വെളുത്ത മെലിഞ്ഞ നടിമാർക്കിടയിൽ അത്‌ലറ്റിക് ബോഡി ട്രെൻഡ് കൊണ്ടുവന്നത് ഞാൻ : ബിപാഷ ബസു

രണ്ടായിരങ്ങളുടെ തുടക്കത്തിൽ ബോളിവുഡിലെ നായിക സങ്കൽപ്പങ്ങളെയാകെ തിരുത്തിക്കുറിച്ചതായിരുന്നു ബിപാഷ ബസുവിന്റെ വരവ്. വെളുത്തു മെലിഞ്ഞ നായികമാർക്കിടയിൽ, ഉയരവും തവിട്ടുനിറവും മസിലുകളുമുള്ള അത്‌ലറ്റിക് ശരീരപ്രകൃതിയുമായി എത്തിയ ബിപാഷ ഒരു തലമുറയുടെ തന്നെ ഫിറ്റ്‌നസ് ഐക്കണായി മാറി. എന്നാൽ, മസിലുകളുള്ള അല്ലെങ്കിൽ കൂടുതൽ പേശീബലമുള്ള സ്ത്രീകൾക്ക് അന്നത്തെ സിനിമയിൽ വലിയ അംഗീകാരം ലഭിച്ചിരുന്നില്ലെന്ന് തുറന്നുപറയുകയാണ് താരം.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ്, ബോളിവുഡിൽ വ്യായാമത്തിലൂടെയും കായികക്ഷമതയിലൂടെയും സ്ത്രീ സൗന്ദര്യത്തെ പുനർനിർവചിച്ച ആ പഴയ കാലത്തെക്കുറിച്ചും, അത് ഇൻഡസ്ട്രിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും ബിപാഷ മനസ്സ് തുറന്നത്.
'ആ കാലഘട്ടത്തിൽ നായികമാർ എന്നാൽ അതീവ സുന്ദരിമാരും, വെളുത്ത നിറമുള്ളവരും, ശാലീന ലുക്കുള്ളവരുമായിരുന്നു. എന്നാൽ അവർക്കിടയിലേക്ക് വ്യത്യസ്തമായ ഒരു ശരീരപ്രകൃതിയോടെയാണ് ഞാൻ വന്നത്. അക്കാലത്ത് പേശീബലമുള്ള അഥവാ മസിലുകളുള്ള സ്ത്രീകൾക്ക് അഭിനയരംഗത്ത് വലിയ സ്വീകാര്യതയുണ്ടായിരുന്നില്ല. എന്നാൽ, ആ ട്രെൻഡ് മാറ്റിയെഴുതിയതും തുടക്കമിട്ടതും ഞാനാണെന്ന് ഞാൻ വിശ്വസിക്കുന്നു. 'നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കൂ' എന്ന ആശയം എല്ലാവരിലേക്കും പ്രചരിപ്പിക്കാൻ ഞാൻ അന്ന് ശ്രമിച്ചു. കാരണം സൗന്ദര്യം എന്നത് കേവലം ബാഹ്യമായ ലുക്കിൽ മാത്രമല്ല, അതിനേക്കാൾ പ്രധാനം ആന്തരികമായ ആരോഗ്യത്തിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നുവെന്നും ബിപാഷ പറഞ്ഞു. താൻ തുടക്കമിട്ട ഈ തരംഗം പിന്നീട് നിരവധി സ്ത്രീകളെ കൃത്യമായി വ്യായാമം ചെയ്യാനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും പ്രേരിപ്പിച്ചു. എന്നാൽ, ഇന്ന് ആളുകൾ വ്യായാമം ചെയ്യുന്നത് യഥാർത്ഥ ആരോഗ്യത്തോടുള്ള പ്രതിബദ്ധത കൊണ്ടോ അതോ പുറമെ കാണുന്ന ഭംഗിക്ക് വേണ്ടി മാത്രമാണോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും ബിപാഷ കൂട്ടിച്ചേർത്തു.
പ്രായം കൂടുന്നത് കുറ്റമല്ല
സ്ത്രീകൾ പ്രായമാകുന്നതിനെ സമൂഹം കാണുന്ന രീതിയെക്കുറിച്ചും, സിനിമാ മേഖലയിലുള്ളവർ നേരിടുന്ന സമ്മർദ്ദങ്ങളെക്കുറിച്ചും ബിപാഷ ദീർഘമായി സംസാരിച്ചു. സൗന്ദര്യലോകത്ത് പ്രായമാകുന്നത് വലിയൊരു കുറ്റമായിട്ടാണ് പലരും കാണുന്നതെന്ന് താരം പറഞ്ഞു.
'പ്രായം കൂടുക എന്നത് എന്തോ വലിയ അപരാധം പോലെയാണ് പലരും കാണുന്നത്. എന്നാൽ ഇരുപതുകളിലുണ്ടായിരുന്ന ബിപാഷയേക്കാൾ ഞാൻ ഇന്ന് ഏറെ ഇഷ്ടപ്പെടുന്നത് ഇപ്പോഴത്തെ എന്നെ തന്നെയാണ്. മറ്റുള്ളവർ എന്താണ് ചെയ്യുന്നത് എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്, അതിൽ ഞാൻ ആരെയും വിധിക്കുന്നില്ല. എന്നാൽ പ്രായത്തേക്കാൾ ചെറുപ്പമായി കാണപ്പെടണം എന്ന തരത്തിലുള്ള യാതൊരുവിധ സമ്മർദ്ദങ്ങൾക്കും വഴങ്ങാൻ ഞാൻ തയ്യാറല്ല. പ്രായമാകുന്ന ഈ ഘട്ടത്തെ ഞാൻ തികച്ചും സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. എന്റെ പ്രായത്തിൽ ഞാൻ ഏറെ അഭിമാനിക്കുകയും ചെയ്യുന്നു,' ബിപാഷ തന്റെ നിലപാട് വ്യക്തമാക്കി.
മൃണാളിന്റെ വിവാദ പരാമർശം
ബിപാഷ ബസുവിന്റെ ശരീരപ്രകൃതിയെക്കുറിച്ചുള്ള ചർച്ചകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരുന്നു. നടി മൃണാൾ ഠാക്കൂർ വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പ് പ്രചരിച്ചതായിരുന്നു ഇതിന് കാരണം.
ടെലിവിഷൻ സീരിയലായ 'കുംകും ഭാഗ്യ'യിൽ അഭിനയിച്ചിരുന്ന കാലത്ത്, സഹനടൻ അരിജിത് തനേജയുമായി സംസാരിക്കവെയാണ് മൃണാൾ വിവാദ പരാമർശം നടത്തിയത്. ജീവിതപങ്കാളിയുടെ ശരീരപ്രകൃതിയെക്കുറിച്ച് സംസാരിക്കവേ, 'മസിലുകളുള്ള ഒരു ആണിനെപ്പോലെയുള്ള പെണ്ണിനെയാണോ നിനക്ക് കല്യാണം കഴിക്കേണ്ടത്? എങ്കിൽ പോയി ബിപാഷയെ കല്യാണം കഴിക്കൂ. ബിപാഷയേക്കാൾ എത്രയോ ഭേദമാണ് ഞാൻ' എന്ന് മൃണാൾ തമാശ രൂപേണ പറയുന്നതായിരുന്നു ആ വീഡിയോ.
വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബർ വിമർശനങ്ങളാണ് മൃണാൾ ഠാക്കൂർ നേരിട്ടത്. ബോഡി ഷെയ്മിംഗിനെതിരെയും സ്ത്രീകളുടെ ആരോഗ്യകരമായ ശരീരപ്രകൃതിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. വിമർശനങ്ങൾ കടുത്തതോടെ, താൻ അന്ന് നടത്തിയ പരാമർശത്തിൽ ഖേദം പ്രകദിപ്പിച്ചുകൊണ്ട് മൃണാൾ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി മാപ്പുപറയുകയും ചെയ്തിരുന്നു.
കേവലം ഒരു നടി എന്നതിലുപരി, ഇന്ത്യയിൽ ഒരു ഫിറ്റ്‌നസ് ഐക്കൺ ആയി വളർന്ന വ്യക്തിത്വമാണ് ബിപാഷ ബസുവിന്റേത്. തന്റേതായ ഫിറ്റ്‌നസ് ഡിവിഡികളും വർക്കൗട്ട് വീഡിയോകളും പുറത്തിറക്കി, സാധാരണക്കാരായ സ്ത്രീകൾക്കിടയിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിൽ ബിപാഷ വഹിച്ച പങ്കു ചെറുതല്ല.
Content Highlights: Bipasha Basu pioneered the athletic body trend in Bollywood during the early 2000s., She addressed past industry resistance to muscular or toned female physiques., Bipasha embraced aging gracefully, rejecting pressures to look younger., Recent controversies involving Mrunal Thakur's past comments on Bipasha sparked social media debates on body shaming.