അമ്മ രാത്രി വാതില്‍ തുറന്നപ്പോള്‍ അച്ഛന്‍ മാത്രമല്ല, കൂടെയൊരു സ്ത്രീയും ഇറയത്തേക്ക് കയറി | വഴിമരങ്ങൾ

അന്നും ഇതുപോലെ ഒരു തുലാവര്‍ഷ രാത്രിയായിരുന്നു. കോരിച്ചൊരിയുന്ന മഴ. ഇടിവെട്ടിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഞങ്ങള്‍ ചാടി കട്ടിലിന്റെ മുകളില്‍ കയറി. അന്ന് ഞാനും അനിയത്തിയും മാത്രയുള്ളൂ. അനിയനുണ്ടായിട്ടില്ല. മിന്നല്‍പ്പിണരുകള്‍ പുല്ല് മേഞ്ഞ മേല്‍ക്കൂര തുളച്ചെത്തുമ്പോള്‍ ആധിപൂണ്ട നാല് കുഞ്ഞിക്കണ്ണുകളില്‍ കാണുന്ന തിളക്കം പേടിയുടേതായിരുന്നു . അമ്മ കൂടെയുണ്ടെങ്കിലും അച്ഛനപ്പോള്‍ അവിടെയില്ല. ടൗണില്‍ പോയിരിക്കുകയാണ്. രാത്രി ബസ്സിനേ തിരിച്ചെത്തുള്ളൂ.
'ഇങ്ങനെ മഴ പെയ്തു കൊണ്ടിരുന്നാല്‍ അച്ഛന്‍ വരുമ്പോഴേക്കും മൂഴി കയറുമോ ആവോ.'മഴ കനക്കുമ്പോള്‍ ബാണാസുര മലയില്‍നിന്നും തരിയോട് മലയില്‍നിന്നും വെള്ളവും ചെളിയും കല്ലുകളും കുത്തിയൊഴുകി വീടിനടുത്തുള്ള പുഴയിലേക്ക് പതിക്കും.
Content Highlights: personal experience of humanity and care