കുഞ്ഞുങ്ങള്‍ കാണാതെ ഒളിച്ചുംപാത്തും വീട്ടില്‍നിന്ന് പുറത്തിറങ്ങേണ്ട,അതവരില്‍ അരക്ഷിതാവസ്ഥയുണ്ടാക്കും

അശ്വതി ശ്രീകാന്ത് മക്കളോടൊപ്പം | Photo: instagram/ Aswathy Sreekanth
അശ്വതി ശ്രീകാന്ത് മക്കളോടൊപ്പം | Photo: instagram/ Aswathy Sreekanth

വീട്ടില്‍ നിന്ന് പല ആവശ്യങ്ങള്‍ക്കുമായി പുറത്തുപോകുമ്പോള്‍ മാതാപിതാക്കള്‍ക്ക് പലപ്പോഴും കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാന്‍ കഴിയാറില്ല. എന്നാല്‍ കൂടെക്കൂട്ടണമെന്ന് പറഞ്ഞ് കുഞ്ഞുങ്ങള്‍ വാശിപിടിക്കും. അവര്‍ വഴക്കിടാനും കരയാനും തുടങ്ങും. ഇതെല്ലാം ഒഴിവാക്കാനായി കുഞ്ഞുങ്ങളെ കാണാതെ ജോലിക്കും മറ്റും പോകുന്നവരാണ് അധികപേരും. പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് വീട്ടിലെ മറ്റു കുടുംബാംഗങ്ങള്‍ ആരെങ്കിലും കുഞ്ഞുങ്ങളെ അവിടെ നിന്ന് മാറ്റും. പല വീടുകളിലേയും പതിവു കാഴ്ച്ചയാണിത്.

എന്നാല്‍ ഇത്തരത്തില്‍ കുഞ്ഞുങ്ങളെ മാറ്റിനിര്‍ത്തരുതെന്ന് പറയുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. അങ്ങനെ കണ്‍വെട്ടത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ കുഞ്ഞുങ്ങളില്‍ അരക്ഷിതബോധം വര്‍ധിക്കുമന്നും അശ്വതി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. തിരിച്ചുവരുമെന്ന് ഉറപ്പുനല്‍കി, അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി, അവരുടെ മുന്നിലൂടെ തന്നെ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തേക്ക് പോകണമെന്നും അശ്വതി കുറിപ്പില്‍ വിശദീകരിക്കുന്നു.

മൂത്ത മകള്‍ പദ്മ കുഞ്ഞായിരിക്കുമ്പോള്‍ താനും ഒളിച്ചായിരുന്നു ജോലിക്ക് പോയിരുന്നെന്നും അവളുടെ കരച്ചില്‍ കണ്ട് പോകുക എന്നത് പ്രയാസമുള്ള കാര്യമായിരുന്നെന്നും അശ്വതി പറയുന്നു. അത് അവളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കിയെന്നും അമ്മ എപ്പോഴും തന്നെ തനിച്ചാക്കി പോകുമോ എന്ന ഭയം ഉള്ളില്‍ വളര്‍ന്നെന്നും അശ്വതി കൂട്ടിച്ചേര്‍ക്കുന്നു. ആ അനുഭവം ഉള്ളതിനാല്‍ ഇളയ മകള്‍ കമല ജനിച്ചപ്പോള്‍ അശ്വതി സ്ട്രാറ്റജി മാറ്റി. കമല കരഞ്ഞാലും അത് കാര്യമാക്കാതെ, ജോലിക്ക് പോകുകയാണെന്നും തിരിച്ചുവരുമെന്നും അവളെ പറഞ്ഞു മനസിലാക്കി പുറത്തിറങ്ങാന്‍ തുടങ്ങിയെന്നും അശ്വതി കുറിപ്പില്‍ പറയുന്നു.

മകള്‍ കമലയുടെ ഒരു വീഡിയോയും അശ്വതി ഈ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 'അമ്മ ജോലിക്ക് പൊയ്‌ക്കോട്ടെ എന്ന ചോദ്യത്തിന് ആദ്യം 'വേണ്ട' എന്ന് പറയുന്ന കമല പിന്നീട് ഉമ്മ നല്‍കിയാണ് അമ്മയെ യാത്രയാക്കുന്നത്. ഇതിന് താഴെ നിരവധി പേര്‍ തങ്ങളുടെ അനുഭവം കമന്റ് ചെയ്തിട്ടുണ്ട്. മക്കളെ കാണാതെ ഒളിച്ചാണ് പുറത്തേക്ക് പോകുന്നതെന്നും അത് ഇനി ചെയ്യില്ലെന്നും കമന്റുകളുണ്ട്. 

Content Highlights: actress aswathi sreekanths insights on parenting