ഷൂവിലെ ദുര്‍ഗന്ധമകറ്റും, ചര്‍മത്തിനും നല്ലത്; ചായയുണ്ടാക്കി കഴിഞ്ഞാല്‍ ടീബാഗ് വലിച്ചെറിയല്ലേ..

വീട്ടിലും ഓഫീസിലും പല റസ്റ്ററന്റുകളിലുമെല്ലാം ടീബാഗുകള്‍ ഉപയോഗിച്ച് നാം ചായയുണ്ടാക്കാറുണ്ട്. ഉപയോഗിച്ചു കഴിഞ്ഞ ടീബാഗുകള്‍ ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ഇവ മറ്റു ചില കാര്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്.
പാസ്തയുണ്ടാക്കുമ്പോള്‍ അതിന് രുചി നല്‍കാനായി ടീ ബാഗുകള്‍ ഉപയോഗിക്കാറുണ്ട്. ഉപയോഗിച്ച ടീ ബാഗുകള്‍ എടുത്ത് വീണ്ടും തിളച്ചശേഷം, തണുപ്പിച്ച് ആ വെള്ളം ചെടികളില്‍ ഒഴിച്ചാല്‍ അത് ഫംഗസ് അണുബാധയെ തടയുന്നു. ടീ ബാഗിനുള്ളിലെ തേയില എടുത്ത് ചെടികള്‍ നട്ട മണ്ണിലിടുന്നത് നല്ലതാണ്.
വീട്ടിലെ ഗ്ലാസുകൊണ്ടുള്ള ജനാലകളും വാതിലുകളും ടീബാഗ് ഉപയോഗിച്ച് വൃത്തിയാക്കാം. ഇതിനായി ഉപയോഗിച്ച ടീബാഗ് വീണ്ടും തിളപ്പിച്ച് ആ വെള്ളം ഉപയോഗിച്ച് ഗ്ലാസ് വൃത്തിയാക്കിയാല്‍ മതി.
എയര്‍ഫ്രഷനര്‍ ആയി ഉപയോഗിക്കാം
മഴക്കാലത്ത് നനഞ്ഞ ഷൂവില്‍ നിന്നും ചെരുപ്പില്‍നിന്നും ദുര്‍ഗന്ധം വരുന്നത് സാധാരണമാണ്. ഇതിന് തടയിടാന്‍ ടീബാഗുകള്‍ക്ക് സാധിക്കും. അതുകൊണ്ട് ഉപയോഗശേഷം ഉണക്കിയ ടീബാഗുകള്‍ ഷൂവിനുള്ളില്‍ ഇട്ടുവെക്കാം. ഇത് ദുര്‍ഗന്ധത്തെ അകറ്റും. കാര്‍പറ്റുകളിലെ അഴുക്ക് കളയാനും ഇങ്ങനെ ചെയ്യാവുന്നതാണ്.
കമ്പോസ്റ്റിങിനായി ഉപയോഗിക്കാം
ജൈവവളമുണ്ടാക്കാനുള്ള കമ്പോസ്റ്റിങ്ങില്‍ ടീബാഗുകളിലെ തേയില ഉപയോഗിക്കാം. തേയിലയില്‍ ആസിഡ് അടങ്ങിയതിനാല്‍ ഇത് കമ്പോസ്റ്റിങ് പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും.
വിത്തുകള്‍ മുളപ്പിക്കാനായി ഉപയോഗിക്കാം
ടീ ബാഗുകള്‍ വിത്തുകള്‍ മുളപ്പിക്കാനായും ഉപയോഗിക്കാവുന്നതാണ്. ഉപയോഗിച്ച ടീബാഗുകളെടുത്ത് നനഞ്ഞ തുണിയില്‍ വെച്ച് അതിന്റെ മുകള്‍ഭാഗം പൊട്ടിച്ച് അതില്‍ വിത്തുകള്‍ വിതറി മുളപ്പിക്കാം. വിത്ത് മുളച്ചശേഷം അവ മാറ്റി നടാം.
ചര്‍മത്തെ സംരക്ഷിക്കുന്നു
കൈയിലോ കാലിലോ മറ്റോ ചൊറിയുകയോ പ്രാണികളുടെ കടിയേല്‍ക്കുകയോ ചെയ്താല്‍ കാണപ്പെടുന്ന അടയാളങ്ങള്‍ സുഖപ്പെടുത്താന്‍ ടീബാഗുകള്‍ ഉപയോഗിക്കാം. ഇതിനായി ടീബാഗുകള്‍ തണുത്ത വെള്ളത്തിലിട്ടശേഷം കൈയിലോ മറ്റോ വെക്കാവുന്നതാണ്. ഇത് മുറിവോ അടയാളങ്ങളോ സുഖപ്പെടുത്താന്‍ സഹായിക്കുന്നു.
Content Highlights: Surprising ways to reuse tea bags