പോലീസ് കസ്റ്റഡിയില് ലിപ്സ്റ്റിക്കിട്ട്, മേക്കപ്പ് ചെയ്ത് പവിത്ര ഗൗഡ; വൈറലായി ചിത്രങ്ങള്

ചിത്രദുര്ഗ സ്വദേശിയായ രേണുകാ സ്വാമിയുടെ കൊലപാതകക്കേസില് കന്നഡ സൂപ്പര് താരം ദര്ശനും നടി പവിത്ര ഗൗഡയും രണ്ടാഴ്ച്ച മുമ്പാണ് അറസ്റ്റിലായത്. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റേയും സോഷ്യല് മീഡിയയില് അശ്ലീല കമന്റുകളിട്ടതിന്റേയും പേരിലാണ് ദര്ശന് രേണുകാ സ്വാമിയെ കൊലപ്പെടുത്തിയത്. പവിത്ര ഗൗഡയുടെ നിര്ബന്ധത്തിന് വഴങ്ങിയാണ് ദര്ശന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്ന്ന് പവിത്രയെ ഒന്നാം പ്രതിയാക്കുകയും ചെയ്തു.
ഇപ്പോഴിതാ പോലീസ് കസ്റ്റഡിയിലുള്ള പവിത്രയുടെ മേക്കപ്പ് ചെയ്തുള്ള ചിത്രങ്ങളാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനായി പവിത്രയെ പോലീസ് ബെംഗളൂരുവിലെ വീട്ടിലെത്തിച്ചിരുന്നു. അവിടെ നിന്ന് തിരിച്ചുപോരുമ്പോള് എടുത്ത ചിത്രത്തിലാണ് പവിത്ര മേക്കപ്പ് ചെയ്തിരിക്കുന്നത്. ചുണ്ടില് ലിപ്സ്റ്റിക്കിട്ടതും വ്യക്തമായി കാണാം.
ഇത് ചര്ച്ചയായതോടെ വെസ്റ്റ് ഡിസിപി ഓഫീസില് നിന്നുള്ള വിശദീകരണ കുറിപ്പ് പുറത്തുവന്നു. 'പവിത്ര ഗൗഡ താമസിക്കുന്ന വീട്ടില് എപ്പോഴും മേക്കപ്പ് ബാഗ് സൂക്ഷിക്കാറുണ്ട്. വീട്ടിലെത്തിയപ്പോള് അവര് വാഷ്റൂം ഉപയോഗിക്കണമെന്ന് പറഞ്ഞിരുന്നതായി വനിതാ എസ്ഐ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് വാഷ്റൂമില് നിന്ന് പുറത്തുവന്നപ്പോള് അവര് മേക്കപ്പിട്ടിട്ടുണ്ടായിരുന്നു. ഇത് വനിതാ എസ്ഐയുടെ ശ്രദ്ധയില്പെടാന് സാധ്യതയുണ്ട്. മേക്കപ്പ് ചെയ്യുന്നത് അവര് വിലക്കേണ്ടതായിരുന്നു. ഈ അശ്രദ്ധ ചൂണ്ടിക്കാട്ടി എസ്ഐയില് നിന്ന് വിശദീകരണക്കുറിപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.' വെസ്റ്റ് ഡിസിപി ഗിരീഷ് വ്യക്തമാക്കുന്നു.
2013ല് 'ഛത്രികളു ഛത്രികളു സാര് ഛത്രികളു' എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തെത്തിയ നടിയാണ് പവിത്ര ഗൗഡ. ബത്താസ് ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. 2016-ല് '54321' എന്ന തമിഴ് ചിത്രത്തിലും പവിത്ര അഭിനയിച്ചിരുന്നു. പത്ത് വര്ഷത്തോളമായി ദര്ശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര ഇന്സ്റ്റഗ്രാമില് പങ്കുവെയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദര്ശന്റെ ഭാര്യയായ വിജയലക്ഷ്മിയും പവിത്രയും സോഷ്യല് മീഡിയയില് വാക്ക്പോരും നടത്തിയിരുന്നു.
Content Highlights: actor pavithra gowda seen wearing make up in custody