ആ കുഞ്ഞിനെ വേസ്റ്റിനൊപ്പം കുഴിച്ചിടുമ്പോൾ അനക്കം; ഇങ്ങനെ സാക്ഷ്യംവഹിച്ച ഇരുപതോളം 'കൊലപാതകങ്ങൾ'

മറുപുറം
#ജസീന റഹീം
ജസീന റഹീം
ജസീന റഹീം

രുപതോളം കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ആളാണ് ഞാന്‍. കുത്തിയും തുളച്ചും ഇളക്കിവിട്ട രക്തത്തുള്ളികള്‍ തെറിച്ച് വീണ എന്റെ കൈപ്പത്തികള്‍ ഓര്‍മകളുടെ ശ്മശാനത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വന്ന്, പാമ്പിനെ പോലെ പത്തിവിടര്‍ത്തിയാടി  എത്രയോ പ്രാവശ്യം എന്നെ ആഞ്ഞ് കൊത്തിയിട്ടുണ്ട്. കൊത്തിയരിഞ്ഞിട്ട തലച്ചോറും കൈകളും കാലുകളുമൊക്കെ ഒരു പുകച്ചുരുളായി വളഞ്ഞു പുളഞ്ഞ് വന്ന് താഴേയ്ക്കും മേലേയ്ക്കും എന്നെ എറിഞ്ഞു  കളിച്ച് എത്രയോ പ്രാവശ്യം വിചാരണ ചെയ്തിട്ടുണ്ട്. ഹൃദയം നടുക്കുന്ന ആ സംഭവങ്ങള്‍ നടന്നത് എനിക്ക് പതിനാറ് വയസ്സുള്ളപ്പോഴാണ്. ഒരു ഉറുമ്പിനെ പോലും കൊല്ലാന്‍ കെല്പില്ലാതിരുന്ന ഞാന്‍ രക്തക്കട്ടകളുടെ നടുക്ക്, തണുത്ത് വിറങ്ങിലിച്ചിരുന്നതും മുഖമില്ലാത്ത ഉടലുകള്‍ രക്തക്കഷ്ണങ്ങളായി ദേഹമാകെ പറ്റിപ്പിടിച്ചിരുന്നതും, ആ ഭാരവും ചുമന്ന്  വീട്ടിലേക്ക് വാടിത്തളര്‍ന്നെത്തിയതും. ശരീരത്തില്‍ പറ്റിപ്പിടിച്ചിരുന്ന രക്തത്തുള്ളികള്‍ കണ്ട്  എന്നെ വീടിനകത്തേക്ക് കയറ്റാതിരുന്നതും, ലൈഫ്‌ബോയ് സോപ്പിട്ട് തേച്ച് കുളിച്ച് രക്തപ്പാടുകള്‍ കഴുകിക്കളഞ്ഞെന്ന് ഉറപ്പ് വരുത്തിയിട്ട്  വീട്ടിലേക്ക് കയറാന്‍ അനുവദിച്ചതുമൊക്കെ ഇന്നലെ നടന്ന സംഭവങ്ങള്‍ പോലെ എന്റെ മനസില്‍ ഒരു നടുക്കമായ് ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

ഞാന്‍ പ്രീഡിഗ്രി പാസ്സായി നില്‍ക്കുന്ന കാലം. ഇനിയെന്ത് പഠിക്കണം, എവിടെ പഠിക്കണം എങ്ങനെ പഠിക്കണം എന്നതിനെക്കുറിച്ചൊന്നും കൃത്യമായ ധാരണയില്ലാതെ, ദിവസങ്ങള്‍ കടന്നു പോയിക്കൊണ്ടിരിക്കുമ്പോഴാണ് നഴ്‌സിങ്ങോ ഫാര്‍മസിയോ പഠിപ്പിക്കാം എന്നൊരു ചിന്ത ഉമ്മിച്ചയില്‍ ഉടലെടുക്കുകയും എനിക്കും ആ മേഖലയിലൊരു താത്പര്യം തോന്നുകയും ചെയ്തത്. എന്നാല്‍, ആ കോഴ്‌സുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്ന് വളരെയേറെ പണം ആവശ്യമായി വരുമെന്നറിഞ്ഞ് മറ്റെന്തെങ്കിലും പഠിക്കാം എന്ന തീരുമാനത്തില്‍ എത്തിയെങ്കിലും അപ്പോഴേക്കും കോളേജുകളിലൊക്കെ അഡ്മിഷനെടുക്കാനുള്ള സമയം കഴിഞ്ഞുപോയിരുന്നു. അതുകൊണ്ടുതന്നെ ഒരു വര്‍ഷം മറ്റെന്തിനെങ്കിലും വേണ്ടി ചെലവഴിക്കാം എന്ന തീരുമാനമെടുത്ത് നഗരത്തിലുള്ള ആശുപത്രിയിലേക്ക് ഒരു വര്‍ഷ നഴ്‌സിങ് പഠനത്തിനായി ഞാന്‍ പോയിത്തുടങ്ങി.

Content Highlights: nurse, hospital, life, death, abortion, pregnancy, decision, medical, experience, story, india

Continue reading