'ചിക്കന്‍ കറി ചപ്പാത്തിയിലേക്ക് ഒഴിച്ചുകൊണ്ടിരുന്ന ഭര്‍ത്താവ് അവളെ ആട്ടിപ്പായിച്ചു'

മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും ബാംഗ്ലൂര്‍യാത്ര പതിവായ നാളുകളൊന്നില്‍ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നും മൈസൂര്‍ കൊച്ചുവേളി എക്‌സ്പ്രസില്‍ നാട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ സ്ലീപ്പര്‍ കോച്ചില്‍ നല്ല തിരക്കുണ്ടായിരുന്നു. യാത്രക്കാരിലധികവും ഗ്രാമീണരായിരുന്നു . മിക്കവരും ജനറല്‍ ടിക്കറ്റുകാരാണ്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര ആള്‍ക്കാര്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നത് കൊണ്ട് സ്ലീപ്പറിലും യാത്ര അനുവദിച്ച് കൊടുക്കുന്നത് കൊണ്ടാവാം കുപ്പം സ്റ്റേഷന്‍ വരെ കാര്യമായ ടിക്കറ്റ് പരിശോധനകള്‍ നടക്കാറില്ല. കുറച്ച് മനുഷ്യര്‍ ഒരൊറ്റ വേഗതയില്‍ സഞ്ചരിച്ച് കൊണ്ടിരുന്ന ആ വൈകുന്നേരയാത്രയില്‍ ചുറ്റിനും നിന്നുയര്‍ന്ന തനി നാടന്‍ പെണ്ണുങ്ങളുടെ കന്നടപ്പേച്ചുകളും എണ്ണമിനുപ്പുള്ള മുടിയില്‍ ചുറ്റിക്കെട്ടി വെച്ചിരുന്ന കനകാംബരത്തിന്റെയും മുല്ലപ്പൂക്കളുടേയും വാടിയ മണവും റിസര്‍വേഷന്‍ ടിക്കറ്റ് കയ്യടക്കിയിരിക്കുന്ന കന്നടക്കാരോട് മലയാളത്തില്‍ തര്‍ക്കിക്കുന്ന ഏതോ മലയാളിയുടെ ഉച്ചത്തിലുള്ളശബ്ദവും ട്രെയിനിന്റെ കട കട താളവും.
ഇയര്‍ഫോണില്ലാതെ യാത്രക്കാരിലാരോ ഒരാള്‍ കേട്ട് കൊണ്ടിരുന്ന തമിഴ് പാട്ടുമൊക്കെ കണ്ടും കേട്ടുമിരിക്കുമ്പോള്‍ ഓരോ കമ്പാര്‍ട്ട്‌മെന്റുകളും ഒരോ ലോകമാണന്നും തിങ്ങി ഞെരുങ്ങി നിന്നിട്ടും അളന്നുകുറിച്ച അകലങ്ങള്‍ക്കിടയിലാണ് ഒരോ മനുഷ്യരുമെന്നും തോന്നി. രാവിലെ മെട്രൊയില്‍ കെംപേഗൗഡേ സ്റ്റേഷന്‍ മജിസ്റ്റിക്കിലിറങ്ങുമ്പോള്‍ കണ്ട മലയാളി ദമ്പതികളെ തിരിച്ചുള്ള യാത്രയിലും കണ്ടപ്പോള്‍ ചെറുചിരിയില്‍ നാഴികകളുടെ പരിചയം പുതുക്കുകയും വെയിറ്റിങ്ങ് ലിസ്റ്റാണന്ന ആശങ്ക അവര്‍ പങ്കുവെക്കുകയും ചെയ്തു.
Content Highlights: jaseena rahim writes about her bangalore journey and her uncles memories