പുതിയ തലമുറയിലുള്ളവരോടൊപ്പം പ്രവർത്തിക്കാനാണ് ഇഷ്ടം;പ്രായമുള്ളർക്ക് ഈഗോയും അരക്ഷിതാവസ്ഥയും-നീന ഗുപ്ത

തന്റെ നിലപാടുകൾ കൊണ്ടും അഭിനയമികവു കൊണ്ടും എന്നും ഇൻഡസ്ട്രിയെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുള്ള മുതിർന്ന ബോളിവുഡ് താരമാണ് നീന ഗുപ്ത .വീണ്ടും തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. പുതിയ തലമുറയിലെ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കാനാണ് തനിക്കേറെ ഇഷ്ടമെന്നും, തന്റെ സ്വന്തം തലമുറയിലുള്ള സഹപ്രവർത്തകർക്കിടയിൽ ഈഗോയും അനാവശ്യ അരക്ഷിതാവസ്ഥകളും നിറഞ്ഞുനിൽക്കുകയാണെന്നുമാണ് താരം തുറന്നടിച്ചിരിക്കുന്നത്.
പ്രായം 67-ൽ എത്തിനിൽക്കുമ്പോഴും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും ചിന്താഗതിയിലും എപ്പോഴും പുതുമ നിലനിർത്തുന്ന നീന ഗുപ്തയുടെ ഈ പുതിയ പ്രസ്താവന ഇപ്പോൾ ചലച്ചിത്ര ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.തന്റെ ഏറ്റവും പുതിയ സീരീസായ 'ചുംബകി'ന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നീന ഗുപ്ത ഇൻഡസ്ട്രിയിലെ അനുഭവങ്ങൾ പങ്കുവെച്ചത്. പുതിയ തലമുറയിലെ അഭിനേതാക്കൾക്കൊപ്പം വർക്ക് ചെയ്യുമ്പോൾ തനിക്ക് പ്രായത്തിന്റെ ഒരു വ്യത്യാസവും തോന്നാറില്ലെന്ന് നീന വ്യക്തമാക്കുന്നു.
'പുതിയ തലമുറയോടൊപ്പം എനിക്ക് വളരെ പെട്ടെന്ന് ഇഴുകിച്ചേരാൻ സാധിക്കാറുണ്ട്. ഞാൻ അവരെക്കാൾ ഒരുപാട് പ്രായമുള്ള ആളാണെന്ന് എനിക്ക് ഒരിക്കലും തോന്നാറില്ല. എന്നാൽ എന്റെ അതേ തലമുറയിൽപ്പെട്ട അഭിനേതാക്കൾക്കൊപ്പം വർക്ക് ചെയ്യുക എന്നത് എനിക്ക് വലിയ പ്രയാസമുള്ള കാര്യമാണ്. കാരണം അവരിൽ ഭൂരിഭാഗം ആളുകൾക്കും അനാവശ്യമായ ഈഗോയും ഒപ്പം വലിയ അരക്ഷിതാവസ്ഥകളുമുണ്ട്- നീന ഗുപ്ത പറഞ്ഞു.
തന്റെ പ്രായത്തിലുള്ള മുതിർന്ന താരങ്ങളുടെ ഈഗോ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കാൻ തനിക്കുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ചും നീന വെളിപ്പെടുത്തി. മുൻപ് ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കൊപ്പം അഭിനയിച്ച മുതിർന്ന നടൻ ചെയ്ത പ്രവൃത്തിയാണ് നീന പങ്കുവെച്ചത്. ഷൂട്ടിങ്ങിനിടെ ഒരു ഫ്രെയിമിൽ തനിക്ക് പിന്നിലായി നിന്ന നടൻ, താൻ ക്യാമറയിൽ കൃത്യമായി കാണുന്നില്ലെന്ന് മനസ്സിലാക്കിയപ്പോൾ തനിക്കിട്ട് ഒരു തട്ട് തരുകയും തന്റെ സ്ഥാനത്തേക്ക് കയറി നിൽക്കുകയുമായിരുന്നെന്ന് നീന ഓർത്തെടുക്കുന്നു. 'അദ്ദേഹം എന്നെ പിന്നിലേക്ക് തള്ളിമാറ്റി എന്റെ സ്ഥാനത്ത് വന്നുനിന്നു. ഇതാണ് അവസ്ഥ! എന്റെ പ്രായത്തിലുള്ള പലരിലും വലിയ അഹങ്കാരവും അരക്ഷിതാവസ്ഥയുമാണ് കാണാനാവുകയെന്നും താരം തുറന്നടിച്ചു.
തന്നേക്കാൾ ഇരുപതിലധികം വർഷം ഇളപ്പമുള്ള യുവതാരങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതാണ് തനിക്ക് എപ്പോഴും കൂടുതൽ ആശ്വാസകരം എന്ന് നീന പറയുന്നു. മുതിർന്ന അഭിനേതാക്കൾ വളരെ പെട്ടെന്ന് കാര്യങ്ങൾ വ്യക്തിപരമായി എടുക്കുന്നുവെന്നും എന്നാൽ യുവതലമുറയോട് എന്തു സംസാരിച്ചാലും അവർ അത് പോസിറ്റീവായി മാത്രമേ എടുക്കാറുള്ളൂവെന്നും നീന വ്യക്തമാക്കി.'ചുംബകി'ലെ തന്റെ സഹപ്രവർത്തകരെ ചൂണ്ടിക്കാട്ടി നീന പറഞ്ഞു: 'എന്റെ തലമുറയിലുള്ളവരോട് സംസാരിക്കുമ്പോൾ അവർ പെട്ടെന്ന് വിഷമിക്കും. എന്നാൽ പുതിയ കുട്ടികളോട് എനിക്ക് എന്തും തുറന്നു പറയാം. അവർ അതൊന്നും മനസ്സിൽ വെക്കില്ല. അതുകൊണ്ടുതന്നെ പുതിയ തലമുറയിലെ താരങ്ങൾക്കൊപ്പം വർക്ക് ചെയ്യാനാണ് ഞാൻ എപ്പോഴും മുൻഗണന നൽകുന്നത്. തന്റെ കരിയറിലെ രണ്ടാം വരവിൽ 'ബധായ് ഹോ', 'പഞ്ചായത്ത്' തുടങ്ങിയ ഹിറ്റുകളിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം ഉറപ്പിച്ച താരമാണ് നീന ഗുപ്ത. പ്രായവും കാപട്യങ്ങളും മാറ്റിവെച്ച്, യാഥാർത്ഥ്യങ്ങളെയും ഇൻഡസ്ട്രിയിലെ കറുത്ത വശങ്ങളെയും ഭയമില്ലാതെ തുറന്നുപറയാനുള്ള നീനയുടെ ആർജ്ജവമാണ് അവരെ എപ്പോഴും വേറിട്ടുനിർത്തുന്നത്.
Content Highlights: Neena Gupta expressed her preference for working with the younger generation., She criticized her own generation of actors for having ego and insecurity issues., Shared a bad experience of being pushed aside by a senior actor during a shoot., Promoting her latest web series 'Chumbak'.