‘2 ആൺകുട്ടികളുടെ അമ്മയെന്ന നിലയിൽ എപ്പോഴും ഭയമാണ്, ദൈവത്തോട് ഒരു പ്രാർഥന മാത്രമേയുള്ളു’

kareena kapoor
kareena kapoor

ൺകുട്ടികൾ കരയാൻ പാടില്ലെന്ന പഴയ സാമൂഹിക സങ്കൽപ്പങ്ങളെയും നിലപാടുകളെയും പൂർണമായി തള്ളിക്കളയുകയാണ് ബോളിവുഡ് താരം കരീന കപൂർ ഖാൻ. തന്റെ രണ്ട് മക്കളായ തൈമൂർ അലി ഖാനെയും ജെഹ് അലി ഖാനെയും വളർത്തുന്നതിൽ തന്റെ നിലപാടുകളെക്കുറിച്ചും അവരുടെ വികാരങ്ങളെ തുറന്നുപ്രകടിപ്പിക്കാൻ നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ് താരം മനസ്സ് തുറന്നത്.

മക്കൾക്ക് കരയണമെന്ന് തോന്നുമ്പോഴെല്ലാം അവരെ അതിന് അനുവദിക്കാറുണ്ടെന്നും, വികാരങ്ങൾ ഉള്ളിൽ ഒതുക്കിവെക്കാൻ പഠിപ്പിക്കുന്നതിനേക്കാൾ അത് തുറന്നു പ്രകടിപ്പിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും കരീന ഓർമ്മിപ്പിക്കുന്നു. അടുത്തിടെ പങ്കെടുത്ത ഒരു ചടങ്ങിലാണ് കരീന തന്റെ രക്ഷിതാവെന്ന നിലയിലുള്ള ചിന്തകൾ പങ്കുവെച്ചത്. പൊതുവെ പെൺകുട്ടികളാണ് കൂടുതൽ വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നതെന്ന ഒരു ചിന്താഗതി സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും എന്നാൽ അത് പൂർണ്ണമായും ശരിയല്ലെന്നും താരം വ്യക്തമാക്കുന്നു.

'പെൺകുട്ടികൾ എപ്പോഴും വളരെ സോഫ്റ്റ് അല്ലെങ്കിൽ സെൻസിറ്റീവ് ആണെന്നാണ് പൊതുവെ നമ്മൾ വിചാരിക്കുന്നത്. എന്നാൽ അത് പൂർണ്ണമായും സത്യമല്ല. ഇന്ന് സ്വന്തം വികാരങ്ങളെ ഭയമില്ലാതെ പ്രകടിപ്പിക്കാനും, ഒരമ്മയുടെയോ പെൺകുട്ടിയുടെയോ മുന്നിൽ തുറന്നു കരയാനും മടിയില്ലാത്ത ആൺകുട്ടികളും പുരുഷന്മാരും ഉണ്ട്. എന്റെ മകനോട് ഞാൻ എപ്പോഴും പറയാറുള്ളത് ഇതാണ്: 'നിനക്ക് കരയണം എന്ന് തോന്നിയാൽ, ധൈര്യമായി കരയുക.' കാരണം ആ വികാരത്തെ അവ അനുഭവിച്ചറിയണം, അതൊരിക്കലും തെറ്റല്ലെന്ന് തിരിച്ചറിയണം- കരീന പറഞ്ഞു.

രണ്ട് ആൺകുട്ടികളുടെ അമ്മ എന്ന നിലയിൽ മനസ്സിൽ എപ്പോഴും ചെറിയൊരു ഭയവും ഉത്തരവാദിത്തബോധവും ഉണ്ടെന്ന് താരം സമ്മതിക്കുന്നു. കുട്ടികൾ വളർന്നു വരുമ്പോൾ അവർക്ക് ശരിയായ വഴികാട്ടിയാകാനും സംരക്ഷിക്കാനും കഴിയണം എന്ന ആഗ്രഹമാണ് ഏതൊരു അമ്മയെയും പോലെ കരീനയെയും നയിക്കുന്നത്.'ഞാൻ രണ്ട് ആൺകുട്ടികളുടെ അമ്മയാണ്. ഒരു അമ്മയെന്ന നിലയിൽ എന്നിൽ എപ്പോഴും ഒരു ചെറിയ ഭയമുണ്ട്. മക്കളെ നന്നായി വളർത്താനും സംരക്ഷിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എങ്കിലും, ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ഒന്നേയുള്ളൂ മക്കൾ ദയയുള്ളവരും കരുണയുള്ളവരുമായി വളരണം. പുരുഷന്മാരും ആൺകുട്ടികളും കൂടുതൽ കരുണയുള്ളവരായി മാറേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കരീന പറഞ്ഞു.

മുൻപും ലിംഗസമത്വത്തെക്കുറിച്ചും ആൺകുട്ടികളുടെ വളർത്തലിനെക്കുറിച്ചും കരീന പരസ്യമായി സംസാരിച്ചിട്ടുണ്ട്. പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്നും അവരെ എങ്ങനെ ബഹുമാനിക്കണമെന്നും ആൺകുട്ടികൾ കണ്ടു പഠിക്കേണ്ടത് സ്വന്തം വീടുകളിൽ നിന്നാണെന്ന് താരം അന്ന് പറഞ്ഞു. അമ്മമാർ ചെറിയ പ്രായം മുതൽ തന്നെ ഇത്തരം കാര്യങ്ങൾ മക്കളുമായി തുറന്നു സംസാരിക്കണം. അമ്മയും അച്ഛനും ജോലിക്ക് പോകുന്നതും, സ്ത്രീകളുടെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും എത്രത്തോളം പ്രധാനമാണെന്ന് മക്കൾ നേരിട്ടു കണ്ട് മനസ്സിലാക്കുമ്പോഴാണ് അവർ കൂടുതൽ ഉത്തരവാദിത്തമുള്ള വ്യക്തികളായി മാറുന്നതെന്നും കരീന അഭിപ്രായപ്പെട്ടു.

Content Highlights: Kareena Kapoor emphasizes that boys should be allowed to express their emotions and cry freely., Challenges traditional societal norms that discourage boys from showing vulnerability., Highlights the importance of raising sons to be kind, compassionate, and respectful towards women., Shares her personal parenting approach with her two sons, Taimur and Jeh.