'ലജ്ജിക്കരുത് ഈ പാടുകൾ കരുത്തിന്റെ പ്രതീകമാണ്'; ലോകം ചർച്ച ചെയ്ത ആ ഗൗണിന്റെ കഥ പറഞ്ഞ് മുഷിറ

അഴകളവുകൾക്കപ്പുറത്ത് ലോകസുന്ദരി മത്സരം ചർച്ച ചെയ്യപ്പെട്ട വർഷമായിരുന്നു ഇത്. അതിന് കാരണമായത് ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്റും. വേൾഡ് ഡിസൈനർ അവാർഡ് വേദിയിൽ അണിഞ്ഞ് മിസ് വേൾഡ് ഉഗാണ്ട ട്രിവിയ എല്ലെ മുഹോസ ധരിച്ച സി-സെക്ഷൻ തീം ബെയ്‌സ്ഡ് ഗൗൺ ആയിരുന്നു ആ സ്റ്റേറ്റ്‌മെന്റ്. ലോകസുന്ദരിയെ തിരഞ്ഞെടുക്കുന്ന ആ വേദിയിൽ ആദ്യമായി മാതൃത്വത്തിന്റെ ത്യാഗവും സഹനവും അടയാളപ്പെടുത്തപ്പെട്ടു. സിസേറിയൻ ചെയ്യുന്നതിനായി മുറിച്ചുമാറുന്ന ചർമത്തിന്റെ ഏഴുപാളികളെ ഏഴുനിറങ്ങൾ കൊണ്ട് നെയ്‌തെടുത്ത ലെയേഴ്‌സ് ഓഫ് ലൈഫ് എന്ന് പേരിട്ട ഗൗണിന് പിന്നിലെ ഡിസൈനർ അപ്പോഴും കീഷ എന്ന ബ്രാൻഡിന് പിന്നിൽ മറഞ്ഞുനിന്നു, മുഷിറ റബാബ്. ഡിസൈനിങ് ഔപചാരികമായി പഠിക്കാത്ത മുഷിറയെ സംബന്ധിച്ചിടത്തോളം ലോകസുന്ദരി മത്സരത്തിന്റെ ഭാഗമായ വേൾഡ് ഡിസൈനർ വേദിയിൽ അവൾ രൂപകല്പന ചെയ്ത വസ്ത്രം, അവളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന സുന്ദരി അണിഞ്ഞതുതന്നെ അവിശ്വനീയം. ആ ഗൗണിനെയാണ് ലോകം വാഴ്ത്തുന്നത്. ഫാഷൻ ലോകമേറ്റെടുത്ത ഗൗണിലേക്ക് മുഷിറയെ നയിച്ചത് അനുഭവങ്ങളാണ്.. കൊട്ടിഘോഷിക്കപ്പെടുന്ന സൗന്ദര്യ സങ്കല്പങ്ങൾക്കപ്പുറത്ത് സ്ത്രീശരീരം എത്രമാത്രം കരുത്തുറ്റതാണെന്ന് മാതൃത്വമാണ് അവളെ പഠിപ്പിച്ചത്. അതവൾ തനിക്കറിയാവുന്ന ഭാഷയിൽ ലോകത്തോട് പറഞ്ഞു. ലോകം അതേറ്റെടുത്തു. ആ യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് മുഷിറ.