മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, മകളെ കണ്ടിട്ട് 24 വർഷം; കെബിസി മത്സരാർഥിയുടെ വാക്കുകൾ കേട്ട് കണ്ണീരണിഞ്ഞ് ബച്ചൻ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
അമിതാഭ് ബച്ചൻ | Photo: AFP
അമിതാഭ് ബച്ചൻ | Photo: AFP

കോൻ ബനേഗാ ക്രോർപതി വേദിയിൽ മത്സരാർത്ഥിയുടെ കണ്ണീരണിയിക്കുന്ന ജീവിതാനുഭവം കേട്ട് വികാരഭരിതനായി അമിതാഭ് ബച്ചൻ. ഛത്തീസ്ഗഡിലെ ബിലാസ്പൂർ സ്വദേശിയായ കപില തനേജ എന്ന മത്സരാർത്ഥിയാണ് നേരിട്ട ഗാർഹിക പീഡനത്തെക്കുറിച്ചും സ്വന്തം മകളിൽ നിന്ന് 24 വർഷമായി അകന്നു ജീവിക്കേണ്ടി വന്ന വേദനയും അമിതാഭ് ബച്ചന് മുൻപിൽ തുറന്നുപറഞ്ഞത്.

മകളെക്കുറിച്ചുള്ള അമിതാഭിന്റെ ചോദ്യത്തോടെയാണ് തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുസംസാരിച്ചത്. ജന്മം നൽകിയ ശേഷം മകളെ കണ്ടിട്ടില്ലെന്ന് കപില പറഞ്ഞു. ഭർത്താവിന്റെ വീട്ടുകാരോടും കോടതിയോടും മകളെ ഒരു നോക്കുകാണണമെന്ന് നിരന്തരം ആവശ്യപ്പെട്ടെന്നും ചുരുങ്ങിയത് മകളുടെ ഫോൺ നമ്പർ എങ്കിലും തരണമെന്നും ആവശ്യപ്പെട്ടതായി കപില പറയുന്നു.

മകൾ പഠനം പൂർത്തിയാക്കി ജോലി ചെയ്യാൻ ആരംഭിച്ചുവെന്ന് അയൽക്കാർ പറഞ്ഞാണ് അറിഞ്ഞതെന്നും യുവതി പറയുന്നുണ്ട്. മകൾക്ക് വേണ്ടി നിത്യവും പ്രാർഥിക്കാറുണ്ടെന്ന് പറഞ്ഞ കപില അമിതാഭിനോട് മകളെ അനുഗ്രഹിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന്, അനുഗ്രഹിക്കാൻ മാത്രം താൻ ആരുമല്ലെന്ന് പറഞ്ഞ അമിതാഭ് കപിലയുടെ മകളെ അഭിസംബോധന ചെയ്തു. അമ്മയ്ക്ക് അരികിലേക്ക് തിരിച്ചെത്താൻ മകളോട് അഭ്യർത്ഥിച്ചു. ഒരു കുട്ടിയുടെ ജീവിതത്തിൽ അമ്മ എന്ന വാക്കിനേക്കാൾ അമൂല്യമായി ഒന്നുമില്ലെന്നും, ഒരൊറ്റ തവണ അമ്മയെന്ന് വിളിച്ചാൽ ആ അമ്മ നിങ്ങളിലേക്ക് എത്തുമെന്നും അമിതാഭ് ബച്ചൻ വൈകാരികമായി പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

പ്രണയവിവാഹമായിരുന്നുന്റേതെന്നും എന്നാൽ ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കപില ഓർത്തെടുത്തു. അമ്മായിയമ്മ വീട്ടിലേക്ക് എത്തിയതോടെ പ്രശ്‌നങ്ങൾ കൂടിയെന്നും അവൾ പറയുന്നുണ്ട്. ഭർതൃവീട്ടുകാർ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയകാര്യവും അവർ തുറന്നുപറയുന്നുണ്ട്. 'ഒരു മഞ്ഞുകാലത്താണ് അവർ എന്നെ കൊലപ്പെടുത്താൻ ശ്രമിച്ചത്. എന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മെഴുകുതിരി ഉപയോഗിച്ച് തീ കൊളുത്തി. സ്വെറ്ററും സാരിയും ശരീരത്തോട് ഒട്ടിപ്പിടിച്ച നിലയിൽ ഓടിച്ചെന്ന് വാട്ടർ ടാങ്കിലേക്ക് ചാടിയാണ് ഞാൻ ജീവൻ രക്ഷിച്ചത്,' കപില പറഞ്ഞു.

കപിലയുടെ അനുഭവം കേട്ട അമിതാഭ് ബച്ചൻ കണ്ണ് തുടയ്ക്കുകയും കുറച്ചുസമയം വാക്കുകൾ കിട്ടാതെ നിശബ്ദനാവുകയും ചെയ്തു. ഷോയിൽ കാണികളായി എത്തിയവരും കണ്ണീരണിഞ്ഞു.