വെളുക്കാൻ നിർബന്ധിച്ചവരും കറുപ്പ് മതിയെന്ന് ഉപദേശിച്ചവരും; 'ഫെയറ'ല്ലാത്തത് ക്രീമോ മനോഭാവമോ?

സൗന്ദര്യം എന്നുപറയുന്നത് ഒരു വ്യക്തിയുടെ പുറംമോടിയിലല്ല അയാളുടെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും സ്വഭാവ സവിശേഷതകളിലാണെന്നുമെല്ലാം ഡിപ്ലോമാറ്റിക്കായി പറയുന്നവരാണ് നമ്മൾ. പക്ഷെ, കാര്യത്തോടടുക്കുമ്പോൾ കളി മാറും. സ്കൂളിലെ ഒപ്പനയിൽ മണവാട്ടിയാകുന്നത് മുതൽ സിനിമയിലെ നായികയാകണമെങ്കിൽവരെ തൊലി വെളുത്തിരിക്കണം എന്നുള്ളത് അലിഖിത നിയമം തന്നെയാണ്.
മില്ലേനിയൽസിനും ജെൻസിക്കുമെല്ലാം പെട്ടന്ന് കണക്ടാവുന്ന ഒരു സംഗതി പറയാം. പണ്ട് സ്കൂളിലെത്തുന്ന അതിഥികളെ വരവേൽക്കാൻ നല്ല നിറമുള്ള കുട്ടികളെ നോക്കി സെലക്ട് ചെയ്യുന്ന അധ്യാപകരെ ഓർമയില്ലേ. ഇരുണ്ട നിറം മറയ്ക്കേണ്ട ഒന്നാണെന്നും വെളുത്ത നിറം കൂടുതൽ സൗന്ദര്യവും അംഗീകാരവും നൽകുമെന്നും വിശ്വസിപ്പിക്കുന്ന ഒരു സാമൂഹിക ബോധം കുഞ്ഞുമനസ്സിലങ്ങ് കൊത്തിയിടുകയാണ്. നിറമില്ലെന്ന ആ അപകർഷത ഇന്ന് ഫെയർനെസ്സ് ക്രീമുകളിൽനിന്ന് ഗ്ലൂട്ടത്തയൺ കുത്തിവയ്പ്പുകളിലും സോഷ്യൽ മീഡിയയിലെ ഇൻസ്റ്റന്റ് വൈറ്റനിങ് ഉൽപ്പന്നങ്ങളിലും വരെ എത്തി.