ഒടുവിൽ എന്നെ പ്രേമിക്കാനും ആളുണ്ടായി, 'കനത്തിലൊരു ഗിഫ്റ്റും' കിട്ടി| വഴിമരങ്ങൾ

പ്രണയം എന്ന വാക്ക് കേട്ടു തുടങ്ങിയത് മുതിർന്നപ്പോളാണ്. നാട്ടിൻപുറത്തൊക്കെ പ്രണയമല്ല " പ്രേമം" ആണ്. അത്ര ഡെക്കറേഷൻ മതി. " അവര് പ്രേമിച്ചു കെട്ടിയതാ, പ്രേമിച്ചു ഒളിച്ചോടി പോയതല്ലേ, അത് നല്ലോണം കല്യാണം കഴിച്ചതൊന്നുമല്ല. പ്രേമക്കല്യാണം അല്ലായിരുന്നോ" ഇങ്ങനെയായിരുന്നു പൊതുസംസാരം. പ്രേമം എന്ന വാക്കിനെ കേട്ടുതുടങ്ങിയത് തന്നെ ഏറ്റവും മോശമായ, ഏറ്റവും വലിയ തെറ്റായ ഒരു കാര്യം ആണെന്നുമാണ്. പ്രേമിക്കുന്നവർ ഏറ്റവും മോശക്കാരാണെന്നുമായിരുന്നു ധാരണ. അതിന് കാരണവും ഉണ്ടായിരുന്നു. അച്ഛന്റെ കുടുംബത്തിലെ ഒരു ചേച്ചി, അവർ അതിസുന്ദരിയായിരുന്നു. കണങ്കാൽ വരെ നീണ്ടു കിടക്കുന്ന മുടിയൊക്കെയായി ആരു കണ്ടാലും നോക്കി നിൽക്കുന്ന ഒരു ചന്തം ആയിരുന്നു ചേച്ചിക്ക്. ഞാൻ അന്ന് എൽ.പി. ക്ലാസ്സിലാണ് പഠിക്കുന്നത്. ചേച്ചി പ്രീ ഡിഗ്രിക്കും. ഞാൻ കൂട്ടുകാരോടൊക്കെ അഭിമാനത്തോടെ പറയുമായിരുന്നു എന്റെ കുടുംബക്കാരിയാണെന്ന്. അത്രയും ഭംഗിയുള്ള ചേച്ചിയുടെ ആരാധകർ ആയിരുന്നു എന്റെ കൂട്ടുകാരെല്ലാം.
ഒരു ദിവസം പഠിക്കാൻ പോയ ചേച്ചി തിരിച്ചുവന്നില്ല. ആകെ പ്രശ്നം, ബഹളം, കരച്ചിൽ, നാട് മുഴുവൻ തിരച്ചിൽ അവസാനം പട്ടണത്തിൽ ജോലി ചെയ്യുന്ന ദൂരെ ദേശക്കാരനായ ഒരാളുമായി പ്രേമത്തിൽ ആയിരുന്നുവെന്നും അയാളുടെ കൂടെ പോയതാണെന്നും കണ്ടെത്തി. അന്ന് എന്റെ അച്ഛൻ നടത്തിയ പുകിലുകൾ എന്തായിരുന്നുവെന്ന് ആലോചിക്കാൻ കൂടി പേടിയാണ്. അവരെ കയ്യിൽ കിട്ടിയാൽ അച്ഛൻ കൊല്ലുമെന്ന് വരെ തോന്നി. ദേഷ്യം കൊണ്ട് കോമരം കണക്കെ അച്ഛൻ വിറ പൂണ്ടു നിൽക്കുന്നു. കുടുംബത്തിന് ചീത്ത പേരുണ്ടാക്കി ഓടിപ്പോയി എന്നതാണ് പ്രശ്നം. അച്ഛൻ എല്ലാത്തിലും പുരോഗമന ചിന്താഗതി പുലർത്തുന്ന ആളാണ്. കറ കളഞ്ഞ കമ്മ്യൂണിസ്റ്റുകാരനും. എന്നിട്ടും അച്ഛന്റെ കുടുംബത്തിൽ ഇങ്ങനെ ഒരു വിഷയം വന്നപ്പോൾ പ്രതികരണം ഭീകരമായിരുന്നു. ആ ചേച്ചിയെ വീട്ടിൽ എന്നല്ല നാട്ടിൽ പോലും കയറ്റരുത് എന്ന് അന്ത്യശാസനം കൊടുത്തു. ഞങ്ങളോട് പോലും അച്ഛൻ ദിവസങ്ങളോളം മിണ്ടിയിട്ടുണ്ടായിരുന്നില്ല.
Content Highlights: valentines day article by ajisha haridas