ഇതെന്റെ ആദ്യ വ്‌ളോഗെന്ന് ഭുവനേഷ്; അനുമോളെ പൊന്നുപോലെ നോക്കണേയെന്ന് ആരാധകർ

മിനിസ്‌ക്രീൻ താരം അനുമോളുടെ വിവാഹവീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അനുമോൾ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിവാഹ അപ്‌ഡേറ്റുകൾ വീഡിയോയായും ചിത്രങ്ങളായും ആദ്യം ആരാധകർക്ക് മുന്നിലെത്തിച്ചത്. അനുമോൾക്കും ഭർത്താവ് ഭുവനേഷിനും ആശംസകളുമായി താരങ്ങളും ആരാധകരും എത്തുമ്പോൾ ഭുവനേഷും വീഡിയോയുമായി ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ്.
തന്റെ ആദ്യ വ്‌ളോഗാണ് ഇതെന്നുപറഞ്ഞാണ് ഭുവനേഷ് വിവാഹ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ നിന്നും വിവാഹത്തിനായി കേരളത്തിലേക്ക് തിരിക്കുന്നതും വിവാഹത്തലേന്നും വിവാഹത്തിന്റെ അന്നുമുള്ള ദൃശ്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോയാണ് ഭുവനേഷ് പങ്കുവച്ചിരിക്കുന്നത്.
ആദ്യ വ്‌ളോഗ് ആയതിനാൽ തന്നെ സംസാരിക്കാൻ പരിചയക്കുറവുണ്ടെന്നും ഭുവനേഷ് പറയുന്നുണ്ട്. വീട്ടിൽനിന്നും ഇവിടെ വരെയുള്ള യാത്ര വ്‌ളോഗ് എടുത്തുവെന്നും എന്നാൽ എല്ലാം മിസ്സായിപ്പോയെന്നും അനുമോളോട് പറയുന്നതും വീഡിയോയിൽ ഉണ്ട്. വിവാഹം നടക്കാൻ പോകുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടെന്നും എന്നാൽ സിംഗിൾ ലൈഫ് ഇന്നത്തോടെ അവസാനിക്കുന്നതിൽ അല്പം വിഷമമുണ്ടെന്നും ഭുവനേഷ് വ്‌ളോഗിൽ പറയുന്നു. വിവാഹത്തിന് മേക്കപ്പിട്ട് ഒരുങ്ങുന്നതും താലികെട്ടിനായി ക്ഷേത്രത്തിലെത്തുന്നതും അനുവും ഭുവനേഷും സുരേഷ്‌ഗോപിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുന്നതെല്ലാം വീഡിയോയിൽ കാണാം.
മലയാളത്തിന്റെ മരുമകനായെത്തിയ ഭുവനേഷിന്റെ വീഡിയോ മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. ദമ്പതികൾക്ക് അനുഗ്രഹങ്ങളും ആശംസകളുമായി കമന്റ് ബോക്‌സ് നിറയുകയാണ്.