12000 ക്രിസ്റ്റലുകള്‍ പിടിപ്പിച്ച 4 ലക്ഷം രൂപയുടെ ഷൂ, ട്യൂലെ ഗൗണില്‍ സിന്‍ഡ്രല്ലയെപ്പോലെ രാധിക

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനൊരുങ്ങി അംബാനിയുടെ മുംബൈയിലെ വസതിയായ അന്‍ഡിലിയ. വിവാഘോഷങ്ങള്‍ ജൂണ്‍ 29-ന് ആരംഭിക്കും. അന്‍ഡിലിയയില്‍ പ്രത്യേക പൂജ നടത്തിയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുകയെന്ന് അംബാനിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് വിവരം. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരായ അബൂജാനിയും സന്ദീപ് ഖോശ്ലയുമാണ് ആനന്ദിന്റേയും രാധികയുടേയും വിവാഹ ഔട്ട്ഫിറ്റുകള്‍ തയ്യാറാക്കുന്നത്. ഇരുവരേയും സ്റ്റൈല്‍ ചെയ്യുന്നത് ഫാഷന്‍ സ്റ്റൈലിസ്റ്റുകളായ ഷലീന നതാനിയും റിയ കപൂറുമാണ്. ആഡംബര കപ്പലില്‍ നടന്ന പ്രീ വെഡ്ഡിങ് ആഘോഷത്തിലും ഷലീനയും റിയയുമായിരുന്നു ആനന്ദിനേയും രാധികയേയും ഒരുക്കിയത്. ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകളും നടി സോനം കപൂറിന്റെ സഹോദരിയുമാണ് റിയ.
ജൂലൈ 12-ന് മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം. മൂന്ന് ദിവസം ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. ശുഭ് വിവാഹ്, ശുഭ് ആശിര്‍വാദ്, മംഗള്‍ ഉത്സവ് എന്നിങ്ങനെയാണ് ചടങ്ങുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
അതേസമയം ആഡംബര കപ്പലില്‍ നടന്ന പ്രീ വെഡ്ഡിങ് ആഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. വ്യത്യസ്തമായ ഔട്ട്ഫിറ്റുകള്‍ ധരിച്ചുനില്‍ക്കുന്ന രാധികയുടെ ചിത്രങ്ങളാണ് റിയ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പ്രശസ്ത ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ബല്‍മെയ്‌ന്റെ ഗൗണ്‍ ധരിച്ചുനില്‍ക്കുന്നതാണ് ഒരു ചിത്രത്തിലുള്ളത്. ചുവപ്പ് നിറത്തിലുള്ള ഈ സ്ലീവ്‌ലെസ് ഗൗണിന്റെ വില ഏകദേശം അഞ്ച് ലക്ഷം രൂപയാണ്.
ആഡംബര ബ്രാന്‍ഡായ ലെവര്‍ കൊറ്റിയൂറിന്റെ, ട്യൂലെ ഫാബ്രിക്കിലുള്ള ഗൗണിലും അതിസുന്ദരിയായിരുന്നു രാധിക. ഇളം ലാവന്‍ഡര്‍ നിറത്തിലുള്ള ഈ ഗൗണിനൊപ്പം ഡയമണ്ടിലുള്ള ഇയര്‍ കഫും ക്രിസ്റ്റല്‍ ഷൂവും ചേര്‍ന്നതോടെ രാധികയുടെ 'സിന്‍ഡ്രല്ല' ലുക്ക് പൂര്‍ണമായി. ആഡംബര ബ്രാന്ഡഡായ ജിമ്മി ചൂവിന്റെ ഷൂ 12000 ക്രിസ്റ്റലുകള്‍ കൊണ്ടുണ്ടാക്കിയതാണ്. ഒമ്പത് വ്യത്യസ്ത രീതികളിലായാണ് ഈ ക്രിസ്റ്റലുകള്‍ കൈ കൊണ്ട് ഷൂവില്‍ ക്രമീകരിച്ചത്. ഇതിന് ഏകദേശം നാല് ലക്ഷത്തോളം രൂപ വില വരും.
വിന്റേജ് റെഡ് ക്രൂയിസ് ലുക്കിലുള്ള രാധികയുടെ ചിത്രങ്ങളാണ് ഷലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വെള്ള നിറത്തിലുള്ള സ്‌ട്രൈപ്പുകളുള്ള ചുവപ്പ് ടോപ്പും കടുംനീല നിറത്തിലുള്ള ജീന്‍സുമാണ് രാധിക ധരിച്ചിരിക്കുന്നത്. ഷോള്‍ഡറിന് തൊട്ടടുത്തായി ഗോള്‍ഡന്‍ ഹൂപ്പുകളുള്ള ടോപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ബല്‍മെയ്‌നാണ്. സാന്‍ഡ്രോ പാരീസിന്റേതാണ് ജീന്‍സ്. പ്രാദ്വായുടെ ഷൂ കൂടിയായതോടെ വിന്റേജ് ലുക്ക് പൂര്‍ണമായി.
Content Highlights: radhika merchant and anant ambani pre wedding celebration look