നിങ്ങൾ ശരിക്കും പ്രണയത്തിലാണോ അതോ ഒരു 'ട്രോമ ബോണ്ടിൽ' കുടുങ്ങിയിരിക്കുകയാണോ?

#ലൈഫ്സ്റ്റൈൽ ഡെസ്ക്
representative image|photo:canva
representative image|photo:canva

രു ബന്ധത്തിൽ തുടരുമ്പോൾ വലിയ മാനസിക വിഷമങ്ങളും വേദനകളും അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിലും, ആ ബന്ധം ഉപേക്ഷിച്ചു പോരാൻ കഴിയാത്ത അവസ്ഥ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ? പങ്കാളി നിരന്തരം നിങ്ങളെ വേദനിപ്പിക്കുകയും പിന്നീട് സ്‌നേഹം വാരിവിതറി വീണ്ടും ഒപ്പം നിർത്തുകയും ചെയ്യുന്ന കൺഫ്യൂസിംഗ് അവസ്ഥയിലൂടെയാണോ നിങ്ങൾ കടന്നുപോകുന്നത്? എങ്കിൽ അത് വെറുമൊരു പ്രണയബന്ധമായിരിക്കില്ല, മറിച്ച് ഒരു 'ട്രോമ ബോണ്ട്'ആകാൻ വലിയ സാധ്യതയുണ്ട്. അബ്യൂസീവ് അഥവാ ഉപദ്രവകരമായ ഒരു ബന്ധത്തിൽ പെട്ടുപോകുമ്പോൾ, ആ വ്യക്തിയോട് ഉണ്ടാകുന്ന അസാധാരണമായ വൈകാരിക ബന്ധത്തെയാണ് മനഃശാസ്ത്രത്തിൽ 'ട്രോമ ബോണ്ടിംഗ്' എന്ന് വിളിക്കുന്നത്. തെറാപ്പിസ്റ്റായ ജെഫ് ഗുന്തർ പങ്കുവെച്ച നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, നിങ്ങൾ ഒരു ട്രോമ ബോണ്ടിലാണോ ഉള്ളത് എന്ന് സ്വയം തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന ചോദ്യങ്ങൾ ഇവിടെ പരിശോധിക്കാം.

എന്താണ് ട്രോമ ബോണ്ട്?

ലളിതമായി പറഞ്ഞാൽ, കടുത്ത മാനസികമോ ശാരീരികമോ ആയ പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും ശേഷം നൽകപ്പെടുന്ന സ്‌നേഹമോ ആശ്വാസമോ കാരണം, ഉപദ്രവിക്കുന്ന വ്യക്തിയോട് ഇരയ്ക്ക് ഉണ്ടാകുന്ന വൈകാരികമായ ആശ്രിതത്വമാണ് ട്രോമ ബോണ്ട്. ഇവിടെ സ്‌നേഹവും അതിക്രമവും ഒന്നടവിട്ട് (Intermittent reinforcement) കടന്നുവരുന്നു. പങ്കാളിയുടെ മോശം പെരുമാറ്റത്തെ സ്‌നേഹം കൊണ്ട് ന്യായീകരിക്കാൻ ഇര പ്രേരിപ്പിക്കപ്പെടുകയും, ബന്ധത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയാത്തവിധം മാനസികമായി കുടുങ്ങിപ്പോവുകയും ചെയ്യുന്നു.താൻ ഒരു ട്രോമ ബോണ്ടിലാണോ ഉള്ളത് എന്ന് സംശയമുള്ള ഏതൊരാളും സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ താഴെ പറയുന്നവയാണ്.

അവരെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രമാണോ നിങ്ങൾ ജീവിക്കുന്നത്? നിങ്ങളുടെ സ്വന്തം സന്തോഷങ്ങൾക്കും മാനസികസമാധാനത്തിനും അപ്പുറം, പങ്കാളിയുടെ മൂഡ് അനുസരിച്ച് നടക്കാനും അവരെ എപ്പോഴും തൃപ്തിപ്പെടുത്താനും മാത്രമാണോ നിങ്ങൾ ശ്രമിക്കുന്നത്? നിങ്ങളുടെ സ്വന്തം ആഗ്രഹങ്ങൾ പൂർണ്ണമായി ഉപേക്ഷിച്ച് പങ്കാളിയുടെ ആഗ്രഹങ്ങൾക്ക് മാത്രം മുൻഗണന നൽകുന്നത് ട്രോമ ബോണ്ടിന്റെ വ്യക്തമായ ലക്ഷണമാണ്.

അവരുടെ മോശം പെരുമാറ്റങ്ങൾക്ക് നിങ്ങൾ സ്വയം കാരണം കണ്ടെത്താറുണ്ടോ?

പങ്കാളി നിങ്ങളെ മോശമായി രീതിയിൽ കൈകാര്യം ചെയ്യുമ്പോഴോ, അപമാനിക്കുമ്പോഴോ 'അത് അവരുടെ തെറ്റല്ല, ഞാൻ കാരണമാണ് അവർ അങ്ങനെ പെരുമാറിയത്' അല്ലെങ്കിൽ 'അവർക്ക് വലിയ ജോലിഭാരമുള്ളതുകൊണ്ടാണ് ദേഷ്യപ്പെട്ടത്' എന്ന് പറഞ്ഞ് നിങ്ങൾ അവരെ ന്യായീകരിക്കാറുണ്ടോ? അവരുടെ അപരാധങ്ങൾക്ക് അതിരുകളില്ലാതെ ഒഴിവുകഴിവുകൾ കണ്ടെത്തുന്നത് അപകടകരമായ ലക്ഷണമാണ്.

അവർ നിങ്ങളെ ഉപദ്രവിക്കുകയും പിന്നീട് സ്വയം രക്ഷകനാവുകയും ചെയ്യാറുണ്ടോ?

നിങ്ങളെ മാനസികമായി തകിടം മറിക്കുന്ന രീതിയിൽ പെരുമാറിയ ശേഷം, അതേ വ്യക്തി തന്നെ വന്ന് നിങ്ങളെ ആശ്വസിപ്പിക്കുകയും കെയർ ചെയ്യുകയും ചെയ്യുന്ന അനുഭവമുണ്ടോ? നിങ്ങളെ വേദനിപ്പിക്കുന്നതും, പിന്നീട് ആ വേദന മാറ്റാൻ ആശ്വാസവുമായി എത്തുന്നതും ഒരേ വ്യക്തി തന്നെയാകുമ്പോൾ ട്രോമ ബോണ്ട് കൂടുതൽ ശക്തമാകുന്നു.

നിങ്ങളുടെ ആത്മാഭിമാനം പാടെ തകർന്നുപോയോ?

ഈ ബന്ധത്തിലേക്ക് കടക്കുന്നതിന് മുൻപ് നിങ്ങൾക്ക് ഉണ്ടായിരുന്ന ആത്മവിശ്വാസവും ആത്മാഭിമാനവും ഇപ്പോൾ നഷ്ടപ്പെട്ടതായി തോന്നുന്നുണ്ടോ? 'എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല', 'ഇതിലും നല്ലൊരു പങ്കാളിയെ എനിക്ക് കിട്ടില്ല' എന്നൊക്കെയുള്ള ചിന്തകൾ പങ്കാളിയുടെ പെരുമാറ്റം കാരണം നിങ്ങളിൽ ഉടലെടുത്തിട്ടുണ്ടെങ്കിൽ ജാഗ്രതൈ!

സന്തോഷമുള്ള നിമിഷങ്ങൾ വളരെ അപൂർവ്വമാണോ?

ബന്ധത്തിൽ സങ്കടങ്ങളും വഴക്കുകളും നിറഞ്ഞുനിൽക്കുമ്പോഴും, എന്നോ ഒരിക്കൽ ഉണ്ടായ വളരെ ചെറിയൊരു നല്ല നിമിഷത്തെയോ അല്ലെങ്കിൽ ഭാവിയിൽ എല്ലാം ശരിയാകും എന്ന പ്രതീക്ഷയെയോ മാത്രം മുറുകെ പിടിച്ച് നിങ്ങൾ ആ ബന്ധത്തിൽ തുടരുന്നുണ്ടോ? യാഥാർത്ഥ്യത്തെക്കാൾ പ്രതീക്ഷകളെ പ്രണയിക്കുന്ന അവസ്ഥയാണിത്.

ബന്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ കടുത്ത ഭയം അനുഭവപ്പെടാറുണ്ടോ?

ഈ ബന്ധം ഉപേക്ഷിച്ചു പോകുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ വലിയ ഭയവും, ഉത്കണ്ഠയും, വിറയലും അനുഭവപ്പെടാറുണ്ടോ? പങ്കാളി ഇല്ലാതെ തനിക്ക് ജീവിക്കാൻ സാധിക്കില്ലെന്ന തരത്തിലുള്ള അമിതമായ ഭയം ട്രോമ ബോണ്ട് നിങ്ങളെ എത്രത്തോളം തളർത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ്.

നിങ്ങളുടെ വിഷമങ്ങൾ മറ്റുള്ളവരോട് പറയാൻ ഭയക്കുന്നുണ്ടോ?

ബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചോ പങ്കാളിയുടെ മോശം പെരുമാറ്റത്തെക്കുറിച്ചോ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ സംസാരിക്കാൻ നിങ്ങൾ മടിക്കാറുണ്ടോ? താൻ ഇത് പുറത്തുപറഞ്ഞാൽ മറ്റുള്ളവർ പങ്കാളിയെ കുറ്റപ്പെടുത്തുമെന്ന ഭയവും, ബന്ധത്തിന്റെ അവസ്ഥ പുറത്തറിയുന്നതിലെ നാണക്കേടും നിങ്ങളെ ഒറ്റപ്പെടുത്തുന്നു.

പങ്കാളിയുടെ ചെറിയൊരു അനുഭാവം പോലും വലിയ കാര്യമായി തോന്നാറുണ്ടോ?

എപ്പോഴും ഉപദ്രവിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന പങ്കാളി വളരെ അപൂർവ്വമായി മാത്രം കാണിക്കുന്ന ലളിതമായ സൗഹാർദ്ദത്തെയോ സ്‌നേഹത്തെയോ വലിയൊരു അനുഗ്രഹമായി നിങ്ങൾ കാണാറുണ്ടോ? സാധാരണയായി ലഭിക്കേണ്ട ബഹുമാനം പോലും വലിയൊരു കാര്യമായി അനുഭവപ്പെടുന്നത് ട്രോമ ബോണ്ടിന്റെ ഭാഗമാണ്.

ബന്ധത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? പങ്കാളി തുടർച്ചയായി നിങ്ങളെ വേദനിപ്പിച്ചിട്ടും, 'അവർ എന്നെങ്കിലും മാറും' എന്ന തെറ്റായ പ്രതീക്ഷയിൽ നിങ്ങൾ വർഷങ്ങളോളം ആ ബന്ധത്തിൽ തുടരുന്നുണ്ടോ? വീണ്ടും വീണ്ടും നിരാശപ്പെടേണ്ടി വന്നിട്ടും ഈ പ്രതീക്ഷ ഉപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയുണ്ടോ? ഇത്തരം അവസ്ഥകളുണ്ടെങ്കിൽ നിങ്ങൾ ട്രോമ ബോണ്ടിലാണെന്ന് ഉറപ്പിക്കാം.

എങ്ങനെ പുറത്തുകടക്കാം?

ചോദ്യങ്ങൾക്ക് 'അതെ' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ, നിങ്ങൾ ഒരു ട്രോമ ബോണ്ടിൽ അകപ്പെട്ടിരിക്കാനാണ് സാധ്യത. ഇതിൽ നിന്ന് പുറത്തുകടക്കുക എന്നത് അത്ര എളുപ്പമല്ലെങ്കിലും അസാധ്യമല്ല: യാഥാർത്ഥ്യം തിരിച്ചറിയണം, നിങ്ങൾ അനുഭവിക്കുന്നത് സ്‌നേഹമല്ല, മറിച്ച് ഒരു വിചിത്രമായ വൈകാരിക ബന്ധമാണെന്ന് ആദ്യം സ്വയം സമ്മതിക്കുക. വിശ്വസ്തരായ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ കാര്യങ്ങൾ തുറന്നുപറയാൻ മടി കാണിക്കരുത്.ഒരു കൗൺസിലറുടെയോ തെറാപ്പിസ്റ്റിന്റെയോ സഹായത്തോടെ തകർന്ന ആത്മവിശ്വാസം വീണ്ടെടുക്കാം. സാധ്യമെങ്കിൽ അബ്യൂസീവ് ആയ പങ്കാളിയിൽ നിന്ന് പൂർണ്ണമായി അകലം പാലിക്കാൻ തീരുമാനമെടുക്കണം.നിങ്ങളുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും തകർക്കുന്ന ഒന്നും സ്‌നേഹമല്ല. വിഷലിപ്തമായ ബന്ധങ്ങളിൽ നിന്ന് സ്വയം മോചിതരായി ആരോഗ്യകരമായ ജീവിതത്തിലേക്ക് ചുവടുവെക്കുകയാണ് പ്രധാനം.

Content Highlights: Trauma bonding occurs when an abusive partner mixes pain with intermittent affection., Self-assessment questions help identify if you are overly dependent on an abuser., Common signs include justifying partner's bad behavior and fearing to leave., Recovery is possible through self-awareness, therapy, and setting boundaries.