256 മണിക്കൂർ, 131 വിദഗ്ധരുടെ പരിശ്രമം; ഗൗരിയ്ക്കായി ആമിർ കരുതിയത് അത്യപൂർവ മോതിരം

#ലൈഫ്‌സ്റ്റൈല്‍ ഡെസ്‌ക്
1. ആമിര്‍ ഖാന്‍ - ഗൗരി സ്പ്രാറ്റ് വിവാഹ ചടങ്ങില്‍നിന്ന്. 2. അത്യപൂര്‍വ മോതിരം | PTI, Screengrab
1. ആമിര്‍ ഖാന്‍ - ഗൗരി സ്പ്രാറ്റ് വിവാഹ ചടങ്ങില്‍നിന്ന്. 2. അത്യപൂര്‍വ മോതിരം | PTI, Screengrab

ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ് ആമിർ ഖാൻ. കാമുകി ഗൗരി സ്പ്രാറ്റിനെ ജൂലായ് 5-ന് മുംബൈയിലെ വസതിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം വിവാഹം കഴിച്ചു. മക്കളും, കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

ലളിതമായ വിവാഹ ചടങ്ങിൽ ഇരുവരും പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ആമിർ ഐവറി നിറത്തിലുള്ള കുർത്തയും ധോത്തിയും ധരിച്ചപ്പോൾ, ഗൗരി പാസ്റ്റൽ നിറത്തിലുള്ള ലഹങ്ക, പാളികളായ നെക്ലേസുകൾ, സൈഡ് -പാർട്ടഡ് ഹെയർസ്‌റ്റൈൽ എന്നിവയിലൂടെ അദ്ദേഹത്തിന് ചേരുന്ന ലുക്കിൽ എത്തി.

അതിനിടെ ഗൗരിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വിവാഹമോതിരം ചടങ്ങിലെ പ്രധാന ആകർഷണമായി മാറി. അതിൽ ഉപയോഗിച്ചിരിക്കുന്ന അപൂർവ രത്‌നവും അതിസൂക്ഷ്മമായ നിർമ്മാണ മികവുമാണ് മോതിരത്തെ ശ്രദ്ധേയമാക്കി മാറ്റിയത്.

മഡഗാസ്‌കറിൽനിന്നുള്ള റൂബി

ആഡംബര ബ്രാൻഡായ QWEEN (ക്വീൻ) രൂപകൽപ്പന ചെയ്ത ഈ മോതിരത്തിന്റെ മധ്യഭാഗത്ത് മഡഗാസ്‌കറിൽ നിന്ന് ലഭിച്ച അത്യപൂർവമായ പ്രകൃതിദത്ത കാബോഷൻ കട്ട് റൂബിയാണ് പതിപ്പിച്ചിരിക്കുന്നത്. ഈ അപൂർവ രത്‌നം കണ്ടെത്താൻ മൂന്നുമാസത്തിൽ കൂടുതൽ സമയമെടുത്തുവെന്ന് QWEEN ന്റെ സഹസ്ഥാപകനും സിഇഒയുമായ അമിത്കുമാർ പറഞ്ഞു.

മോതിരം നിർമിച്ചത് 256 മണിക്കൂറിലേറെ നീണ്ട 131 വിദഗ്ധരായ ജോലിക്കാരുടെ പരിശ്രമത്തിലൂടെയാണ്. ദശലക്ഷത്തിൽ ഒന്ന് എന്ന കണക്കിൽ പോലും ലഭിക്കാനിടയില്ലാത്തത്ര അപൂർവമായ രത്‌നമാണ് മോതിരത്തിലുള്ളതെന്ന് നിർമാണത്തിൽ പങ്കെടുത്തവർ പറയുന്നു. രാജകീയ ഭംഗി പകരുന്ന രീതിയിലാണ് ഈ മോതിരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ വിവാഹമോതിരം എന്നതിലുപരി തലമുറകളിലേക്ക് കൈമാറാൻ കഴിയുന്ന ഒരു അമൂല്യ പൈതൃകാഭരണമെന്ന നിലയിലാണ് ഈ മോതിരം നിർമിച്ചിട്ടുള്ളത്.

Content Highlights: Aamir Khan married Gauri Spratt on July 5 in a private Mumbai ceremony., The couple opted for traditional attire with Aamir in ivory and Gauri in pastel., The wedding ring features a rare natural cabochon-cut ruby from Madagascar., Designed by QWEEN, the ring took 256 hours and 131 artisans to create., The ring is positioned as a generational heirloom due to the gemstone's rarity.