പാപ്പരാണ്, പക്ഷേ കൈയിലുള്ളത് 40 ലക്ഷത്തിന്റെ മുതൽ; ചർച്ചയായി വിജയ് മല്യയുടെ ആഡംബര വാച്ച്

യൂട്യൂബര്‍ രാജ് ശമാനിക്കൊപ്പമുള്ള നാല് മണിക്കൂറിലേറെ നീണ്ട പോഡ്കാസ്റ്റിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് വ്യവസായി വിജയ് മല്യ. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള 9,000 കോടി രൂപയോളം വായ്പാതുക തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്യ, ഇക്കാര്യങ്ങളെ കുറിച്ചെല്ലാം തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പോഡ്കാസ്റ്റില്‍ പറയുന്നുണ്ട്. പോഡ്കാസ്റ്റിനായി എത്തിയ മല്യയുടെ വേഷവിധാനങ്ങളും ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. പാപ്പരായ വിജയ് മല്യ പോഡ്കാസ്റ്റിനെത്തിയപ്പോള്‍ ധരിച്ച ആഡംബര വാച്ചാണ് സാമൂഹികമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം.
ഹബ്‌ലോട്ടിന്റെ കിങ് പവര്‍ എഫ് 1 ഇന്ത്യ എന്ന മോഡല്‍ വാച്ചാണ് മല്യ ധരിച്ചത്. ഫോര്‍മുല വണ്ണിന്റെ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് ആഘോഷിക്കാനായി ഹബ്‌ലോട്ട് അവതരിപ്പിച്ച ലിമിറ്റഡ് എഡിഷന്‍ വാച്ചാണ് ഇത്. കമ്പനി ആകെയുണ്ടാക്കിയ 200 വാച്ചുകളിലൊന്നാണ് വിജയ് മല്യയുടെ കൈത്തണ്ടയിലുള്ള ഈ റോസ് ഗോള്‍ഡ് നിറമുള്ള വാച്ച്. 47,400 ഡോളര്‍ (ഏകദേശം 40,66,000 ഇന്ത്യന്‍ രൂപ) ആണ് വാച്ചിന്റെ വില.
ഹബ്‌ലോട്ടിന്റെ സവിശേഷമായ റെഡ്-ഗോള്‍ഡ് അലോയ് ഡിസൈനിലുള്ള വാച്ച് 18 കാരറ്റ് കിങ് ഗോള്‍ഡ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കമ്പനി സ്വന്തമായി നിര്‍മ്മിച്ച ലോഹസങ്കരം (അലോയ്) ആണ് കിങ് ഗോള്‍ഡ്. സാധാരണ 18 കാരറ്റ് സ്വര്‍ണത്തേക്കാള്‍ തിളക്കമാര്‍ന്ന ഡീപ് റെഡ് നിറം ലഭിക്കാനായി പ്ലാറ്റിനം ചേര്‍ത്താണ് ഇത് നിര്‍മ്മിക്കുന്നത്. ഓക്‌സീകരണത്തിനെതിരെ ഉയര്‍ന്ന പ്രതിരോധമുള്ളതിനാല്‍ ദീര്‍ഘകാലം തിളക്കം നിലനിര്‍ത്താന്‍ കിങ് ഗോള്‍ഡിന് സാധിക്കും.
ദൃഢമായ 48 മില്ലിമീറ്റര്‍ കെയ്‌സും കറുത്തനിറത്തിലുള്ള ഡയലുമാണ് വാച്ചിനുള്ളത്. കറുത്ത റബ്ബറും നോമെക്‌സും കൊണ്ടാണ് സ്ട്രാപ്പ് നിര്‍മ്മിച്ചത്. തീനാളങ്ങളെ പ്രതിരോധിക്കുന്ന പ്രത്യേകതരം ഫൈബറാണ് നോമെക്‌സ്. ഹബ്‌ലോട്ടിന്റെ ഓട്ടോമാറ്റിക് എച്ച്‌യുബി 4100 എന്ന സെല്‍ഫ് വൈന്‍ഡിങ് ക്രോണോഗ്രാഫാണ് വാച്ചിന് കരുത്തേകുന്നത്. സമയത്തിനൊപ്പം തിയ്യതിയും വാച്ചില്‍ ദൃശ്യമാകും. 100 മീറ്റര്‍ വാട്ടര്‍ റെസിസ്റ്റന്റാണ് വാച്ച്.
Content Highlights: Vijay Mallya Flaunts Rs 40 Lakh Limited Edition Watch On Raj Shamani's Podcast