72432143726413424: ഈ നമ്പർ പൂർണമായും വായിക്കാൻ മടിയാണോ? എങ്കിൽ ഈ ദിവസം നിങ്ങളുടേതാണ്

'ലോകത്തെ ഏറ്റവും മികച്ച മടിയനുള്ള പുരസ്‌കാരം ലഭിക്കുകയാണെങ്കിൽ അതുവാങ്ങാൻ ഞാൻ മറ്റാരെയെങ്കിലും അയയ്ക്കും' എന്നുപറയുന്ന ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടോ? എന്നാൽ ഓഗസ്റ്റ് 10 അവരുടെ ദിവസമാണ്. ദേശീയ മടി ദിനം. അതേ, വെറുതെ മടിപിടിച്ചിരിക്കാനും ഒരു ദിവസം. ആരാണ് ഈ ദിവസം ഇങ്ങനെ ആചരിക്കാൻ തുടങ്ങിയത് എന്നുചോദിച്ചാൽ അതിനുപക്ഷെ ഉത്തരമില്ല.
നിങ്ങളൊരു മടിയനാണോ?
#72432143726413424 ഈ നമ്പർ പൂർണമായും വായിക്കാൻ നിൽക്കാതെ അടുത്ത വാചകം വായിച്ചുതുടങ്ങിയവരാണോ നിങ്ങൾ. എങ്കിൽ സംശയിക്കേണ്ട ഈ മടിദിനം നിങ്ങൾക്ക് കൂടിയുള്ളതാണ്. പനി ഒരു അസുഖമല്ല, ലക്ഷണമാണ് എന്നുപറയുന്നത് പോലെ മടി നിങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള സൂചനയാണ് നൽകുന്നത്. ക്ഷീണം, സമ്മർദം, ബേൺഔട്ട്, ഡോപമിൻ കുറവ്, വ്യക്തമായ ലക്ഷ്യം ഇല്ലാതിരിക്കുക തുടങ്ങി ഒരാൾ മടിയനാകുന്നതിന് പിന്നിൽ കാരണങ്ങളേറെയാണ്.
എന്താണ് മടി?
വൈദ്യശാസ്ത്രത്തിൽ ഔദ്യോഗികമായി മടി എന്നുപറയുന്നത് ഒരു ക്ലിനിക്കൽ ടേം അല്ല. മടിക്ക് ചികിത്സയില്ല. എന്നാൽ മടിയോട് ഏറെക്കുറെ അടുത്ത് നിൽക്കുന്ന പ്രോകാസ്റ്റിനേഷൻ അഥവാ നീട്ടിവയ്ക്കൽ മനഃശാസ്ത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ ഇതുരണ്ടും മാനസികാരോഗ്യ വിദഗ്ധരെ സംബന്ധിച്ചിടത്തോളം ഒന്നല്ല. ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വളരെ വിശദമായ നിരവധി പഠനങ്ങൾ നടന്നിട്ടുമുണ്ട്. ഉത്കണ്ഠ, പ്രായം, പതിവ് പെരുമാറ്റം, ചുറ്റുപാട്, ഊർജം, ഉറക്കം, ഇച്ഛാശക്തി, വ്യക്തിത്വസവിശേഷതകൾ, ശ്രദ്ധക്കുറവ് തുടങ്ങി കാര്യങ്ങൾ അപ്പപ്പോൾ നടത്താതെ മാറ്റിവയ്ക്കാൻ നിരവധി കാരണങ്ങളുള്ളതായി മനശാസ്ത്ര വിദഗ്ധർ പറയുന്നു.
തുടർച്ചയായി, കഠിനമായി ജോലി ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ ജോലി ഭാരം നിങ്ങളെ വൈകാരികമായും ശാരീരികമായും തളർത്തും. സ്വാഭാവികമായും എവിടെയെങ്കിലും ചുരുണ്ടുകൂടി വെറുതെയിരിക്കാൻ തോന്നും. ശരീരത്തിൽ ഊർജം കുറയുന്തോറും ആശ്വാസത്തിനായി മസ്തിഷ്‌കം കംഫർട്ടായി ഇരിക്കാൻ ആഗ്രഹിക്കും. അതും മടിയായി വായിക്കപ്പെടാം. ഹാപ്പി ഹോർമോൺ എന്നറിയപ്പെടുന്ന ഡോപമിൻ കുറയുകയാണെങ്കിൽ നമ്മളാഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യാൻ സാധിച്ചെന്നുവരില്ല. എന്തുംതുടങ്ങിക്കിട്ടാൻ നല്ല ബുദ്ധിമുട്ട് അനുഭവപ്പെടും. ഉറക്കക്കുറവ് മറ്റൊരു വില്ലനാണ്. ഉറക്കമില്ലായ്മ നിങ്ങളെ ക്ഷീണിതനാക്കും. സ്വാഭാവികമായും ശ്രദ്ധയില്ലായ്മയ്ക്കും, തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മയ്ക്കും കാരണമാകും. അതിനെയും മടിയെന്ന് വ്യാഖ്യാനിച്ചേക്കാനുള്ള സാധ്യതയുണ്ട്.
അങ്ങ് അമേരിക്കയിൽ ഒരു വ്യക്തിയെ മടിയനെന്ന് വിളിക്കുന്നതാണ് ഏറ്റവും വലിയ ഇൻസൾട്ട്! ലോക ജനസംഖ്യയിൽ 31 ശതമാനം പേരും ശാരീരികമായി സജീവമായി ഇടപെടുന്നില്ല. 2030 ആകുമ്പോഴേക്കും ഇത് 35 ശതമാനമായി ഉയരുമെന്നാണ് പറയുന്നത്.
മടി ആരോഗ്യത്തെ ബാധിക്കുമോ?
മടിയെയും ആരോഗ്യത്തെയും തമ്മിൽ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പഠനങ്ങൾ അധികമില്ല. കാര്യങ്ങൾ നീട്ടിവയ്ക്കുന്ന സ്വഭാവമുള്ളവർ സ്വാഭാവികമായും വ്യായാമമുൾപ്പെടെയുള്ള കാര്യങ്ങൾ നാളെയാകട്ടെ എന്നുകരുതി മാറ്റിവയ്ക്കുന്നവരാണ്. ഇത് ആരോഗ്യത്തെ ബാധിച്ചേക്കാം.
മടി കുറയ്ക്കാൻ
ചെയ്യാനുള്ള കാര്യങ്ങളുടെ പട്ടിക നേർപ്പകുതിയാക്കുക. പട്ടികയിൽ നിന്ന് നിങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന കാര്യം എന്താണ്? എന്തുകൊണ്ട് ഒഴിവാക്കുന്നു, ആരെയെല്ലാം ഇത് ബാധിക്കും ഇതെല്ലാം സ്വയം ചോദിച്ചുകൊണ്ടുവേണം ആ ഒഴിവാക്കൽ. സ്വാഭാവികമായും അപ്പോൾ ചെയ്യാനുളളതിന്റെ പാതി മാത്രം ചെയ്താൽ മതിയല്ലോ?
കൃത്യതയാണ് മറ്റൊന്ന്. ഈ ആഴ്ചാവസാനം ഇതുഞാൻ ചെയ്തുതീർക്കും എന്ന മാനസികനിലയിലേക്കെത്തണം. എന്താണ് ചെയ്യാൻ പോകുന്നത് എന്നതിലുപരി, അക്കാര്യം ചെയ്യാനുദ്ദേശിക്കുന്ന സമയവും സ്ഥലവും തീരുമാനിക്കുക. ഉദാഹരണത്തിന് ഒരു യോഗ വർക്ക്‌ഷോപ്പിൽ റജിസ്റ്റർ ചെയ്ത് ഫോണിൽ റിമൈൻഡർ വയ്ക്കാം.
ആസ്വാദ്യമായി തോന്നുന്ന കാര്യം തുടർച്ചയായി ചെയ്തുകൊണ്ടേയിരിക്കുക. ചെറിയ കാര്യങ്ങൾ, ഒരു സമയം ഒന്ന് എന്ന രീതിയിൽ ചെയ്യുക. ഇടയ്ക്ക് ടെക് ഫ്രീ ബ്രേക്ക് എടുക്കുക. ആ സമയത്ത് ഫോണുൾപ്പെടെയുള്ള ഗാഡ്‌ജെറ്റ്‌സുകൾ ഒഴിവാക്കണം. സ്വന്തം ചിന്തകളെകുറിച്ചുള്ള അവബോധം നിർബന്ധം. ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിരിക്കാതെ ഇനിയെന്ത് ചെയ്യാനാകും എന്ന് പോസിറ്റീവായി ചിന്തിച്ച് മുന്നോട്ടുപോകുക.
മടിയുമായി ബന്ധപ്പെട്ട് രസകരമായ മറ്റുചില കാര്യങ്ങളുണ്ട്. റോയൽ സൊസൈറ്റി ബി, ബയോളജിക്കൽ സയൻസസ് നടത്തിയ ഒരു പഠനത്തിൽ മടിയന്മാർ ദീർഘകാലം ജീവിച്ചിരിക്കുമെന്ന് കണ്ടെത്തിയിരുന്നുവത്രേ. അതുപോലെ വലിയ കഴിവുള്ള മനുഷ്യരുടെ ലക്ഷണമാണ് മടിയെന്നും പറയാറുണ്ട്. കഠിനമായ ജോലി ചെയ്യാൻ ഞാനൊരു മടിയനെ ഏൽപ്പിക്കും. കാരണം അത് ചെയ്യാൻ അയാളൊരു എളുപ്പവഴി കണ്ടെത്തും എന്നുപറഞ്ഞത് ബിൽഗേറ്റ്‌സ് ആണ്.
Content Highlights: National Lazy Day highlights the psychological and physical aspects of being lazy., Laziness can be a sign of mental fatigue, burnout, or low dopamine levels rather than just a personality trait., Procrastination and laziness are distinct, though both are linked to stress, sleep deprivation, and lack of focus., Practical tips like prioritizing tasks, setting exact timelines, and taking tech-free breaks can help manage procrastination.