തമാശയായി മാറിയിരിക്കുന്നു.'-മലൈക വ്യക്തമാക്കി.
തന്റെ സ്വകാര്യജീവിതം നിരന്തരം വാർത്തയാകുന്നതും നിരീക്ഷിക്കപ്പെടുന്നതും ഇപ്പോൾ തന്നെ അലോസരപ്പെടുത്തുന്നില്ലെന്നും മലൈക പറയുന്നു. തനിക്ക് സന്തോഷമുള്ള കാര്യങ്ങൾ ചെയ്യാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
1998-ലാണ് മലൈക നടൻ അർബാസ് ഖാനെ വിവാഹം ചെയ്തത്. 2017-ൽ വേർപിരിഞ്ഞ ഇരുവർക്കും അർഹാൻ ഖാൻ എന്നൊരു മകനുണ്ട്. പിന്നീട് 2018-ൽ മലൈകയും നടൻ അർജുൻ കപൂറും പ്രണയത്തിലായി. ആറ് വർഷത്തെ ഡേറ്റിങ്ങിനുശേഷം 2024-ൽ വേർപിരിഞ്ഞു.
Content Highlights: actress malaika arora reacts to mystery man dating rumours