ഒറ്റരാത്രികൊണ്ട് പണിത റെയിൽവേ സ്റ്റേഷൻ കെട്ടിടം, 3D പ്രിന്റിങിൽ അത്ഭുതം തീർത്ത് ജപ്പാൻ

റെയിൽവേ സ്റ്റേഷനിൽ നിന്ന് അവസാന ട്രെയിന്‍ പോയപ്പോള്‍ പണി തുടങ്ങി, രാവിലെ ആദ്യ ട്രെയിനെത്തിയപ്പോള്‍ പഴയ സ്റ്റേഷന് പകരം പുതിയൊരു കെട്ടിടം. ആറു മണിക്കൂറിനുള്ളില്‍ പുതിയ സ്റ്റേഷൻ കെട്ടിടം റെഡി.
ത്രീഡി പ്രിന്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ജപ്പാനിലെ ഹത്സുഷിമ റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം നിര്‍മിച്ച് അത്ഭുതം തീര്‍ത്തിരിക്കുകയാണ് റെയില്‍വേ ഓപ്പറേറ്ററായ വെസ്റ്റ് ജപ്പാന് റെയില്‍വേ കമ്പനി. ലോകത്തെ തന്നെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റെയില്‍വേ സ്റ്റേഷനാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
75 വര്‍ഷം പഴക്കമുള്ള, തടിയില്‍ നിര്‍മിച്ച പഴയ കെട്ടിടത്തിനു പകരമായാണ് പുതിയ കെട്ടിടമുയര്ന്നത്. മണിക്കൂറില്‍ മൂന്ന് ട്രെയിനുകള്‍ കടന്നുപോകുന്ന സിംഗിള്‍ ലൈന്‍ സ്റ്റേഷന് 530 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. സാധാരണയായി രണ്ടു മുതല്‍ ആറു മാസം വരെ നീളുന്ന ഇരട്ടി ചെലവില്‍ മാത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഒറ്റ രാത്രികൊണ്ട് പൂര്‍ത്തിയാക്കിയത്.
നിര്‍മാണ കമ്പനിയായ സെറന്ഡിക്സാണ് ത്രീഡി കെട്ടിടത്തിനു പിന്നില്‍. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രിന്റ് ചെയ്യാനും കോണ്‍ക്രീറ്റുമായി യോജിപ്പിക്കാനും ഏഴ് ദിവസം വേണ്ടിവന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ദിവസത്തെ അവസാന ട്രെയിന്‍ 11:57 ന് സ്റ്റേഷന് വിട്ടപ്പോള്‍ തുടങ്ങിയ പണി പുലര്‍ച്ചെ 5:45 ന് ആദ്യ ട്രെയിനെത്തിയപ്പോള്‍ അവസാനിച്ചിരുന്നു. 100 ചതുരശ്ര അടിയാണ് പുതിയ കെട്ടിടത്തിന്റെ വിസ്തീര്‍ണം. ജപ്പാനിലെ മാറി വരുന്ന തൊഴിലാളി സംസ്കാരത്തെയും യാത്ര രീതികളെയും പരിഗണിച്ചാണ് അധികൃതര്‍ പുതിയ മാറ്റം തിരിഞ്ഞെടുത്തത്.
ഇന്ത്യയിൽ ചർച്ചയായ ത്രീ ഡി കെട്ടിടങ്ങൾ
1021 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണികഴിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ 'ത്രീഡി പ്രിന്റഡ്' പോസ്റ്റോഫീസ് ബെംഗളൂരുവിലാണ്. ഈ പോസ്റ്റ് ഓഫീസ് 45 ദിവസംകൊണ്ടാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്.
ഐ.ഐ.ടി മദ്രാസിലെ ഒരു മുന്‍ വിദ്യാര്‍ത്ഥി ക്യാംപസില്‍ ഒരുക്കിയ ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് വീട് ചര്‍ച്ചയായിരുന്നു. 600 സ്ക്വയര്‍ഫീറ്റ് വലിപ്പമുള്ള ഒറ്റനിലവീടായിരുന്നു അത്.
Content Highlights: Japan`s 1st 3D-Printed Train Station Built in 6 Hours