അയാളുടെ ഡാന്‍സിനിടെ മടിയിലെ വെള്ളിത്തിളക്കം ഒന്നനങ്ങി, പിന്നെ ഇഴഞ്ഞ് ആള്‍ക്കൂട്ടത്തിലേക്ക് പോയി

മറുപുറം
#ജസീന റഹീം
ജസീന, റഹീന  , റാഫി , റസ്നി
ജസീന, റഹീന , റാഫി , റസ്നി

'അവക്കെന്താ ആവാത്തെ'?. 
ക്ലാസിലാകെ അടക്കംപറച്ചില്‍ കുശുകുശുപ്പ്. പത്തിലെത്തിയിട്ടും വയസ്സറിയിക്കാത്ത പെണ്ണിനെ ചുറ്റിപ്പറ്റി വീട്ടിലും നാട്ടിലും സ്‌കൂളിലുമൊക്കെ പല സംസാരങ്ങളുമുണ്ടായി. മാലോകരുടെ അടക്കംപറച്ചിലില്‍ പെണ്ണ് മച്ചിയായിപ്പോകുമോ എന്ന സംശയം നിഴലിച്ച് നിന്നു.'നീണ്ടുനീണ്ട് കൊന്നത്തെങ്ങ് പോലെ മോളോട്ട് പോവ്വാന്നല്ലോ, എന്നിട്ടും ആവാത്തതെന്ത്? ഇങ്ങനെയൊക്കെയുള്ള കുനിഷ്ട് ചോദ്യങ്ങള്‍ കേട്ട് മടുത്ത് വീടിന്റെ പടിഞ്ഞാറേ വശത്തുള്ള തോട്ടിലേക്ക് എടുത്ത് ചാടിയാലോ എന്ന് പോലും എനിക്ക് തോന്നി. മാസം തോറും ഗര്‍ഭപാത്രത്തില്‍ അണ്ഡമെന്ന മുട്ട ഉത്പാദിപ്പിക്കപ്പെടും എന്ന് ബയോളജി ക്ലാസില്‍ എട്ടാം ക്ലാസ് മുതല്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. വീട്ടില്‍ ഉമ്മിച്ചയും കൂട്ടുകാരികളും കൂടിയിരുന്ന് സൊറ പറഞ്ഞ് കൊണ്ടിരുന്ന ഒരു വൈകുന്നേരത്ത് പെണ്‍മുട്ടയും ആണ്‍മുട്ടയും സംയോജിച്ചാണ് പ്രത്യുല്‍പാദനം നടക്കുന്നതെന്ന് ഒരു പ്രാസംഗികയുടെ മട്ടില്‍ ഞാന്‍ പറയുകയുണ്ടായി. അതിന്റെ പ്രത്യാഘാതം വലുതായിരുന്നു. കൊച്ച് വായില്‍ വലിയ വര്‍ത്തമാനം പറയുന്നേന് നിന്റെ ചുണ്ടില്‍ കാന്താരി മുളക് തേക്കുമെന്ന് പറഞ്ഞ് ഉമ്മിച്ച എന്നെ ഭീഷണിപ്പെടുത്തുകയും അത് കേട്ടിരുന്ന ബാക്കി പെണ്ണുങ്ങള്‍ 'ദുനിയാവിന്റെയൊരു പോക്കേ, എന്തൊക്കെ കേക്കണം. ഇതൊക്കെ ലോകാവസാനത്തിന്റെ ലക്ഷണവാന്ന് 'മുക്കത്ത് വിരല്‍വെച്ച് അതിശയോക്തി കലര്‍ത്തി പറയുകയും ചെയ്തതോടെ എന്റെ ആത്മവിശ്വാസം കുറഞ്ഞു. മുതിര്‍ന്ന് വരുംതോറും ശരീരത്തുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചൊക്കെ പിന്നീടെനിക്ക്  പല സംശയങ്ങളുണ്ടായിരുന്നെങ്കിലും കത്തി നീറുന്ന എരിവ് പേടിച്ച് എല്ലാം ഉള്ളിലൊതുക്കി ഞാന്‍ നടന്നു. 'എന്റെ മോക്ക് പതിമൂന്ന് തെകയുന്നേന് മുമ്പായി, നിന്റെ മോളേ ആയുര്‍വേദാശുപത്രീ കൊണ്ടുപോയി കാണിക്ക് വേഗമാവും'. എരിതീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ അപരന്റെ ആകുലതകളില്‍ സായൂജ്യം പൂണ്ടുള്ള  അയല്‍ക്കാരിയുടെ വാക്കുകള്‍ കേട്ട് ഉമ്മിച്ച താടിക്ക് കൈയും കൊടുത്തിരിക്കുന്നത് കണ്ടപ്പോള്‍ എനിക്കറിയാവുന്ന ശരീരശാസ്ത്രത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലിക്കണമെന്ന് തോന്നിയെങ്കിലും മുന്‍കാല അനുഭവങ്ങള്‍ ഓര്‍മയിലേക്ക് വന്നപ്പോള്‍ എന്റെ ധൈര്യം ചോര്‍ന്നുപോയി. 

വയസ്സറിയിക്കാത്തതിലുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചുള്ള മനുഷ്യരുടെ മുള്ളും മുനയും വെച്ച ചോദ്യങ്ങളും ക്ലാസിലെ അടക്കിപ്പിടിച്ച സംസാരങ്ങളുമൊക്കെ വല്ലാത്ത തൊല്ലയായപ്പോള്‍ ആയോ'? എന്ന ചോദ്യത്തിന് 'ആയി' എന്ന് ഞാന്‍ ഉത്തരം പറഞ്ഞ് തുടങ്ങി. ആകാഞ്ഞിട്ടും ആയി എന്നുള്ള മറുപടി അവിശ്വസനീയതയോടെ എല്ലാവരും കേട്ടിരുന്നു. പക്ഷേ, അത് സാധൂകരിക്കാനുള്ള തെളിവുകള്‍ പലരും ആവശ്യപ്പെട്ടതോടെ ഞാനാകെ പരുങ്ങലിലായി. സാധാരണ ഗതിയില്‍ ഏഴ് ദിവസം വീട്ടിലിരുന്ന് എണ്ണപ്പലഹാരങ്ങള്‍ തിന്ന് മിനുങ്ങിയ കവിളുമായി ക്ലാസിലേക്കെത്തെത്തുന്ന കുട്ടികളുടെ ദേഹത്ത് പൊന്നിന്റെ മിനുക്കമുണ്ടാവും. ഒറ്റനോട്ടത്തില്‍ തന്നെ പെണ്‍കുട്ടികളിലെ മാറ്റം ആണ്‍കുട്ടികള്‍ക്ക് പോലും മനസ്സിലാകുമായിരുന്നു. ഒരു ക്ലാസ് പോലും നഷ്ടപ്പെടാത്ത പത്താം ക്ലാസ് ദിവസങ്ങളില്‍ എപ്പോള്‍ 'ആയി ' എന്ന ചോദ്യമുടലെടുക്കുകയും അതിനെ ചുറ്റിപ്പറ്റി ക്ലാസിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. പുതിയ സംഭവവികാസങ്ങളോരോന്നും മനസ്സിലാക്കിയെങ്കിലും യാതൊന്നും അറിയാത്ത ഭാവത്തില്‍ ഞാന്‍ നടന്നു.

Content Highlights: Jasina Raheem shares her incredible story of balancing pregnancy, motherhood, and a pharmacy degree

Continue reading