ഹോട്ടലുകളില്‍ പാത്രം കഴുകി ഫീസടച്ചു, മുത്തശ്ശിയെ പരിചരിക്കാന്‍ കാമുകിയോട് നോ പറഞ്ഞ് വിമാനം കയറി

ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും നിറഞ്ഞുനില്‍ക്കുന്ന, നൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു വ്യവസായ സാമ്രാജ്യത്തെ പടുത്തുയര്‍ത്തിയാണ് രത്തന്റെ മടക്കം. ആരേയും വെറുപ്പിക്കാതെ, മനുഷ്യത്വവും സഹജീവി സ്‌നേഹവും മനസില്‍ സൂക്ഷിച്ച 86 വര്‍ഷങ്ങള്‍. സ്വകാര്യ ജീവിതത്തിലുണ്ടായ മുറിവുകളുടെ വേദനയും നീറ്റലും ഒരിക്കല്‍പോലും രത്തൻ പുറത്തുകാണിച്ചിരുന്നില്ല. അതിസമ്പന്നമായ പാഴ്‌സി കുടുംബത്തില്‍ ജനിച്ച രത്തന്റെ മനസില്‍ പത്താംവയസില്‍തന്നെ ആദ്യ മുറിവേറ്റിരുന്നു. അച്ഛനും അമ്മയും രണ്ട് വഴിയിലൂടെ നടന്നപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പത്ത് വയസുകാരന്‍ പകച്ചുനിന്നു. അന്നത്തെ ബോംബെയുടെ മധ്യത്തിലുള്ള ആഡംബര ബംഗ്ലാവില്‍, അമ്പതോളം ജോലിക്കാരുടെ പരിചരണത്തില്‍ കഴിഞ്ഞിരുന്ന രത്തന് ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്ന് അവന്റെ കൈപിടിച്ച് ആശ്വസിപ്പിച്ചത് മുത്തശ്ശി നവാജ്ബായിയാണ്. അവിടെ നിന്നിങ്ങോട്ട് അവന് എല്ലാമെല്ലാം മുത്തശ്ശിയായിരുന്നു.
മുത്തശ്ശി കാണിച്ചുകൊടുത്ത വഴിയിലൂടെ നടന്ന്, മുത്തശ്ശി പറഞ്ഞുകൊടുത്ത കഥകള്‍ കേട്ട് അവന്‍ വളര്‍ന്നു. ആരുടേയും മുന്നില്‍ തല കുനിക്കാത്ത, മനുഷ്യരോട് സ്‌നേഹത്തോടെ മാത്രം പെരുമാറുന്ന നായകന്‍മാരായിരുന്നു മുത്തശ്ശിയുടെ കഥകളില്‍ നിറഞ്ഞുനിന്നത്. ജീവിതത്തില്‍ അതുപോലൊരു നായകനായി വളരണമെന്ന് മുത്തശ്ശി അവനോട് പറഞ്ഞു. ആ ഉപദേശം അതുപോലെ ജീവിതത്തിലുടനീളം പുലര്‍ത്തിയ രത്തൻ ഒരിക്കല്‍പോലും നവാജ്ബായിയുടെ വാക്കുകള്‍ തെറ്റിച്ചില്ല. മുംബൈയിലേയും ഷിംലയിലേയും സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പറക്കാനായിരുന്നു രത്തന്റെ ആഗ്രഹം. ഇത് മുത്തശ്ശിയോട് പറഞ്ഞപ്പോള്‍ എതിര്‍പ്പൊന്നുമുണ്ടായില്ല.
Content Highlights: tata group former chairman ratan tata lifestory and love life