കറുപ്പ് കിട്ടാതെ ഉമ്മുമ്മ ബഹളവും ഉപദ്രവവുമായി, ആ ഒന്‍പത് വയസുകാരന് എങ്ങോട്ടും ഓടിപ്പോകാനായില്ല

വിധിയുടെ സങ്കല്‍പവൈഭവത്താല്‍ മാറിപ്പോയ ജീവിതമായിരുന്നു എന്റെ പപ്പയുടേത്. ഒന്നര വയസില്‍ പപ്പയുടെ ഉമ്മ മരിച്ചതോടെ ഏറെക്കുറെ അനാഥമായ ജീവിതത്തില്‍ ഉമ്മുമ്മ (വാപ്പയുടെ ഉമ്മ) താങ്ങായെങ്കിലും മൂത്ത രണ്ട് സഹോദരന്‍മാരുള്‍പ്പെടെ മൂന്നുകുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന സാഹചര്യമില്ലാത്തതിനാല്‍ പപ്പ പൂര്‍ണമായും ഉമ്മുമ്മയുടെ സംരക്ഷണത്തിലും മൂത്ത സഹോദരന്‍മാര്‍ ബന്ധുവീടുകളിലായിട്ടും ഒക്കെയാണ് വളര്‍ന്നുവന്നത്. പപ്പയ്ക്ക് രണ്ടര വയസുള്ളപ്പോള്‍ പപ്പയുടെ വാപ്പ മറ്റൊരു വിഭാഗത്തില്‍പ്പെട്ട സ്ത്രീയുമായി അടുപ്പത്തിലാവുകയും അതിനെ തുടര്‍ന്ന് നാട്ടില്‍ പ്രശ്നങ്ങളാവുകയും ചെയ്തപ്പോള്‍ അവരുമായി ഒളിച്ചോടി ഏതോ മലമ്പ്രദേശത്ത് കുറച്ചുനാള്‍ താമസിക്കുകയും പിന്നീട് കുപ്പായമിട്ട് ഇസ്ലാം മതം സ്വീകരിപ്പിച്ച് അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും ചെയ്തു. അങ്ങനെ പപ്പയ്ക്ക് ഇളയവരായി മൂന്ന് സഹോദരങ്ങള്‍ കൂടി പിറന്നു.
രണ്ടാനമ്മ എന്ന പേരിനെ ഏതര്‍ത്ഥത്തിലും അന്വര്‍ത്ഥമാക്കുംവിധം ജീവിതം കൂടുതല്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞതായതോടെ എട്ടോ ഒന്‍പതോ വയസുമുതലേ കശാപ്പുശാലയിലും മറ്റും പപ്പ ജോലിക്ക് പോയിത്തുടങ്ങി. ഏക ആശ്രയമായിരുന്ന പപ്പയുടെ ഉമ്മുമ്മ കാര്‍ക്കശ്യം നിറഞ്ഞ സ്ത്രീയായിരുന്നു. വിമ്മിട്ടം മാറാനായി എല്ലാ രാത്രികളിലും സ്ഥിരമായി അവര്‍ കറുപ്പ് എന്ന ലഹരിപദാര്‍ത്ഥം ഉപയോഗിച്ചിരുന്നു. ജോലി ചെയ്ത് കിട്ടുന്ന പൈസയ്ക്ക് എല്ലാ വൈകുന്നേരങ്ങളിലും ഉമ്മുമ്മയ്ക്ക് കറുപ്പ് വാങ്ങിക്കൊണ്ട് വരണമെന്ന നിബന്ധന പപ്പയുടെ ജീവിതത്തെ കൂടുതല്‍ കഠിനമാക്കി. കറുപ്പില്ലാതെ വീട്ടിലെത്തുന്ന ദിവസങ്ങളില്‍ അവര്‍ വല്ലാതെ ബഹളംവെക്കുകയും ശരീരോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. മറ്റെങ്ങോട്ടും ഓടിപ്പോകാന്‍ കഴിയാതെ ഒന്‍പത് വയസുകാരന്‍ ഇരുട്ടിലേക്ക് നോക്കി പകച്ചിരുന്ന രാത്രികളില്‍ ചന്ദ്രന്റെ മേലാപ്പിന് കീഴില്‍ ഓര്‍മയിലില്ലാത്ത ഉമ്മയുടെ മുഖം ആശ്വാസവാക്കുകളുമായി തെളിഞ്ഞ് വന്നു.
Content Highlights: jaseena rahim writes about her fathers job and first harassment