ടോക്‌സിക് റിലേഷൻഷിപ്പിലാണോ നിങ്ങൾ; പുറത്ത് കടക്കാൻ വഴിയുണ്ട്

representative image|photo:canva
representative image|photo:canva

ന്തോഷവും ആത്മവിശ്വാസം തകർത്തുകളയുന്നതുമായ ടോക്‌സിക് റിലേഷൻഷിപ്പിൽ നിന്നും പുറത്തുകടക്കുക അത്രയെളുപ്പമുള്ള കാര്യമല്ല. പലപ്പോഴും വികാരങ്ങളേക്കാൾ കൂടുതൽ ഈ ബന്ധങ്ങളിൽ ആളുകളെ തളച്ചിടുന്നത് മാറ്റങ്ങളെക്കുറിച്ചുള്ള ഭയവും ഓർമ്മകളുമാണ്. ഇത്തരം സങ്കീർണ്ണമായ അവസ്ഥകളിൽ നിന്ന് സ്വയം മോചിപ്പിപ്പ് സമാധാനപരമായ ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന പ്രധാന വഴികൾ ചൂണ്ടിക്കാണിക്കുകയാണ് ഫ്‌ലോറിഡയിലെ മനഃശാസ്ത്ര വിദഗ്ദ്ധനും മെന്റൽ ഹെൽത്ത് കൗൺസിലറുമായ ജെഫ്രി മെൽറ്റ്സർ.ടോക്‌സിക് ബന്ധങ്ങളിൽ നിന്ന് രക്ഷപ്പെടാനും മാനസികാരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന വഴികളിതൊക്കെയാണ്.

ഒരാളുമായി കാലങ്ങളായി അടുത്ത ബന്ധമുള്ളപ്പോൾ, അവരുടെ മോശം പെരുമാറ്റങ്ങൾ സാധാരണ കാര്യമായി നാം കരുതാൻ തുടങ്ങിയേക്കാം. അത് ജീവിതത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയാതിരിക്കാൻ ഇത് കാരണമാകുന്നു.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

* നിങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ അവർ നിങ്ങളെ നിർബന്ധിക്കുന്നുണ്ടോ?

* നിങ്ങളുടെ ബൗണ്ടറി അവർ തുടർച്ചയായി ലംഘിക്കുന്നുണ്ടോ?

* തെറ്റുകൾ അംഗീകരിക്കാൻ മടിക്കുകയും പ്രശ്‌നങ്ങൾക്കെല്ലാം മറ്റുളളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന സ്വഭാവക്കാരനാണോ പങ്കാളി?

ഇതിനെല്ലാം അതേയെന്നാണ് ഉത്തരമെങ്കിൽ ഇത്തരം പ്രതികൂലമായ സ്വഭാവരീതികൾ നിരീക്ഷിക്കുകയും ബന്ധം ആരോഗ്യകരമല്ലെന്ന് സ്വയം തിരിച്ചറിയുകയും ചെയ്യുകയാണ് ആദ്യപടി.ബന്ധത്തിൽ നിന്ന് മാറുക എന്നാൽ പെട്ടെന്ന് ഒരു ദിവസം കൊണ്ട് എല്ലാ ബന്ധങ്ങളും പാടെ ഉപേക്ഷിച്ച് 'നോ കോൺടാക്റ്റ്' രീതിയിലേക്ക് പോവുക എന്നതല്ല. സാഹചര്യങ്ങൾ അനുസരിച്ച് അതിന് സാധിച്ചെന്നു വരില്ല. എങ്കിലും, അതൊരു തണുപ്പൻ മനോഭാവത്തോടെയോ നിശബ്ദത പാലിച്ചോ ചെയ്യേണ്ടതില്ല. അനാവശ്യമായ സംഭാഷണങ്ങൾക്കും കൂടിക്കാഴ്ചകൾക്കും 'നോ' പറയാൻ തുടങ്ങുക. അവരുമൊത്ത് ചെലവഴിക്കുന്ന സമയത്തിന്റെ വ്യാപ്തി കുറച്ചുകൊണ്ട് ദൂരം പാലിക്കാൻ ശ്രമിക്കുക.

നിങ്ങൾക്ക് എപ്പോഴും ലഭ്യമായിരുന്ന ഒരാളിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങുമ്പോൾ വലിയ രീതിയിലുള്ള മാനസിക അസ്വസ്ഥതകൾ അനുഭവപ്പെടാം. നിങ്ങളുടെ അതിരുകൾ ലംഘിക്കാൻ അവർ ശ്രമിക്കുകയും, കുറ്റബോധം തോന്നിപ്പിക്കാൻ ഇടയാക്കുകയും ചെയ്‌തേക്കാം. ഇത്തരം സമയങ്ങളിൽ ഈ അസ്വസ്ഥതകളെ നിങ്ങളെ കൂടുതൽ ഭരിക്കാൻ അനുവദിക്കരുത്. ഒരാളെ സന്തുഷ്ടനാക്കാൻ വേണ്ടി ഇനി സ്വയം നഷ്ടപ്പെടുത്തില്ല എന്ന ഉറച്ച തീരുമാനത്തിന്റെ ലക്ഷണമാണ് ഈ അസ്വസ്ഥതയെന്ന് മനസ്സിലാക്കുക.

നല്ല ഓർമ്മകളും മോശം യാഥാർത്ഥ്യങ്ങളും രണ്ടാണ് എന്ന് തിരിച്ചറിയണം.ഒരു വ്യക്തി മോശം ബന്ധത്തിന്റെ ഭാഗമായി മാറി എന്നതുകൊണ്ട് അയാൾക്ക് നല്ല ഗുണങ്ങൾ തീരെയില്ല എന്നല്ല അർത്ഥം. അവർക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളും സ്‌നേഹവും ഉണ്ടായിട്ടുണ്ടാകാം. ആ നല്ല ഓർമ്മകളെ ഓർക്കുന്നത് തെറ്റല്ല, എന്നാൽ ആ ഓർമ്മകളെ മുൻനിർത്തി നിങ്ങളെ വേദനിപ്പിക്കുന്ന ഇന്നത്തെ മോശം പെരുമാറ്റങ്ങൾ വച്ചുപൊറുപ്പിക്കേണ്ടതില്ല. ആ വ്യക്തിയോടുള്ള സ്‌നേഹവും അവർ തരുന്ന മാനസിക ആഘാതവും രണ്ടായി കാണാൻ പഠിക്കണം.

അവർ മാറുമെന്ന പ്രതീക്ഷ അവസാനിപ്പിക്കുകയാണ് അവസാനം വേണ്ടത്. ആ വ്യക്തി എപ്പോഴെങ്കിലും മാറി നല്ലൊരാളാകുമെന്നോ, നിങ്ങളോട് മാപ്പ് ചോദിക്കുമെന്നോ പ്രതീക്ഷിച്ചിരിക്കുന്നത് നിങ്ങളെ വീണ്ടും അതേ തടവറയിൽ നിലനിർത്തും. അവർ ഒരിക്കലും മാറിയെന്നു വരില്ല, നിങ്ങളെ മനസ്സിലാക്കിയെന്നും വരില്ല. എന്നാൽ നിങ്ങളുടെ മനഃസമാധാനത്തിനും സ്വയം തെരഞ്ഞെടുക്കലുകൾക്കും അവരുടെ അംഗീകാരം ആവശ്യമില്ല. നിങ്ങളുടെ സമാധാനം നിലനിർത്താൻ ചില ആളുകളെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തേണ്ടത് അത്യാവശ്യമാണെന്ന് അംഗീകരിക്കുക. ഈ രീതികളിലൂടെ സ്വയം മുൻഗണന നൽകാം, അങ്ങനെ ടോക്‌സിക് ബന്ധങ്ങൾ പൊട്ടിച്ച് സ്വന്തം കഴിവും സമാധാനവും തിരിച്ചെടുക്കാൻ ഏതൊരാൾക്കും സാധിക്കുമെന്ന് ജെഫ്രി മെൽറ്റ്സർ പറയുന്നു.

Content Highlights: Identify toxic behaviors and boundary violations in relationships., Gradually create emotional distance and say no to unnecessary interactions., Separate fond memories from current painful realities., Stop expecting the partner to change and prioritize your peace of mind.