വിഷാദത്തിന്റെ നടുക്കടല്‍, നഷ്ടപ്പെട്ട ആദ്യത്തെ കുഞ്ഞ്; വിനിക്കൊപ്പമുള്ള മാക്‌സിയുടെ വിജയ ഇന്നിങ്‌സ്

ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ അവിശ്വസനീയ ഇന്നിങ്‌സ് കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. പരിക്കേറ്റിട്ടും പിന്‍വാങ്ങാതെ, മുടന്തിനിന്ന് മാക്‌സ്‌വെല്‍ ഓരോ പന്തും നേരിട്ടപ്പോള്‍ ഒരു പോരാളിയായി അദ്ദേഹത്തെ ലോകം വാഴ്ത്തി. എന്നാല്‍ മണിക്കൂറുകളോളം വേദന കടിച്ചമര്‍ത്തിയുള്ള മാക്‌സിയുടെ ഇന്നിങ്‌സ് വിഐപി ഗാലറിയിലിരുന്ന് അതേ വേദനയോടെ കണ്ടുതീര്‍ത്ത ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. മാക്‌സ്‌വെല്ലിന്റെ ചെന്നൈയ്ക്കാരിയായ ഭാര്യ വിനി രാമന്‍. രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനോടൊപ്പം കളി കാണാനെത്തിയ വിനിക്ക് സന്തോഷവും സങ്കടവും ഒരുപോലെ നല്‍കുന്നതായിരുന്നു ആ ഇന്നിങ്‌സ്. മാക്‌സ്‌വെല്ലിന്റെ അവസാന സിക്‌സ് ഗാലറിയിലേക്ക് പറന്നപ്പോള്‍ വിനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതും അങ്ങനെയാണ്.' ഓള്‍ ദ ഇമോഷന്‍സ്'.
മാക്‌സ്‌വെല്ലിന്റെ പോരാട്ടവീര്യത്തിന് ജീവിതത്തില്‍ ആദ്യമായിട്ടല്ല വിനി സാക്ഷിയാകുന്നത്. വാംഖഡെ സ്‌റ്റേഡിയത്തിലെ ഗാലറിയിലേക്ക് പറന്ന പന്തുകള്‍ക്കൊപ്പം നാല് വര്‍ഷം മുമ്പ് വിഷാദരോഗത്തിലേക്ക് വീണുപോയ മാക്‌സ്‌വെല്ലിന്റെ മുഖം വിനിയുടെ മനസില്‍ തെളിഞ്ഞിട്ടുണ്ടാകണം. പാതിവഴിയില്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് തിരിച്ചുനടന്ന മാക്‌സിയുടെ കൈപിടിച്ച് വീണ്ടും ഗ്രൗണ്ടിലേക്ക് നടത്തിയത് വിനി രാമനായിരുന്നു. മാക്‌സിയുടെ മുഖത്ത് സന്തോഷം തിരിച്ചെത്തിയ നാളുകളായിരുന്നു അത്. എന്നാല്‍ അടുത്ത പരീക്ഷണം അധികംവൈകാതെ അവരെ തേടിയെത്തി. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടയില്‍ ഗര്‍ഭം അലസിപ്പോയത് വിനിയേക്കാള്‍ കൂടുതല്‍ തളര്‍ത്തിയത് മാക്‌സ്‌വെല്ലിനെയായിരുന്നു. എന്നാല്‍ അവിടേയും ഭര്‍ത്താവിനൊപ്പം വിനി മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുത്തു. ഒരറ്റത്ത് നിന്ന് സങ്കടങ്ങളേയും നിരാശയേയും പ്രതിരോധിച്ച് മാക്‌സിയുടെ ജീവിതം സെഞ്ചുറിയിലെത്തിച്ചു.
Content Highlights: glenn maxwell and vini raman love story